ടെഹ്റാൻ: ഇറാൻ പരമാധികാരി മുജ്തബ ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെ, അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന് അവകാശപ്പെടുന്ന വീഡിയോയുമായി ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ 'മെഹർ'. അനുയായികളുമായി സംസാരിക്കുന്ന ഖമനേയിയുടെ ദൃശ്യങ്ങളാണുള്ളതെങ്കിലും ഇത് എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. ഖമനേയിയുടെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും ആഗോളതലത്തിൽ ഉയരുന്ന ഊഹാപോഹങ്ങളെ പ്രതിരോധിക്കാനാണ് വീഡിയോയിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.

To advertise here,

ഖമനേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇറാനിയൻ നേതൃത്വത്തിനിടയിൽ ഇത് വലിയ ആശങ്കയുണ്ടാക്കിയെന്നും ഇസ്രയേൽ ചാനൽ 14 ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗവാർത്ത ഏതുനിമിഷവും കേൾക്കാമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ജെറുസലേം പോസ്റ്റും പുറത്തുവിട്ടു. ഇതിനിടയിൽ, പരമോന്നത നേതാവുമായി നേരിട്ടുള്ള ആശയവിനിമയം ഇപ്പോൾ വളരെ പ്രയാസകരമാണെന്ന ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവന സംശയങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായി.

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഫെബ്രുവരി 28-നാണ് മകൻ മുജ്തബ ഖമനേയി അധികാരമേറ്റത്. എന്നാൽ സ്ഥാനമേറ്റെടുത്ത ശേഷം ഇദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും പിതാവിന്റെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുത്തില്ല എന്നതും നിഗൂഢത വർദ്ധിപ്പിക്കുന്നു. കേവലം രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം ഭരണപരമായ കാര്യങ്ങൾ നിലവിൽ നിർവ്വഹിക്കുന്നത്.

പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഖമനേയി സുഖമായിരിക്കുന്നുവെന്നും ഭരണപരമായ കാര്യങ്ങൾ അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്നുണ്ടെന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിക്കുന്നത്. ഇത്തരം കിംവദന്തികൾ ശത്രുരാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇറാൻ നേതൃത്വത്തിന്റെ നിലപാട്.