
കഴിഞ്ഞ ദിവസം ഷാഗോസ് ദ്വീപുകള്‍ക്കു മേലുള്ള പരമാധികാരം മൗറീഷ്യസിനു തിരിച്ചുകൊടുക്കാനുള്ള കരാറില്‍ യുനൈറ്റഡ് കിങ്ഡം ഒപ്പുവെച്ചു. രണ്ടു വര്‍ഷത്തെ നിരന്തരമായ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദീര്‍ഘകാലത്തെ തര്‍ക്കം പരിഹരിക്കപ്പെട്ടതും ഇരുരാജ്യങ്ങളും കരാറിലൊപ്പിട്ടതും. അമേരിക്കന്‍ നാവികത്താവളമുള്ള ഡീഗോ ഗാർഷ്യ ഈ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. ദീര്‍ഘകാലമായി നീറുന്ന പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ അണിയറയില്‍ നിശബ്ദവും പ്രധാനപ്പെട്ടതുമായ പങ്കുവഹിച്ചു. ബ്രിട്ടീഷുകാര്‍ ഷാഗോസ് ദ്വീപുകള്‍ വിടണമെന്ന ഉറച്ച നിലപാടില്‍ മൗറീഷ്യസിന് ആദ്യന്തം ഇന്ത്യ തുണനിന്നു.
കരാറിലെത്തിയ ഇരുരാജ്യങ്ങളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന, 'ചരിത്രപരമായ രാഷ്ട്രീയ കരാറു'ണ്ടാക്കുന്നതില്‍ ഇന്ത്യയും അമേരിക്കയും പൂര്‍ണ പിന്തുണയും സഹായവും നല്‍കി എന്ന് വ്യക്തമാക്കുന്നുണ്ട്. പരമാധികാരം കൈമാറിയെങ്കിലും ഡീഗോ ഗാര്‍ഷ്യയയുടെ കടിഞ്ഞാണ്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും കൈയിലായിരിക്കും അടുത്ത 99 വര്‍ഷം. ഈ അധികാരക്കൈമാറ്റം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് വെല്ലുവിളിയെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ ഭാരതത്തിനും സഹായകമാവും.
കൊളോണിയലിസത്തിന്റെ അവസാനത്തെ അവശിഷ്ടങ്ങളെയും ഇല്ലാതാക്കണം എന്ന നിലപാടുള്ള ഇന്ത്യ ചര്‍ച്ചകളില്‍ അവസാനംവരെ മൗറീഷ്യസിനൊപ്പം അചഞ്ചലമായി ഉറച്ചുനിന്നു. അതേസമയം പരസ്പരം ഗുണകരമായ ഫലങ്ങള്‍ ഉണ്ടാകുന്നതിനുവേണ്ടി തുറന്ന മനസ്സോടെ ചര്‍ച്ചചെയ്യാന്‍ ഇരുകക്ഷികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും അന്തിമഫലം ഗുണകരമാണെന്നും അത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ദീര്‍ഘകാല സുരക്ഷിതത്വത്തെ ബലപ്പെടുത്തുമെന്നും കരുതുന്നതായി കരാറിനെ സ്വാഗതം ചെയ്തുള്ള പ്രസ്താവനയില്‍ ഇന്ത്യ പറയുന്നു. ഈ പ്രശ്നത്തില്‍ ഇന്ത്യയുടെ ഇടപെടലും അതിന് കിട്ടിയ അംഗീകാരവും ആഗോള കാര്യങ്ങളില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ വ്യക്തമാക്കുന്നതാണ്.
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും കരാറിനെ സ്വാഗതം ചെയ്തു. ഷാഗോസ് ദ്വീപസമൂഹത്തിനു മേല്‍ മൗറീഷ്യസിന്റെ പരമാധികാരം ഉറപ്പിക്കുന്ന കരാര്‍ നയതന്ത്രവും പങ്കാളിത്തവും വഴി രാജ്യങ്ങള്‍ക്ക് ദീര്‍ഘകാലമായുള്ള ചരിത്രപരമായ വെല്ലുവിളികളെ മറികടന്ന് സമാധാനപരവും പരസ്പരം ഗുണകരവുമായ തീരുമാനങ്ങളില്‍ എത്തിച്ചേരാം എന്നുള്ളതിന്റെ നിദര്‍ശനമാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരം, ഭൂമിശാസ്ത്രപരമായ അഖണ്ഡത, അന്താരാഷ്ട്രനിയമങ്ങള്‍ എന്നിവയോട് ഭാരതത്തിനുള്ള പ്രതിബദ്ധത ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഷാഗോസ് തര്‍ക്കത്തില്‍ രാജ്യം സ്വീകരിച്ച നിലപാട്.

