കാഠ്മണ്ഡു: ലൈംഗിക അതിക്രമ നിയമങ്ങളിൽ മാറ്റം കൊണ്ടുവരാൻ 'റോമിയോ-ജൂലിയറ്റ്' വ്യവസ്ഥയുമായി നേപ്പാൾ. പരസ്പര സമ്മതത്തോടെയുള്ള കൗമാരപ്രായക്കാരുടെ ബന്ധങ്ങളിലെ കേസുകളിൽ ശിക്ഷ കുറയ്ക്കുന്നതിനായാണ് നേപ്പാൾ തങ്ങളുടെ ക്രിമിനൽ നിയമങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നത്.

To advertise here,

രാജ്യത്തെ ബലാത്സംഗ നിയമത്തിൽ (statutory rape law) ഒരു 'റോമിയോ ആൻഡ് ജൂലിയറ്റ്' വ്യവസ്ഥ ഉൾപ്പെടുത്തിക്കൊണ്ട് ബലേന്ദ്ര ഷാ സർക്കാർ ഭേദഗതി വരുത്തിയേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർക്കിടയിലെ, മൂന്ന് വയസ്സിൽ താഴെ പ്രായവ്യത്യാസമുള്ളവരുടെ ബന്ധങ്ങളെ ലൈംഗിക പീഡനമായി കണക്കാക്കാതിരിക്കാൻ ഈ പുതിയ നിയമം സഹായിക്കും.

എന്നാൽ കുട്ടികളുടെ സുരക്ഷയെ ഇത് ബാധിക്കുമെന്ന് സാമൂഹിക പ്രവർത്തകർ ആശങ്കപ്പെടുന്നു. ലൈംഗിക ചൂഷണവും സ്വമേധയാ ഉള്ള ബന്ധങ്ങളും തമ്മിലുള്ള വേർതിരിവും വ്യക്തമാക്കാനാണ് നേപ്പാൾ ഈ നിയമപരിഷ്‌കാരത്തിലൂടെ ശ്രമിക്കുന്നത്. കൗമാരക്കാരുടെ അവകാശങ്ങളും സുരക്ഷിതത്വവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെക്കുന്നത്.

നിലവിൽ, നേപ്പാളിൽ കൗമാരക്കാർ തമ്മിലുള്ള എല്ലാ ബന്ധങ്ങളും കുറ്റകരമാണ്, അവ ബലാത്സംഗ നിയമപ്രകാരം ശിക്ഷാർഹവുമാണ്. നിലവിലുള്ള നിയമങ്ങൾ കൗമാരപ്രായക്കാരുടെ ബന്ധങ്ങളെ കുറ്റകരമായി കാണുന്നതും യുവാക്കളെ വർഷങ്ങളോളം ജയിലിലേക്ക് തള്ളിവിടുന്നതും വർധിച്ചുവരുന്ന ആശങ്കകൾക്ക് കാരണമാകുന്നുണ്ടെന്ന് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിലുള്ള ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തി 'റോമിയോ ആൻഡ് ജൂലിയറ്റ്' വ്യവസ്ഥ കൊണ്ടുവരാനാണ് നേപ്പാൾ സർക്കാർ ആലോചിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, ഏകദേശം ഒരേ പ്രായത്തിലുള്ള കൗമാരക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും. ഈ പരിഷ്‌കാരം പുതിയൊരു നിയമമായി കൊണ്ടുവരുന്നതിന് പകരം നേപ്പാളിന്റെ നാഷണൽ ക്രിമിനൽ കോഡിൽ (National Criminal Code) ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

'പ്രായത്തിലുള്ള അടുപ്പം, അനാവശ്യമായി കുറ്റവാളിയാക്കപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണം, മനുഷ്യാവകാശ വികസനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ ശുപാർശ. പ്രായവ്യത്യാസം കുറവാണെങ്കിൽ, ബന്ധം പരസ്പര സമ്മതത്തോടെ ഉള്ളതാണെങ്കിൽ അത്തരം കേസുകൾ സ്വയമേവ ബലാത്സംഗമായി കണക്കാക്കരുത്.' എന്ന് നേപ്പാൾ നിയമ സെക്രട്ടറി ഉദയ രാജ് ധുങ്കാന പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിയമ മന്ത്രാലയം രൂപീകരിച്ച എട്ടംഗ പഠന സമിതി ക്രിമിനൽ കോഡിൽ 'റോമിയോ ആൻഡ് ജൂലിയറ്റ്' വ്യവസ്ഥ ചേർക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ പ്രമേയം വന്നത്. ഈ വ്യവസ്ഥ ബാധകമാകുന്നത് രണ്ട് വ്യക്തികളും കൗമാരക്കാരായിരിക്കുകയും അവർ തമ്മിലുള്ള പ്രായവ്യത്യാസം മൂന്ന് വർഷത്തിൽ കൂടുതൽ അല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ്. എന്നാൽ ഭീഷണിപ്പെടുത്തുകയോ, ചൂഷണം ചെയ്യുകയോ അല്ലെങ്കിൽ വ്യക്തികൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടാവുകയോ ചെയ്താൽ സാധാരണ ബലാത്സംഗ നിയമങ്ങൾ തന്നെ ബാധകമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലൈംഗിക ചൂഷണവും, ചെറിയ പ്രായവ്യത്യാസമുള്ള കൗമാരക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധവും തമ്മിൽ വേർതിരിച്ചറിയാൻ ഈ പുതിയ വ്യവസ്ഥ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നേപ്പാളിൽ 'റോമിയോ ആൻഡ് ജൂലിയറ്റ്' വ്യവസ്ഥ ഒരു വലിയ ചർച്ചാവിഷയമാകുന്നത് ഇതാദ്യമല്ല. നിലവിലുള്ള നിയമം പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്ന ആൺകുട്ടികളെപ്പോലും ജയിലിലടയ്ക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു.

