ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയ പാകിസ്താൻ ഇന്ത്യൻ വംശജനായ ലോകബാങ്ക് മേധാവി അജയ് ബംഗയ്ക്കായി ഒരുക്കിയത് വൻസ്വീകരണം. ഇന്ത്യയ്‌ക്കെതിരായ രാഷ്ട്രീയ നിലപാടുകൾക്കായാണ് ക്രിക്കറ്റിനെ പാകിസ്താൻ ആയുധമാക്കിയിരിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം.  സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനായി ലോക ബാങ്ക്, ഐഎംഎഫ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളും മറ്റു സാമ്പത്തികസഹായങ്ങളും പ്രതീക്ഷിച്ചിരിക്കുകയാണ് പാകിസ്താൻ. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ആഴ്ച ആദ്യം പാക് സന്ദർശനത്തിനെത്തിയ ബംഗയ്‌ക്കുള്ള വിപുലമായ സ്വീകരണം ലോകബാങ്കുമായി ‘നല്ല ബന്ധം’ സ്ഥാപിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

To advertise here,

സിന്ധുനദീജലക്കരാറിൽ ഒപ്പുവെച്ച കക്ഷികളിൽ ലോകബാങ്ക് ഉൾപ്പെടുന്നു. 2025 ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധുനദീജലക്കരാർ ഇന്ത്യ ഉപേക്ഷിച്ചു. കരാർ ഉപേക്ഷിച്ച ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്താൻ ആഗോള വേദികളെയും ആർബിട്രേഷൻ കോടതിയെയും (Court Of Arbitration) ബന്ധപ്പെട്ടിരുന്നു. പക്ഷെ പാകിസ്താന് ഇത് ഒരുഫലവും നൽകിയിട്ടില്ല. ലോകബാങ്ക് നേതൃത്വവുമായി നല്ല ബന്ധം നിലനിർത്താൻ നോക്കുന്നതിനാലാകണം ബംഗയ്ക്ക് വലിയ സ്വീകരണം നൽകിയതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അതേസമയം, സിന്ധുനദീജലത്തർക്കം പരിഹരിക്കുന്നതിൽ ലോക ബാങ്കിന് ഒരു പങ്കുമില്ലെന്ന് ബംഗ നേരത്തെ പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ, ബംഗയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള അസാധാരണമായ ആഘോഷങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. ബംഗയുടെ നാല് ദിവസത്തെ സന്ദർശനത്തിൽ വിഭജനത്തിന് മുമ്പ് മാതാപിതാക്കൾ താമസിച്ചിരുന്ന സ്ഥലവും ഭവനവും ബംഗ സന്ദർശിച്ചു. ബംഗയുടെ പിതാവ് ഹർഭജൻ സിങ് ബംഗ 1947 ൽ ഇന്ത്യയിലേക്ക് കുടിയേറിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ ബംഗയ്ക്ക് വലിയ ആഘോഷത്തോടെ സ്വീകരണം ലഭിക്കുന്നത് കാണാം. പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബും പഞ്ചാബിലെ ന്യൂനപക്ഷ കാര്യ മന്ത്രിയുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കുതിരപ്പുറത്തുള്ള അകമ്പടിയും മേരാ പിയാ ഘർ ആയാ എന്ന ബോളിവുഡ് ട്രാക്ക് വായിച്ച മാർച്ചും ബംഗയുടെ വാഹനവ്യൂഹത്തിന് മുന്നിൽ അണിനിരന്നു. അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോയ തെരുവുകളിൽ വിദ്യാർഥികൾ അണിനിരന്നു. പഞ്ചാബ് (പാകിസ്താനിലെ) മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനൊപ്പം ബംഗയുടെ ചിത്രങ്ങളുള്ള വലിയ ബാനറുകൾ ഉയർന്നു. ഇത് ലോക ബാങ്ക് മേധാവിക്കുള്ള സ്വീകരണത്തേക്കാൾ ഒരു ആഗോള നേതാവിനുള്ള സ്വീകരണമായി തോന്നിപ്പിച്ചു. പാക്‌‌ ഉദ്യോഗസ്ഥർ ബംഗയ്ക്ക് അദ്ദേഹത്തിന്റെ പൂർവ്വിക ഭവനവുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകിയത് പ്രത്യേകിച്ച് വിമർശനത്തിന് ഇടയാക്കി.

സന്ദർശനത്തിന്റെ അവസാന ദിവസം, ബംഗ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ലോകബാങ്കിൽ നിന്ന് 20 ബില്യൺ ഡോളർ (1.8 ലക്ഷം കോടി രൂപ) ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ചർച്ചകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം, പാകിസ്താന്റെ ബാഹ്യ കടം ഏകദേശം 135 ബില്യൺ ഡോളർ (ഏകദേശം 11 ലക്ഷം കോടി രൂപ) ആണ്, അതിൽ ഏകദേശം അഞ്ചിലൊന്ന് ലോക ബാങ്കിന് നൽകാനുണ്ട്. വിദേശസഹായം തേടി താനും സൈനിക മേധാവി അസിം മുനീറും വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ ലജ്ജ തോന്നിയതായി ഷഹബാസ് ഷെരീഫ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബംഗയുമായുള്ള കൂടിക്കാഴ്ച.

"വീണ്ടും, ഇന്ത്യൻ വംശജനായ ഒരാളോട് യാചിക്കാൻ തലകുനിച്ചു. ഇത് ഡിസംബർ 1971 ഡിസംബർ 16 പോലെയാണ് തോന്നിയത്," ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു, അന്നത്തെ യുദ്ധത്തിൽ പാകിസ്താൻ കീഴടങ്ങിയതിനെ സൂചിപ്പിച്ച ഒരു പാകിസ്താനി ഉപയോക്താവ് എക്സിൽ കുറിച്ചു. "പാകിസ്താൻ ഇന്ത്യയോട് എത്ര വെറുപ്പ് കാണിച്ചാലും, അയാൾ വായ്പാ ചെക്ക് നിയന്ത്രിക്കുന്നതുകൊണ്ട് മാത്രം ഇന്ത്യൻ വംശജനായ അജയ് ബംഗയ്ക്ക് അവർ ചുവപ്പ് പരവതാനി വിരിച്ചു," മറ്റൊരാൾ പോസ്റ്റ് ചെയ്തു. "മികച്ച രീതിയിലുള്ള അടിമപ്പണി" എന്ന് മറ്റൊരാൾ പരിഹസിച്ചു. ചില ഉപയോക്താക്കൾ ഇതിനെ യാചിക്കാനുള്ള പുതിയ മാർഗ്ഗം എന്നാണ് പരിഹസിച്ചത്.