ഷാഗോസ് ദ്വീപുകള്‍
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യത്തില്‍ ഭാരതത്തിനും മൗറീഷ്യസിനും ഇടയ്ക്കാണ് 58 ദ്വീപുകള്‍ ചേര്‍ന്ന, ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഈ ദ്വീപസമൂഹം. ഇവയില്‍ ഏറ്റവും വലുതാണ് തെക്കേയറ്റത്തുള്ള ഡീഗോ ഗാര്‍ഷ്യ എന്ന സു(കു)പ്രസിദ്ധ അമേരിക്കന്‍ നാവികത്താവളം. പതിനെട്ടാം നൂറ്റാണ്ടുവരെ ഇവിടെ ആള്‍താമസം ഇല്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ട് ആയതോടെ ഫ്രാന്‍സും ബ്രിട്ടനും സമുദ്രാധിപത്യത്തിനായി മത്സരിച്ചപ്പോഴാണ് ഷാഗോസ് ചിത്രത്തില്‍ വരുന്നത്. അവയുടെ ഭൗമശാസ്ത്രപരമായ തന്ത്രപ്രാധാന്യമായിരുന്നു കാരണം. നാവികതാവളമുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, മാത്രമല്ല ഇന്ത്യയെ തേടിപ്പോകുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും മറ്റും അനുയോജ്യമായ ഇടത്താവളവും. തിരുവനന്തപുരത്തു നിന്നും 1,700 കിലോമീറ്റര്‍ ദൂരം. മൗറീഷ്യസില്‍ നിന്നും 2,200 കി.മീ വടക്കു കിഴക്കും മാലിദ്വീപില്‍ നിന്നും 500 കി.മീ തെക്കും.
ഫ്രാന്‍സ് ഇവിടെ ആദ്യം കൊടി നാട്ടി, പണിയെടുക്കാന്‍ അടിമത്തൊഴിലാളികളെ ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നു. കൊപ്രയും വെളിച്ചെണ്ണയും ഉത്പാദിപ്പിക്കുന്ന വ്യവസായശാലകളുണ്ടാക്കി. പക്ഷേ, വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയന്‍ പരാജയപ്പെട്ടതിനുശേഷം ബ്രിട്ടന്‍ ഷാഗോസില്‍ അധികാരം പിടിച്ചെടുത്തു. പിന്നീടും നാളികേരം ആധിഷ്ഠിതമായ വ്യവസായങ്ങള്‍ വളര്‍ന്നു. അവയെ ചുറ്റിപ്പറ്റി കൊച്ചുസമൂഹങ്ങള്‍ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും അങ്ങനെ തന്നെയായിരുന്നു ഈ ദ്വീപുകളുടെ അവസ്ഥ.
കൂടുതൽ പ്രീമിയം വാർത്തകൾ വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
1965-ലാണ് ബ്രിട്ടന്‍ ഷാഗോസ് ദ്വീപുകളെ മൗറീഷ്യസില്‍ നിന്നും വേര്‍പെടുത്തി ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷന്‍ ടെറിട്ടറി (BIOT) ആയി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് ഷാഗോസ് ദ്വീപുകളിലെ എല്ലാ നിവാസികളെയും അവര്‍ സീഷെല്‍സ്, മൗറീഷ്യസ് ദ്വീപുകളിലേക്ക് അവരുടെ സമ്മതമില്ലാതെ നാടുകടത്തി. പിന്നീട് ഡീഗോ ഗാര്‍ഷ്യയെ ഷാഗോസില്‍ നിന്നും വേര്‍പ്പെടുത്തിയ ബ്രിട്ടന്‍ അതിനെ അമേരിക്കയ്ക്ക് പാട്ടത്തിന് നല്‍കി, അവിടെ 80-കളുടെ മധ്യത്തോടെ ഒരു അത്യാധുനിക സൈനികത്താവളം സജ്ജമായി. നാട്ടുകാരെ നാടുകടത്തിയതിലും നാവികത്താവളം ഉണ്ടാക്കിയതിലുമൊക്കെ കോളനിവാഴ്ചക്കാര്‍ക്ക് ശീലമുള്ള കുതന്ത്രങ്ങളും വ്യാജങ്ങളുമൊക്കെ യഥേഷ്ടം പ്രയോഗിക്കപ്പെട്ടു. പുറത്താക്കപ്പെട്ടവരും മൗറീഷ്യസും തങ്ങള്‍ക്കവകാശപ്പെട്ട മണ്ണു തിരിച്ചുകിട്ടാന്‍ വാതിലുകളേറെ മുട്ടി, ഏറെക്കാലം.
