വാഷിങ്ടൺ: ഇറാൻ ആണാവയുധം കൈവശംവെക്കില്ലെന്ന് ഇതിനോടകം സമ്മതിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ചർച്ചകളിൽ പങ്കാളിയാണെന്നും അദ്ദേഹത്തെ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

To advertise here,

ന്യൂയോർക്ക് പോസ്റ്റിന്റെ 'പോഡ് ഫോഴ്‌സ് വൺ' പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

'ആണവായുധം നേടാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. ആണവായുധം സ്വന്തമാക്കില്ലെന്ന് അവർ ഇതിനോടകം സമ്മതിച്ചിട്ടുണ്ട്, അവർക്ക് മനസ്സ് മാറ്റാൻ കഴിയും, അതായിരുന്നു അവർ സമ്മതിക്കേണ്ട കാര്യങ്ങളിൽ ഒന്ന്, അവർ അതിന് സമ്മതിച്ചു. അതായിരുന്നു വലിയ കാര്യം' ട്രംപ് പറഞ്ഞു.

ചർച്ചയിലുള്ള ധാരണ പ്രകാരം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് വ്യക്തമാണെന്ന് വൈറ്റ്ഹൗസും അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇറാനിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പരമോന്നത നേതാവ് മൊജ്തബ ഖമനേയി 'തീർച്ചയായും പങ്കെടുക്കുന്നുണ്ട്' എന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

'ഇറാനിയൻകാർക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്' എന്നും ട്രംപ് പറഞ്ഞു. അതേസമയം ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് പ്രതികരിക്കാൻ ട്രംപ് തയ്യാറായില്ല.

'ഞാനദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു, ഒരുപക്ഷേ ഞങ്ങൾ എപ്പോഴെങ്കിലും കണ്ടുമുട്ടിയേക്കാം, കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്' ട്രംപ് പറഞ്ഞു.

അതേസമയം ഇറാൻ-യുഎസ് ചർച്ചകൾ തുടരുന്നുവെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഇറാനിയൻ എണ്ണ കപ്പൽ യുഎസ് ആക്രമിച്ചതിന് പിന്നാലെ കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയുണ്ടായി.

വീണ്ടുമൊരു യുദ്ധത്തിലേക്ക് പോകാൻ തനിക്ക് താത്പര്യമില്ലെന്നും ട്രംപ് അഭിമുഖത്തിനിടെ വ്യക്തമാക്കി. 'ഞങ്ങൾ ഇനി അവിടെ നിലയുറപ്പിക്കേണ്ടതില്ല. ഇതിനോടകം അത് ചെയ്തു, നിങ്ങൾക്കറിയാമോ, ഞങ്ങൾ ബോംബിട്ട് അവരുടെ സൈന്യത്തിന്റെ ഭൂരിഭാഗത്തെയും ഇല്ലാതാക്കി' ട്രംപ് പറഞ്ഞു. ഇനിയൊരു യുദ്ധം കഴിയുമെങ്കിൽ ഒഴിവാക്കേണ്ട ഒന്നാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.