
ബാങ്കില്‍ ചെന്ന് രൂപയായി രൂപം മാറാന്‍ ഒരിക്കലും യോഗമുണ്ടാകാതെ പോയ ഒരു ചെക്കുണ്ടായിരുന്നു എന്റെ കയ്യില്‍. 25 രൂപയുടെ ചെക്ക്. പി.ടി. ഉഷയെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകളില്‍ മോക്ഷം നേടാതെ പോയ ആ ചെക്കുമുണ്ട്. 1985-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണ്ണമടക്കം ആറു മെഡല്‍ നേടി തിരിച്ചെത്തിയ ഉഷയെ പയ്യോളിയില്‍ ചെന്നുകണ്ട് എഴുതിയ ഫീച്ചറിന് കലാകൗമുദി പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ സാര്‍ അയച്ചുതന്നതായിരുന്നു ആ ചെക്ക്. 'രവിക്ക് ചായ കുടിക്കാന്‍' എന്ന കുറിപ്പോടെ. എഴുത്തുജീവിതത്തില്‍നിന്ന് ആദ്യമായി ലഭിച്ച പ്രതിഫലം.
ചായ- പഴംപൊരിയാദികള്‍ക്ക് മാത്രമല്ല ബിരിയാണിക്ക് പോലും അന്നത്തെ 25 രൂപ ധാരാളമായിരുന്നെങ്കിലും ചെക്ക് മാറാന്‍ മനസ്സ് സമ്മതിച്ചില്ല. എഴുതിയത് ഉഷയെ കുറിച്ച്; അയച്ചുതന്നത് സാക്ഷാല്‍ ജയചന്ദ്രന്‍ സാറും. എങ്ങനെ കൈവിടാനാകും അമൂല്യമായ ആ ചരിത്രരേഖയെ?. അതൊരു സ്മാരകമായി അങ്ങനെ പെട്ടിയിലിരിക്കട്ടെ എന്ന് തീരുമാനിക്കുന്നു അന്നത്തെ ട്രെയിനീ പത്രപ്രവര്‍ത്തകന്‍. കുറേക്കാലം കൂടി പെട്ടിയില്‍ ജീവിച്ചിരുന്നു ആ ചരിത്രരേഖ. പിന്നെ എങ്ങോ മറഞ്ഞു.
അതിനും രണ്ടാഴ്ച്ച മുന്‍പാണ് ജയചന്ദ്രന്‍ സാറുമായി ആദ്യം സംസാരിച്ചത്; ഫോണില്‍. ഏഷ്യന്‍ മേളയില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തി തിരിച്ചെത്തിയ പി.ടി. ഉഷയെ കുറിച്ച് ഒരു ഫീച്ചര്‍ വേണം. 'സ്ഥിരം ഫോര്‍മാറ്റ് വേണ്ട. വ്യത്യസ്തമാവണം. 'ഉഷയെ നേരില്‍ ചെന്ന് കണ്ട് എഴുതി അയയ്ക്കൂ.'' അദ്ദേഹം പറഞ്ഞു. വിശ്വസിക്കാനായില്ല. കലാകൗമുദിയില്‍ ഒരു ബൈലൈനോ? തുടക്കക്കാരനായ ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത സൗഭാഗ്യം. അതായിരുന്നു തകഴിയും എം.ടിയും വി.കെ.എന്നും എം. കൃഷ്ണന്‍ നായരുമൊക്കെ എഴുതിയിരുന്ന, നമ്പൂതിരി വരച്ചിരുന്ന അന്നത്തെ കലാകൗമുദി. പിന്നെ സംശയിച്ചില്ല. ഉഷയെ പയ്യോളിയില്‍ ചെന്ന് കണ്ട് കഴിയുന്നത്ര വ്യത്യസ്തമായ'' ഫീച്ചര്‍ എഴുതി സാറിന് അയച്ചുകൊടുത്തു. പിറ്റേ ആഴ്ച്ച അതടിച്ചു വരികയും ചെയ്തു.
