യുനാന്‍: മ്യാന്മറിലെ മാന്‍ഡലെ പ്രഭവകേന്ദ്രമായി ലോകത്തെ നടുക്കിയ അതിശക്തമായ ഭൂകമ്പത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1644 ജീവനുകളാണ് നഷ്ടപ്പെട്ടത്. 3400-ലധികം പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ ആടിയുലഞ്ഞപ്പോള്‍ ഒരു ആശുപത്രിയില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഒരു മാതൃ-ശിശു സംരക്ഷണ ആശുപത്രിയില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെറ്റേണിറ്റി വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാര്‍ ഭൂകമ്പം നടന്നുകൊണ്ടിരിക്കേ സ്വന്തം ജീവന് വിലകല്‍പ്പിക്കാതെ നവജാത ശിശുക്കളുടെ ജീവന് സംരക്ഷിക്കാനായി നടത്തുന്ന പ്രയത്നങ്ങളാണ് ദൃശ്യത്തില്‍. നവജാത ശിശുക്കളുടെ വാര്‍ഡിലെ ബെഡ്ഡുകള്‍ ശക്തമായ ഭൂകമ്പത്തില്‍ ദൂരേക്ക് തെറിച്ചുപോവാതിരിക്കാനായി അതിസാഹസികമായി ബാലന്‍സ് ചെയ്യുന്ന കാഴ്ച കണ്ട് നഴ്സുമാരുടെ അര്‍പ്പണ മനോഭാവത്തെ ആദരപൂര്‍വം അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
നവജാതശിശുക്കളുടെ വാര്‍ഡ് ചക്രങ്ങളുള്ള കുഞ്ഞുബെഡ്ഡുകള് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രണ്ട് നഴ്സുമാര്‍ക്ക് മാനേജ് ചെയ്യാന്‍ കഴിയാത്തവണ്ണം കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴാണ് ശക്തമായ ഭൂകമ്പമുണ്ടാവുന്നത്. ഭൂകമ്പത്തില്‍ പെട്ട് കുട്ടികളെ കിടത്തിയിരിക്കുന്ന ബെഡ്ഡുകള്‍ നിലത്തുറച്ചുനില്ക്കാന് കഴിയാതെ മുറിയൊന്നാകെ ഉരുണ്ടുപോകുമ്പോള്‍ ഒരു നഴ്സ് കുഞ്ഞിനെയുമെടുത്ത് നിലത്തു കുത്തിയിരുന്നുകൊണ്ട് മറ്റ് ബെഡ്ഡുകള്‍ പരമാവധി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. രണ്ടാമത്തെയാളാവട്ടെ രണ്ടുകൈകള്‍കൊണ്ടും കാലുകള്‍ കൊണ്ടും ബെഡ് വീലുകള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയാണ്.
ഭൂകമ്പം ശക്തമായപ്പോള്‍ വാര്‍ഡിലേക്ക് വെള്ളം തിരയടിച്ചുയര്‍ന്ന് തറയാകെ നനഞ്ഞുകുതിരുന്നു. തുടര്‍ച്ചയായ ഭൂചലനത്തില്‍ ബാലന്‍സ് നഷ്ടപ്പെട്ട നഴ്സുമാര്‍ക്ക് നനഞ്ഞ തറയില്‍ കാലുകള്‍ വഴുക്കിപ്പോകുന്ന അവസ്ഥയിലും കുഞ്ഞുങ്ങളുടെ ജീവന് സംരക്ഷിക്കാനുള്ള പ്രയത്നത്തിലാണ്. കുഞ്ഞിനെയുമെടുത്ത് നിലത്തുകുത്തിയിരുന്ന് നിരങ്ങി നീങ്ങി മറ്റൊരു കുഞ്ഞ് കിടക്കുന്ന തൊട്ടില് പിടിച്ചുവെക്കാനുള്ള ശ്രമമാണ് ഒരു നഴ്സ് നടത്തുന്നത്. ബെഡ്ഡുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കുഞ്ഞുങ്ങള്‍ തെറിച്ചുവീഴാതിരിക്കാനും പരിക്കേല്ക്കാതിരിക്കാനുമായി നഴ്സുമാര്‍ തങ്ങളുടെ ജീവന് പണയം വെച്ച് പരിശ്രമിക്കുന്നത് വീഡിയോയില്‍ കണ്ട് അനവധി പ്രതികരണങ്ങളും അഭിനന്ദനപ്രവാഹങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ നഴ്സുമാരെ തേടിയെത്തിയിരിക്കുന്നത്.
ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മ്യാന്മാറില് മാത്രം 144 പേരാണ് മരിച്ചത്. 730 പേര്‍ക്ക് പരിക്കേറ്റു. തായ്ലാന്ഡിലും മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കും. തലസ്ഥാനമായ നായ്പിഡോ ഉള്‍പ്പെടെ മ്യാന്മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. ചൈന, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനമനുഭവപ്പെട്ടു. അവിടങ്ങളില്‍ നാശനഷ്ടങ്ങളൊന്നുമില്ല. കൊല്‍ക്കത്തയിലും ഇംഫാലിലും 4.4 തീവ്രതരേഖപ്പെടുത്തി.
മ്യാന്മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവാഡി നദിക്കുകുറുകെയുള്ള പഴയപാലവും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. ഭൂകമ്പത്തില്‍ കേടുപറ്റിയ നഗരത്തിലെ സര്‍വകലാശാലയില്‍ ഷോട്ട്സര്ക്യൂട്ടിനെത്തുടര്ന്ന് തീപ്പിടിത്തമുണ്ടായി. അന്താരാഷ്ട്രസമൂഹത്തോട് പട്ടാളഭരണകൂടം സഹായമഭ്യര്‍ഥിച്ചു. നായ്പിഡോയിലെ ആയിരം കിടക്കകളുള്ള വലിയ ആശുപത്രിയുടെ അത്യാവിതവിഭാഗത്തിന് പുറത്ത് മുറിവേറ്റവരുടെ നീണ്ട നിരയാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
Content Highlights: earth quake nurses shielded babies when myanmar quake shook china
Published: 30 Mar 2025, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented