മനാമ: കേരളീയ സമാജത്തിന്റെ വിശ്വകലാപുരസ്‌കാരത്തിന്റെ സമ്മാനത്തുകയായ അഞ്ചു ലക്ഷം രൂപ നിര്‍ധന കുടുംബത്തിന് വീടു വെച്ച് നല്‍കാനായി വിനിയോഗിക്കാനുള്ള സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തീരുമാനത്തെ പിന്തുണച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ഉദ്യമത്തിന് സഹായമായി രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ലുലു റീജിയണല്‍ ഓഫിസില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജൂസര്‍ രൂപാവാല രണ്ട് ലക്ഷം രൂപയുടെ ചെക്ക് സൂര്യ കൃഷ്ണ മൂര്‍ത്തിക്ക് കൈമാറുകയും ചെയ്തു. സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി എന്ന കലാപ്രസ്ഥാനത്തിന്റെ അമരക്കാരനും ലൈറ്റ് ആന്‍ഡ് ഷെയ്ഡ് ഷോകളുടെ കുലപതിയുമായ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കേരളീയ സമാജത്തിന്റെ വിശ്വകലാ പുരസ്‌കാരം സമ്മാനിക്കുന്ന വേളയിലാണ് പുരസ്‌കാരത്തുക കാരണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. വേദിയില്‍ സന്നിഹിതനായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി രണ്ട് ലക്ഷം രൂപ നല്‍കാനുള്ള തീരുമാനം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 

To advertise here,

ഐ.എസ്. ആര്‍.ഒ യില്‍ ശാസ്ത്രജ്ഞനായിരുന്ന നടരാജകൃഷ്ണമൂര്‍ത്തി എന്ന സൂര്യകൃഷ്ണമൂര്‍ത്തി, കലയോടുള്ള അഭിനിവേശം മൂലം കനത്ത ശമ്പളവും പദവിയുമുള്ള ജോലി ഉപേക്ഷിച്ച് പില്‍ക്കാല ജീവിതം കലാ പ്രവര്‍ത്തനങ്ങള്‍ക്കായി പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യന്‍ കലകള്‍ക്ക് ലോകത്താകമാനം വേദിയുണ്ടാക്കിയതിലും ലോക കലാരംഗത്ത് ഇന്ത്യക്കു വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവസരമൊരുക്കിയതിലും സൂര്യ കൃഷ്ണമൂര്‍ത്തിയുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. 45 വര്‍ഷങ്ങളായി സൂര്യ എന്ന പേരില്‍ ലോകത്തെമ്പാടും കലാപരിപാടികള്‍ നടക്കുന്നത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യവും സംഘാടന വൈഭവവും ഒന്നുകൊണ്ടു മാത്രമാണ്. കോവിഡ് കാലത്തൊഴികെ മുടങ്ങാതെ ഇക്കാലമത്രയും തിരുവനന്തപുരത്ത് സുര്യ ഫെസ്റ്റിവല്‍ നടന്നു. യേശുദാസ്, പത്മ സുബ്രഹ്‌മണ്യം പോലുള്ള വിശ്രുത കലാകാരന്‍മാര്‍ സുര്യ ഫെസ്റ്റിവലിലെ നിറസാന്നിധ്യങ്ങളായത് കലയെ ജീവവായുവായി കാണുന്ന കൃഷ്ണമൂര്‍ത്തിയുടെ ആത്മാര്‍ത്ഥതയെ തൊട്ടറിഞ്ഞതുകൊണ്ടാണ്.