ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമനേയിയുടെ മറ്റൊരു വീഡിയോ കൂടി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാഴ്സ് ന്യൂസ് (Fars News) പുറത്തുവിട്ടു. ഈ മാസം ഇറാൻ പുറത്തുവിടുന്ന രണ്ടാമത്തെ വീഡിയോയാണിത്. മതപണ്ഡിതരുമായി പ്രാർഥനയിലും ചർച്ചയിലും ഏർപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതെങ്കിലും, ഇത് അദ്ദേഹം പരമോന്നത പദവിയിലെത്തുന്നതിന് മുൻപുള്ള പഴയ ദൃശ്യങ്ങളാണെന്ന് അൽ അറബിയ്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും അദ്ദേഹം കോമയിലാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ മാധ്യമങ്ങളും ആവർത്തിക്കുമ്പോൾ, ഭരണനേതൃത്വം സുരക്ഷിതമാണ് എന്ന് ലോകത്തിന് മുന്നിൽ സ്ഥാപിക്കുകയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിടുന്നതിലൂടെ ടെഹ്‌റാൻ ശ്രമിക്കുന്നത്. എന്നാൽ, ഓരോ പുതിയ വീഡിയോ പുറത്തുവരുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇല്ലാതാകുന്നതിന് പകരം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. കാരണം ഈ പുറത്തുവിട്ട ദൃശ്യങ്ങളിലൊന്നിലും തീയതിയോ സമയമോ വ്യക്തമല്ല. മാത്രമല്ല, ഇത് അദ്ദേഹം അധികാരമേൽക്കുന്നതിന് മുൻപുള്ള പഴയ ദൃശ്യങ്ങളാണെന്ന സംശയം കൂടുതൽ ശക്തമാവുകയും ചെയ്യുന്നു.

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാഴ്സ് ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോയിൽ, ഒരു കൂട്ടം ആളുകൾക്കൊപ്പം പ്രാർഥന നടത്തുകയും തുടർന്ന് മത ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്ന മുജ്തബ ഖമനേയിയെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ശബ്ദം വ്യക്തമായി കേൾക്കാവുന്ന ആദ്യ വീഡിയോ എന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തെ, ഓഗസ്റ്റ് ആദ്യവാരത്തിൽ മെഹർ ന്യൂസ് ഏജൻസിയും മുജ്തബ ആരോഗ്യവാനായിരിക്കുന്ന മറ്റൊരു ഹ്രസ്വ വീഡിയോ പുറത്തുവിട്ടിരുന്നു. ഇസ്രായേലിന്റെ ചാനൽ 14 ഉൾപ്പെടെയുള്ള മാധ്യമങ്ങൾ മുജ്തബ അതീവ ഗുരുതരാവസ്ഥയിലാണെന്ന് വാർത്ത നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ആ നീക്കം.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തന്നെ നേരിട്ടെത്തി മുജ്തബ പൂർണ്ണ ആരോഗ്യവാനാണെന്ന് പ്രഖ്യാപിക്കുകയും തങ്ങൾ തമ്മിൽ മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു.

2026 ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. തുടർന്ന് പിൻഗാമിയായി മുജ്തബ ഖമനേയി അധികാരമേറ്റു. എന്നാൽ പരമോന്നത പദവിയിലെത്തിയ ശേഷം ഇന്നുവരെ ഒരു പൊതുപരിപാടിയിലോ തത്സമയ ടെലിവിഷൻ പ്രസംഗത്തിലോ മുജ്തബ പ്രത്യക്ഷപ്പെട്ടിട്ടില്ല. ടെലിവിഷനിലൂടെ വായിച്ചു കേൾപ്പിക്കുന്ന പ്രസ്താവനകൾ മാത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തുവരുന്നത്.

മുജ്തബ ഖമനേയിയുടെ തിരോധാനത്തെ ചുറ്റിപ്പറ്റി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രതികരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഫെബ്രുവരിയിലെ വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്നും ട്രംപ് ആവർത്തിച്ചു വാദിച്ചിരുന്നു. എന്നാൽ ഇറാൻ ഭരണകൂടത്തിന് മുജ്തബ സുരക്ഷിതനാണെന്ന് സ്ഥാപിക്കേണ്ടത് രാജ്യ സുരക്ഷയ്ക്ക് പ്രധാനമാണ്. ഭരണകൂടത്തിന് നാഥനില്ലെന്ന തരത്തിലുള്ള യുഎസ്-ഇസ്രായേൽ പ്രചാരണങ്ങൾക്ക് തടയിടാൻ മാത്രമല്ല, ഹോർമുസ് കടലിടുക്കിലെ നീക്കങ്ങളും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന നിർണായക തീരുമാനങ്ങളും എടുക്കുന്നത് മുജ്തബ തന്നെയാണെന്ന് ലോകത്തെ വിശ്വസിപ്പിക്കേണ്ടത് ഇപ്പോൾ ഇറാന്റെ ആവശ്യമാണ്.