മനാമ: കേരളത്തില്‍ കലാലയങ്ങളില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന മദ്യ, ലഹരിക്കെതിരെ ബോധവല്‍ക്കരണമെന്ന പേരില്‍ യാതൊരു ചര്‍ച്ചകളും സംഘടിപ്പിക്കാതെ സര്‍ക്കാര്‍ പാഠ്യ പദ്ധതിയിലൂടെ നടപ്പിലാക്കിയ സൂംബാാ നൃത്തത്തിന്റെ അശാസ്ത്രീയതയെക്കുറിച്ചു ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഏകാധിപത്യ സ്വഭാവത്തോടെ നടപ്പിലാക്കിയ പ്രതികാര നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചും വിസ്ഡം ബഹ്റൈന്‍ ചാപ്റ്റര്‍ സമൂഹത്തിലെ വിവിധ സാംസ്‌കാരിക വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രഭാതത്തില്‍ വിളിച്ചുകൂവി ലോകത്തെ ഉണര്‍ത്തുന്നു എന്ന കുറ്റത്തിന്റെ പേരില്‍ എല്ലാവരും കശാപ്പ് ചെയ്യുന്ന 'കോഴി' യുടെ ഗതിയാണ് മിക്കവാറും ധര്‍മ്മച്യുതിക്കെതിരെ പ്രസംഗിക്കുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഭരണകൂടം നടത്തുന്നതെന്ന് മുഖ്യ പ്രഭാഷകന്‍ വിസ്ഡം ബഹ്റൈന്‍ പ്രതിനിധി സജ്ജാദ് ബിന്‍ അബ്ദു റസാഖ് ഓര്‍മിപ്പിച്ചു.  

To advertise here,

സര്‍ക്കാര്‍ സംവിധാനങ്ങള്‍ യാതൊരു ചര്‍ച്ചയും കൂടാതെ അടിച്ചേല്‍പ്പിക്കുന്ന സാമൂഹ്യ വിപത്തുക്കളെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് അഷ്റഫ് മാഷിനെ പോലുള്ളവരെ സസ്പെന്റ് ചെയ്യുക എന്നത് അനുവദിച്ചുകൂടാത്തതാണെന്നു ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ ബിനു കുന്നന്താനം ഓര്‍മിപ്പിച്ചു. ബഹ്റൈന്‍ പോലുള്ള ഒരു കൊച്ചു രാജ്യത്ത് നമ്മുടെ നാടിന്റെ പൊതു നന്മയോര്‍ത്ത് ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ച വിസ്ഡം പ്രവര്‍ത്തകരെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കുന്നത് 'ലഹരിയില്‍ നിന്നും പുതുതലമുറയെ' വഴി തിരിച്ചു വിടാനാണെന്നാണ് ഭരണ ഭാഷ്യം, എന്നാല്‍ ചാനലുകളും പ്രൈം ടൈം ഡിബേറ്റുകളും പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ മദ്യമൊഴുകുന്നത് ഡിജെ പാര്‍ട്ടികളിലും, സംഗീത നിശകളിലുമാണ്. ലഹരി പാടേ തുടച്ചുനീക്കുമെന്ന് പറഞ്ഞു ഭരണം കൈയാളിയവര്‍ കേരളക്കര മുഴുക്കെ ലഹരി ഒഴുക്കുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സൂംബ പോലുള്ള പരിപാടികള്‍ ക്രമേണ കുട്ടികളെ ലഹരിയിലേക്ക് നയിക്കാനേ സഹായിക്കുകയുള്ളൂവെന്നും കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ചൂണ്ടിക്കാട്ടി വിസ്ഡം ബഹ്റൈന്‍ ചാപ്റ്റര്‍ നടത്തുന്ന ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസി യുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒരു പൗരന്റെ മൗലികാവകാശമായ ഏതൊരു മതത്തില്‍ വിശ്വസിക്കാനും, ആ മതത്തെ പ്രബോധനം ചെയ്യുവാനും അവന്റെ ആരാധനാ കര്‍മങ്ങള്‍ ചെയ്യാനും ഭരണഘടന അവകാശം നല്കുന്നുവെന്നിരിക്കെ, തന്റെ മതവിശ്വാസങ്ങള്‍ക്കെതിരെ വരുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും പൗരന് അവകാശമുണ്ടെന്ന് യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം അലി അല്‍ത്താഫ് ഓര്‍മ്മിപ്പിച്ചു. ഇതിനെതിരെ ശക്തമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്നും, വിസ്ഡം സംഘടിപ്പിച്ച ഈ പ്രതിഷേധ സംഗമത്തിന് യൂത്ത് ഇന്ത്യയുടെ എല്ലാ ഭാവുകങ്ങളും നേരുന്നതായും അല്‍ത്താഫ് സൂചിപ്പിച്ചു. വിസ്ഡം ബഹ്റൈന്‍ ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ബിനു ഇസ്മായില്‍ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സിഎം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാദിഖ് ബിന്‍ യഹ്യ നന്ദി പ്രകടിപ്പിച്ചു.