വാഷിങ്ടൺ: ഇസ്രയേൽ ഉൾപ്പെടെയുള്ള ഈജിപ്തിന് കിഴക്കോട്ടുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും അമേരിക്കക്കാരോട് ഉടനടി പിൻമാറാൻ ആവശ്യപ്പെട്ട് അമേരിക്ക. മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി തുടരുന്നതിനിടെയാണിത്.

To advertise here,

ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇപ്പോൾത്തന്നെ പുറത്തുപോകാനാണ് അമേരിക്കക്കാരോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഗൗരവമായ സുരക്ഷാ ഭീഷണികൾ നിലവിലുണ്ടെന്ന് കോൺസുലാർ അഫേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി മോറ നംദാർ എക്‌സിൽ കുറിച്ചു.

ഇസ്രയേൽ, വെസ്റ്റ് ബാങ്ക്, ഗാസ, ലെബനൻ, സിറിയ, ഇറാഖ്, ജോർദാൻ, സൗദി അറേബ്യ, യെമൻ, ഒമാൻ, ബഹ്റൈൻ, യുഎഇ, കുവൈത്ത്, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിലുള്ള അമേരിക്കക്കാരോടാണ്  നിർദ്ദേശം നൽകിയിരിക്കുന്നത്.  ഈജിപ്തിനേയും പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.

ഇറാനുമായുള്ള ബന്ധം വർഷങ്ങളായി വഷളായിട്ടും ഇറാൻ തിരിച്ചടിച്ച രാജ്യങ്ങളിൽ നിലവിൽ ഈജിപത് ഉൾപ്പെട്ടിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പൗരന്മാർക്ക് രജിസ്‌ട്രേഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്.

എന്നാൽ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടില്ല.യുദ്ധത്തെ തുടർന്ന് ഇസ്രയേൽ, ഖത്തർ, സിറിയ, ഇറാൻ, ഇറാഖ്, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചിട്ടിരിക്കുകയാണ്.  ആക്രമണമുണ്ടായ റിയാദിലെ യുഎസ് എംബസി താൽക്കാലികമായി അടച്ചുപൂട്ടിയതോടെ ബഹ്റൈൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള 'അടിയന്തര സേവനമില്ലാത്ത' ജീവനക്കാരോട് രാജ്യം വിടാനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടിട്ടുണ്ട്.