അതായിരുന്നു തുടക്കം. 'കലാകൗമുദി''ക്ക് വേണ്ടി ജയചന്ദ്രന്‍ സാറിന്റെ നിര്‍ദേശപ്രകാരം പിന്നെയും സ്‌പോര്‍ട്‌സ് ലേഖനങ്ങള്‍ എഴുതി. ക്രിക്കറ്റ് ഒഴികെ സകല ഇനങ്ങളെ കുറിച്ചും. കെ.ആര്‍. ഉപേന്ദ്രവര്‍മ്മയുടെ മേഖലയായിരുന്നു ക്രിക്കറ്റ്. ക്രിക്കറ്റെഴുത്തില്‍ വര്‍മ്മാജിയെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല അക്കാലത്ത്. മലയാള മാധ്യമങ്ങളിലെ കളിയെഴുത്തുകള്‍ അധികവും ഫുട്‌ബോളിലും അത്‌ലറ്റിക്‌സിലും വോളിബാളിലുമൊക്കെ മേഞ്ഞു നടന്ന കാലത്ത് ഉപേന്ദ്രവര്‍മ്മയില്‍ ഒരു ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടിനെ കണ്ടെത്തിയ കലാകൗമുദിയുടെ ദീര്‍ഘവീക്ഷണം അപാരം. ആംചെയര്‍ ക്രിക്കറ്റ് വിദഗ്ധരെയും സ്ഥിതിവിവരക്കണക്കുകളുടെ ആശാന്മാരെയും മുട്ടി നടക്കാന്‍ പറ്റാത്ത ഈ ആധുനിക കാലത്ത് നിന്നുകൊണ്ട് ആ ഗൂഗിള്‍ രഹിത യുഗത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നും.
ഇടയ്ക്ക് കലാകൗമുദി ഫിലിം മാഗസിന് വേണ്ടിയും എഴുതി. പിന്നണിഗാനരംഗത്തെ യുവപ്രതിഭയായ ജി. വേണുഗോപാലിനെ കുറിച്ചുള്ള ആദ്യ ലേഖനം അടിച്ചുവന്നത് 1986-ല്‍ ഫിലിം മാഗസിനിലാണ്-ഒന്ന് മുതല്‍ പൂജ്യം വരെ'' പുറത്തിറങ്ങിയ സമയത്ത്. അത് പ്രസിദ്ധീകരിച്ചതും ജയചന്ദ്രന്‍ നായര്‍ തന്നെ," ആയിരം ഡ്യൂപ്പുകള്‍ക്കിടയില്‍ ഒരു ഒറിജിനല്‍'' എന്ന തലക്കെട്ടോടെ.
ലേഖനങ്ങള്‍ മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതോടൊപ്പം, എഡിറ്റിങ് ഒരു മാന്ത്രിക കലയാണെന്ന് മനസ്സിലാക്കിത്തരുക കൂടി ചെയ്തു അദ്ദേഹം. വെറുമൊരു വെട്ടോ തിരുത്തോ മതി ഏതു ശരാശരി കോപ്പിയേയും ലാവണ്യവതിയാക്കാന്‍. എഴുത്തിലെ ദുര്‍മേദസ്സ് ചുരണ്ടിക്കളയുന്നതില്‍ പോലുമുണ്ട് സവിശേഷമായ ഒരു ജയചന്ദ്രന്‍ നായര്‍ ടച്ച്. തലക്കെട്ടിടുന്നതിലും പേജുകള്‍ രൂപകല്‍പന ചെയ്യുന്നതിലുമുള്ള വൈഭവം വേറെ. ആദ്യം ആര്‍ട്ടിസ്റ്റ് മാധവന്‍ നായരുടെയും പിന്നെ സാക്ഷാല്‍ നമ്പൂതിരിയുടേതും, ഭട്ടതിരിയുടെയുമൊക്കെ അനുഗൃഹീത വിരലുകളുടെ സഹായത്തോടെ എം.എസ്. മണിയും എസ്. ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ്. ബാബുവും ചേര്‍ന്നൊരുക്കിയ 1970-കളിലേയും 80-കളിലെയും കലാകൗമുദി കാലത്തിന് മുന്‍പേ പറന്ന പക്ഷിയായിരുന്നു. മലയാളികളുടെ ഒരു തലമുറയ്ക്ക് വായനാ വസന്തം തന്നെ സൃഷ്ടിച്ചു നല്‍കിയ വാരിക. കള്ളിക്കാട് രാമചന്ദ്രന്‍, ഇ.വി. ശ്രീധരന്‍, എന്‍.എല്‍. ബാലകൃഷ്ണന്‍, പി.കെ. ശ്രീനിവാസന്‍, കെ. വേലപ്പന്‍..... ഇവരൊക്കെ ആ കാലഘട്ടത്തിന്റെ ഭാഗം.