2017 ജൂണ്‍ 22ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം അംഗീകരിച്ച പ്രമേയം അനുസരിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി ഷാഗോസ് ദ്വീപുകളെ മൗറീഷ്യസില്‍ നിന്നും വേര്‍പ്പെടുത്തിയതിന്റെ നിയമസാധ്യത പരിശോധിക്കുവാന്‍ ഏല്‍പ്പിച്ചു. വേര്‍പ്പെടുത്തല്‍ നിയമവിരുദ്ധമാണെന്നും എത്രയും വേഗം ബ്രിട്ടന്‍ ദ്വീപുകള്‍ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. വീണ്ടും 2019 ഫെബ്രുവരി 25-ന് കോടതി ഈ ആവശ്യം ഒന്നുകൂടി ആവര്‍ത്തിച്ചു. അതേവര്‍ഷം മേയ് 22-ന് ഷാഗോസ് ദ്വീപസമൂഹം മൗറീഷ്യസിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പാസാക്കി. ഇന്ത്യയടക്കം 116 രാജ്യങ്ങള്‍ പിന്തുണച്ചു അതിനെ. പിന്നെയും വര്‍ഷങ്ങളെടുത്തു ദ്വീപുവാസികളുടെ സ്വപ്നങ്ങള്‍ സഫലമാവാന്‍.

ഡീഗോ ഗാര്‍ഷ്യയും അമേരിക്കന്‍ മേധാവിത്വവും
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വളരെ നിര്‍ണായകമായ ഇടത്താണ് ഡീഗോ ഗാര്‍ഷ്യ. കിഴക്കന്‍ ആഫ്രിക്ക, മധ്യപൂര്‍വേഷ്യ, ദക്ഷിണേഷ്യ എന്നിവയുടെ നടുക്ക്. എവിടേയ്ക്കും സൈനികനടപടികള്‍ സുഗമമായി സാധിക്കുന്ന താവളം മാത്രമല്ല, വളര്‍ന്നുവരുന്ന കയറ്റുമതി സമ്പദ് വ്യവസ്ഥകളായ ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള എളുപ്പവഴി കൂടിയാണിത്. ആഗോളവ്യാപാരത്തിലും ഭൗമരാഷ്ട്രീയ ബലതന്ത്രത്തിലും പ്രാധാന്യമുള്ള ഈ മേഖലയില്‍ 33 രാജ്യങ്ങളും 290 കോടി ജനങ്ങളുമുണ്ട്. സമുദ്രവ്യാപാരത്തിലെ മൊത്തം ചരക്കുകളുടെ മൂന്നിലൊന്നും എണ്ണയുടെ മൂന്നില്‍ രണ്ടും ഇതുവഴിയാണ് കടന്നുപോകുന്നത്. അമേരിക്കയെയും ബ്രിട്ടനെയും സംബന്ധിച്ചാണെങ്കില്‍, ചൈനയെ കുറിച്ചുള്ള ആശങ്കകള്‍, തെക്കന്‍ ചൈന കടലില്‍ പതിവായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍, പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെ വിതരണം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്‍ഡോ-പസിഫിക് സമുദ്രത്തിലെ സൈനിക സന്തുലനത്തിന് ഡീഗോ ഗാര്‍ഷ്യയും ഈ ദ്വീപസമൂഹവും വളരെ പ്രധാനമാണ്. പരമാധികാരം വിട്ടുകൊടുത്തിട്ടും പ്രവര്‍ത്തനച്ചുമതല കൈയൊഴിയാത്തത് അതുകൊണ്ടാണ്.
അമേരിക്ക സമീപകാലത്തു നടത്തിയ മിക്കവാറുമുള്ള യുദ്ധങ്ങളിലെല്ലാം നിര്‍ണായക പങ്ക് ഡീഗോ ഗാര്‍ഷ്യയ്ക്കുണ്ടായിരുന്നു. ഗള്‍ഫ്, ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളിലൊക്കെ അമേരിക്കന്‍ സൈന്യം എണ്ണമറ്റ ഓപ്പറേഷനുകള്‍ നടത്തിയത് ഇവിടെ നിന്നാണ്. വലിയ പടക്കപ്പലുകള്‍ ബെര്‍ത്ത് ചെയ്യാന്‍ പറ്റുന്ന വിശാലമായ ഉള്‍ക്കടലും, ബോംബര്‍ വിമാനങ്ങള്‍ അടക്കമുള്ള ദീര്‍ഘദൂര ഫൈറ്റര്‍ വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പറ്റുന്ന നീളന്‍ റണ്‍വേയും ഇവിടെയുണ്ട്. പുറമേയാണ് ഇന്ത്യന്‍ മഹാസമുദ്രമേഖലയാകെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ അതിവേഗം സൈനികമായി ഇടപെടാനും സൗകര്യമുള്ള സ്ഥലം. കുറച്ചു കുപ്രസിദ്ധിയുമുണ്ട് ഈ സൈനികത്താവളത്തിന്. ലോകവ്യാപാരസംഘടനാ ആസ്ഥാനത്തെ ഭീകരാക്രമണത്തിനുശേഷം പിടികൂടിയ ഭീകരവാദികളെ ക്രൂരമായി പീഡിപ്പിക്കാന്‍ ഇവിടം ഉപയോഗിച്ചതായി ആരോപണങ്ങളുണ്ട്.

