മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള ദീർഘകാല ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

To advertise here,

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അഭിവാദ്യങ്ങളും ഫ്രാൻസിന്റെ പുരോഗതിക്കും സമൃദ്ധിക്കുമുള്ള ആശംസകളും കിരീടാവകാശി പ്രസിഡന്റ് മാക്രോണിനെ അറിയിച്ചു. തിരിച്ചും ബഹ്‌റൈൻ രാജാവിനും ജനങ്ങൾക്കും ഫ്രഞ്ച് പ്രസിഡന്റ് ആശംസകൾ നേർന്നു. മുൻ സന്ദർശനങ്ങളിലൂടെയും കരാറുകളിലൂടെയും കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി എടുത്തുപറഞ്ഞു.

ആധുനിക സാങ്കേതികവിദ്യ, AI, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രസിഡന്റ് മാക്രോൺ, 'അലുമിനിയം ബഹ്‌റൈൻ' പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യാവസായിക മേഖലയിലെ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന് ഊന്നൽ നൽകി.

മേഖലയിലും ലോകമെമ്പാടും സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലും, അന്താരാഷ്ട്ര സമുദ്രപാതകളുടെയും വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിലും ഫ്രാൻസ് വഹിക്കുന്ന പങ്കിനെ കിരീടാവകാശി പ്രശംസിച്ചു.

ബഹ്‌റൈൻ ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, 'അൽബ' ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഖാലിദ് അൽ റുമൈഹി, ഫ്രാൻസിലെ ബഹ്‌റൈൻ അംബാസഡർ ഇസ്സാം അൽ ജാസിം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.