1991-ലെ നെഹ്റു കപ്പ് ഫുട്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് ചെന്നപ്പോഴാണ് ജയചന്ദ്രന്‍ സാറിനെ നേരില്‍ കണ്ടത്. പേട്ട കേരളകൗമുദി ഓഫീസിന്റെ ഒരു കോണിലുള്ള കലാകൗമുദി ഡെസ്‌കില്‍ ഇരുന്ന് ആരുടെയോ സാഹിത്യസൃഷ്ടിയുമായി ഗുസ്തി പിടിച്ചുകൊണ്ടിരുന്ന ശുഭ്രവസ്ത്രധാത്രിയായ പത്രാധിപര്‍ക്ക് മലബാറുകാരന്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയെ പരിചയപ്പെടുത്തിയത് പ്രസാദ് ലക്ഷ്മണന്‍. തലയുയര്‍ത്തി, സൗമ്യമായ ഒരു ചിരിയോടെ ജയചന്ദ്രന്‍ സാര്‍ പറഞ്ഞു: കൊള്ളാം. ഇതാണല്ലേ നമ്മുടെ രവി മേനോന്‍. എന്തായാലും ആദ്യത്തെ വരവല്ലേ? നമുക്കൊരു ചായകുടിച്ചു വരാം...''
സാറിനും പ്രസാദിനും ആര്‍ട്ടിസ്റ്റ് ഭട്ടതിരിക്കും വേലപ്പനും ശരത്തിനും (അന്ന് കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകന്‍. പില്‍ക്കാലത്ത് സിനിമാ സംവിധായകന്‍) ഒപ്പം നേരെ പേട്ട റെയില്‍വേ സ്റ്റേഷന്‍ കാന്റീനിലേക്ക്. അവിടെ നിന്ന് സാറിന്റെ വക ചായയും ഉഴുന്നുവടയും. ചായ നുണഞ്ഞുകൊണ്ടുതന്നെ എഴുതാനുള്ള പുതിയ വിഷയങ്ങള്‍ നിര്‍ദേശിച്ചു അദ്ദേഹത്തിലെ പത്രാധിപര്‍-സ്റ്റെഫി ഗ്രാഫ്, സാല്‍വറ്റോര്‍ സ്‌കിലാച്ചി, മാജിക് ജോണ്‍സണ്‍... അങ്ങനെയങ്ങനെ.
കൗമുദി വിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ചേര്‍ന്നിട്ടും ജയചന്ദ്രന്‍ സാറുമായുള്ള ബന്ധം വിട്ടില്ല. ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ക്ക് എങ്ങനെ ആ സൗഹൃദ വലയത്തില്‍ നിന്ന് പുറത്തുകടക്കാനാകും?. വൈകാതെ, സാറും എക്‌സ്പ്രസ്സ് ഗ്രൂപ്പിലെത്തി, സമകാലിക മലയാളത്തിന്റെ പത്രാധിപരായി. രണ്ടാമത്തെ ലക്കം മുതലേ എഴുത്തുകാരനായി എന്നേയും കൂടെക്കൂട്ടി അദ്ദേഹം. ഇത്തവണ കളിയെഴുത്തിനേക്കാള്‍ പാട്ടെഴുത്താ'യിരുന്നു എന്നൊരു വ്യത്യാസം മാത്രം. ആദ്യം അടിച്ചുവന്നത് ശെമ്മാങ്കുടി ശ്രീനിവാസയ്യരുമായുള്ള അഭിമുഖം. പിന്നെ അല്ലിയാമ്പല്‍ ജോബ്, പി. ലീല, കോഴിക്കോട് അബ്ദുല്‍ഖാദര്‍, എ ആര്‍ റഹ്‌മാന്‍...... ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തിക്ക് ഒരു സ്‌പെഷ്യല്‍ ഇഷ്യൂ ഇറക്കാന്‍ വേണ്ടി ചെന്നൈയിലേക്ക് അയച്ചത് മറ്റൊരു നല്ല ഓര്‍മ്മ. യേശുദാസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് -" യേശുദാസ്, അയാം സോറി ഫോര്‍ യു'' എന്ന പേരില്‍ സക്കറിയയുടെ വിവാദ ലേഖനം കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചതും ഇതേ ജയചന്ദ്രന്‍ സാര്‍ തന്നെ ആയിരുന്നു എന്ന കൗതുകമുള്ള കാര്യം. ഓര്‍മ്മപ്പെടുത്തിയപ്പോള്‍ പതിവുപോലെ നിശബ്ദമായി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'എന്നാല്‍ ഇതൊരു പ്രായശ്ചിത്തമാകട്ടെ..''
ലളിതമായ ശൈലിയില്‍ പ്രസാദാത്മകമായി മാത്രം എഴുതുന്ന ജയചന്ദ്രന്‍ സാറിന്റെ 'മൗനപ്രാര്‍ത്ഥന പോലെ' എന്ന രചന മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ അത്ഭുതം തോന്നിയില്ല.. എഴുത്തിന്റെ വഴികളിലൂടെ കൈപിടിച്ച് നടത്തിയവരില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്ന ആ അഭിവന്ദ്യനായ പത്രാധിപരെ നന്ദിയോടെ, അളവറ്റ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
Content Highlights: ravi menon remembers noted journalist s jayachandran nair
Published: 02 Jan 2025, 06:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented