കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ സിംഗപ്പൂരിലെത്തി. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് കടന്ന ഗോതാബയ  വ്യാഴാഴ്ച സൗദി അറേബ്യയുടെ വിമാനത്തിലാണ് സിംഗപ്പൂരിലെത്തിയത്. അവിടുത്തെ ചാംഗി വിമാനത്താവളത്തില്‍ വൈകീട്ടോടെയാണ്  ഗോതാബയേയും കുടുംബത്തേയും വഹിച്ചുള്ള വിമാനം എത്തിയത്.

To advertise here,

എന്നാല്‍ സ്വകാര്യ സന്ദര്‍ശനത്തിയായിട്ടാണ് ഗോതാബയ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അഭയം ആവശ്യപ്പെടുകയോ സിംഗപ്പൂര്‍ അഭയം നല്‍കുകയോ ചെയ്തിട്ടില്ല. സിംഗപ്പൂര്‍ പൊതുവെ അഭയത്തിനുള്ള അപേക്ഷകള്‍ അനുവദിക്കാറില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ശ്രീലങ്കന്‍ പൗരന്‍മാര്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ സിംഗപ്പൂരില്‍ തങ്ങാന്‍ കഴിയും. ഇതിനിടെ ഗോതാബയ സൗദിയില്‍ അഭയംതേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. 

നേരത്തെ മാലിദ്വീപില്‍ ഗോതാബായക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വകാര്യ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് വരാനായിരുന്നു അദ്ദേഹം ആദ്യം തയ്യാറെടുത്തിരുന്നത്. എന്നാല്‍ ചില സുരക്ഷാ കാരണങ്ങളാല്‍ ഈ നീക്കം ഉപേക്ഷിച്ചു. പിന്നാലെയാണ് സൗദി വിമാനത്തില്‍ സിംഗപ്പൂരിലേക്ക് തിരിച്ചത്.