ഇന്ത്യയും മൗറീഷ്യസും ചൈനയും
ഇന്ത്യന്‍ മഹാസമുദ്ര മേഖല നാവികശക്തികള്‍ തമ്മിലുള്ള ശക്തിപ്രകടനത്തിന്റെ വേദിയായി മാറിയിട്ട് കുറച്ചുകാലമായി. അമേരിക്കയും ചൈനയും ഇന്ത്യയും തന്നെ പ്രധാന കളിക്കാര്‍. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചൈന നാവികത്താവളം സ്ഥാപിക്കുന്ന തിരക്കിലാണ്. ഇന്ത്യ ഈ മേഖലയില്‍ കാര്യമായ പണവും വിഭവങ്ങളും മുടക്കി പ്രതിരോധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നുണ്ട്, നാവികസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. അന്തമാന്‍ ദ്വീപുകളില്‍ ഉണ്ടാക്കിവരുന്ന നാവികത്താവളവും മൗറീഷ്യസിലെ തന്നെ അഗലെഗ നാവികത്താവളവും ഉദാഹരണം.
മൗറീഷ്യസിലെ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്. ദീര്‍ഘകാലമായി രാജ്യവുമായി നമുക്കുള്ളത് ശക്തമായ ബന്ധമാണ്. ഇന്ത്യയുടെ സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദ റീജിയന്‍ അഥവാ 'സാഗര്‍' പദ്ധതിയിലെ പ്രമുഖ പങ്കാളിയാണ് മൗറീഷ്യസ്. സമുദ്ര തീരങ്ങളിലെ അയല്‍ക്കാരുമായി സാമ്പത്തിക, സുരക്ഷാ സഹകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി സമുദ്രസുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ അവരെ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ജഗന്നാഥും അഗലഗെ ദ്വീപുകളില്‍ ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. അവയില്‍ ഓരോ വിമാനത്താവളവും ബോട്ടുജെട്ടിയും പെടും. മൗറീഷ്യസിന്റെ സൈനികശക്തി വികസനത്തിന് ഇന്ത്യ കാര്യമായ സഹായം നല്‍കിവരുന്നു. അവരുടെ സൈന്യത്തിലേക്ക് ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരെ ഡെപ്യൂട്ട് ചെയ്യാറുണ്ട്. മൗറീഷ്യന്‍ നാഷണല്‍ കോസ്റ്റ് ഗാര്‍ഡ് നയിക്കുന്നത് ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനാണ്, പോലീസ് ഹെലികോപ്റ്റര്‍ സ്‌ക്വാഡ് നയിക്കുന്നത് ഇന്ത്യന്‍ വ്യോമസേനാ ഓഫീസര്‍, ഹൈഡ്രോഗ്രാഫി സര്‍വീസസ് നയിക്കുന്നത് ഇന്ത്യയുടെ നേവല്‍ ഓഫീസറും.
ഷാഗോസിലെ സാന്നിദ്ധ്യം ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും ഇന്ത്യയുടെ സുരക്ഷാവെല്ലുവിളികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും സഹായിക്കും. കടല്‍ക്കൊള്ളക്കാരുടെ വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും ഇത് സഹായകമാവും. പുതിയ സാഹചര്യത്തില്‍ അമേരിക്കയും ബ്രിട്ടനും ഡീഗോ ഗാര്‍ഷ്യയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഇന്ത്യയെ ക്ഷണിക്കാനും ഇടയുണ്ട്. ഇനി അതുണ്ടായില്ലെങ്കിലും ഷാഗോസിലെ ഏതെങ്കിലും ഒരു ദ്വീപില്‍ രാജ്യത്തിന്റെ ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സര്‍വേലന്‍സ് സംവിധാനം സെറ്റപ്പ് ചെയ്യാവുന്നതേയുള്ളൂ. എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം യു.കെയും മൗറീഷ്യസും തമ്മിലുണ്ടാക്കിയ കരാര്‍ 'ലോട്ടറി' തന്നെ.
Key Points:
- The UK has agreed to return sovereignty of the Chagos Islands to Mauritius.
- This move is seen as a strategic win for India, which has been advocating for Mauritius` claim.
- The US will continue to operate its military base on Diego Garcia, the largest island in the Chagos archipelago.
- The decision could strengthen India`s ability to counter China`s growing influence in the Indian Ocean.
- India`s active role in the Chagos issue highlights its increasing influence in global affairs.
Content Highlights: shagos-islands-india-china
Published: 05 Oct 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented