വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുജ്തബ ഖമേനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായുള്ള ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപ് നിർണായക വിവരം പങ്കുവെച്ചത്.

To advertise here,

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ ഖമേനി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പരമോന്നത സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഒരിക്കൽ പോലും അദ്ദേഹം പൊതുയിടത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റേതായുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നില്ല. ഇതേത്തുടർന്ന് മുജ്തബ ഖമേനി കൊല്ലപ്പെട്ടിരിക്കാമെന്ന അഭ്യൂഹങ്ങളടക്കം ഉയർന്നിരുന്നു.

"അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്, പക്ഷേ അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല"- ട്രംപ് പറഞ്ഞു. ഇനി അങ്ങനെ അല്ല, പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ "അവർ (ഇറാൻ) വളരെ മികച്ച ഒരു നാടകം കളിക്കുകയാണെന്നും" ട്രംപ് കൂട്ടിച്ചേർത്തു.

ഇറാന്റെ പരമോന്നത നേതൃസ്ഥാനത്ത് മുജ്തബ ഖമേനി എത്തിയിട്ടും പൊതുയിടത്തിൽ പ്രത്യക്ഷപ്പെടാത്തത് പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നും അല്ലെങ്കിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാകാമെന്നുമടക്കം അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റേതെന്ന തരത്തിൽ ഇടയ്ക്കിടെ വാർത്താ കുറിപ്പ് സ്റ്റേറ്റ് മീഡിയ പുറത്തുവിടാറുണ്ട്. അടുത്തിടെ, ഇറാന്റെ ഫാഴ്‌സ് ന്യൂസ് ഏജൻസി പരമോന്നത നേതാവിന്റെ തീയതി രേഖപ്പെടുത്താത്ത അപൂർവ്വ വീഡിയോ പുറത്തുവിട്ടിരുന്നു.