മിശ്രവിവാഹങ്ങളെയും ഒളിച്ചോട്ടങ്ങളെയും എതിർക്കുന്ന കുടുംബങ്ങൾ ഈ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു. 'നിലവിൽ, ഇരുവർക്കും സമ്മതമുണ്ടായിരുന്നിട്ടും പല യുവാക്കളും ജയിലിലാണ്. കൗമാരക്കാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും എന്നാൽ പിന്നീട് കുടുംബാംഗങ്ങളുടെ പരാതിയിൽ ആൺകുട്ടി ബലാത്സംഗ കുറ്റത്തിലോ ബാലവിവാഹ കുറ്റത്തിലോ കുടുങ്ങി ജയിലിലാകുന്ന കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്.' ധുങ്കാന പറഞ്ഞു.

ഇത്തരം കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ 'റോമിയോ ആൻഡ് ജൂലിയറ്റ് നിയമം' തയ്യാറാക്കുന്നത്. ബലാത്സംഗ നിയമങ്ങൾ ദുർബലപ്പെടുത്തുകയല്ല, മറിച്ച് ചൂഷണത്തെയും സ്വാഭാവിക കൗമാര ബന്ധങ്ങളെയും വേർതിരിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേപ്പാളിലെ നിലവിലുള്ള നിയമങ്ങൾ കൗമാരപ്രായക്കാരുടെ ബന്ധങ്ങളുടെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യുവ പ്രവർത്തകരും വിദ്യാർത്ഥികളും അഭിപ്രായപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് പല ഉദാഹരണങ്ങളും അവർ മുന്നോട്ടുവെക്കുന്നു, അതിൽ ഒന്ന്; 2022 നവംബറിൽ നേപ്പാൾ സുപ്രീം കോടതി, 15 വയസ്സുള്ള അയൽക്കാരിയുമായി ഒളിച്ചോടിയ 17 വയസ്സുകാരനെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളിൽ നിന്ന് മോചിപ്പിച്ചു. പരസ്പര സമ്മതത്തോടെ ബന്ധത്തിലായിരുന്ന ഇവർ പിന്നീട് വിവാഹിതരാവുകയും അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തിരുന്നു.

ബിരത്നഗറിലെ ഹൈക്കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ച ആൺകുട്ടിയെ, പിന്നീട് സുപ്രീം കോടതി ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെങ്കിലും ബാലവിവാഹത്തിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയാണുണ്ടായത്. നേപ്പാളിലെ നിയമപ്രകാരം സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം 20 ആണ്. 18 വയസ്സിൽ താഴെയുള്ളവരുമായുള്ള ഏത് ലൈംഗിക ബന്ധവും, വ്യക്തികളുടെ സമ്മതമുണ്ടെങ്കിൽപ്പോലും ബലാത്സംഗമായിട്ടാണ് നിലവിൽ കണക്കാക്കുന്നത്.

അതേസമയം, ബലാത്സംഗ നിയമത്തിൽ ഇളവ് വരുത്തുന്നതിൽ നേപ്പാളിലെ ശിശു സംരക്ഷണ ഗ്രൂപ്പുകളും വനിതാ അവകാശ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബാലവിവാഹവും ലിംഗപരമായ അക്രമങ്ങളും നേരിടുന്ന ഒരു രാജ്യത്ത് ഇത് പെൺകുട്ടികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അവർ വാദിക്കുന്നു.

നിയമം മാറ്റുന്നതിന് മുമ്പ് സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് വിപുലമായ ചർച്ചയും ധാരണയും ഉണ്ടാകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം മോഹ്ന അൻസാരി മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.