
യു.എസ്.-ഇസ്രയേൽസഖ്യം ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ ആക്രമണം പശ്ചിമേഷ്യയെ മുഴുവൻ ഗ്രസിക്കുന്ന മാനങ്ങളിലേക്ക് വളർന്നുകഴിഞ്ഞു. ‘ഇറാൻ ഭരണകൂടത്തിൽനിന്നുള്ള ആസന്നമായ ഭീഷണി തുടച്ചുനീക്കുകയാണ്’ ആക്രമണലക്ഷ്യമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ‘ഗർജിക്കുന്ന സിംഹം’ എന്നുപേരിട്ട സൈനികനടപടി ഇറാനിൽ ഭരണമാറ്റം ലക്ഷ്യംവെച്ചുള്ളതാണ്. 1989 മുതൽ ഇറാന്റെ പരമോന്നതനേതാവ് എന്ന പദവിയിലിരിക്കുന്ന ഷിയാകളുടെ ആത്മീയാചാര്യൻകൂടിയായ അയത്തുള്ള അലി ഖമീനിയുടെ വധം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അദ്ദേഹത്തിന്റെ അഭാവം ഇറാന്റെ രാഷ്ട്രീയ-മത ഘടനയിൽ സൃഷ്ടിച്ച ശൂന്യത മറികടന്നാൽമാത്രമേ ഇറാൻ ‘പ്രതിരോധം’ ഫലപ്രദമാവുകയുള്ളൂ.
ഹോർമുസ് എന്ന വജ്രായുധം
ഗാസയുദ്ധകാലത്ത് ഗൾഫ് മേഖല ഏറക്കുറെ ശാന്തമായിരുന്നു. ഇപ്പോൾ ഗൾഫ് മേഖലയാണ് സംഘർഷത്തിലമർന്നിരിക്കുന്നത്. ലോകസമ്പദ്‌ഘടനയിൽ പേർഷ്യൻ ഗൾഫിന് നിർണായക സ്ഥാനമാണുള്ളത്. ലോകത്തിലെ എണ്ണവിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് പേർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 83 മുതൽ 54 കിലോമീറ്റർമാത്രം വീതിയുള്ള ഹോർമുസ് കടലിടുക്കുവഴിയാണ്. സംഘർഷത്തെത്തുടർന്ന് ഇറാൻ അത് അടച്ചു. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാന്റെ ഗൺബോട്ടുകൾക്ക് നിഷ്പ്രയാസം കഴിയും. ഇതോടൊപ്പം ഗൾഫിലെ സാമ്പത്തികപ്രവർത്തനങ്ങളുടെ കേന്ദ്രമായ ദുബായ്, അബുദാബി, റിയാദ്, ദോഹ, മനാമ തുടങ്ങിയ മഹാനഗരങ്ങളെല്ലാം ഇറാന്റെ മിസൈൽ ആക്രമണത്തിന് വിധേയമായി. ഈ മേഖലയിൽ കൂടുതൽ ആക്രമണങ്ങൾ നടത്താനുള്ള ശേഷി ഇപ്പോഴും ഇറാനുണ്ട്.
എണ്ണ പൊള്ളും
പേർഷ്യൻ ഗൾഫും മേഖലയിലെ നഗരങ്ങളും സുരക്ഷിതത്വഭീഷണിയിലായത് ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങുടെ എണ്ണ ലഭ്യതയെയും സമ്പദ് ഘടനയെയും നിർണായകമായി സ്വാധീനിക്കും. ആഗോള വ്യോമഗതാഗതത്തിന്റെ 35 ശതമാനത്തോളംവരുന്ന ഏഷ്യ-പസഫിക് മേഖലയിൽ വ്യോമഗതാഗതം താറുമാറായിരിക്കുന്നു. ഇറാനും പേർഷ്യൻ ഗൾഫ് രാജ്യങ്ങളും വ്യോമാതിർത്തി അടച്ചു. ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണിത്. ദുബായ്, അബുദാബി, ദോഹ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾവഴിയാണ് പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങൾ, മധ്യേഷ്യ, യൂറോപ്പ്, വടക്കേ ആഫ്രിക്ക, അമേരിക്കൻ ഭൂഖണ്ഡങ്ങൾ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള സാധന-സേവനങ്ങളുടെയും ആൾ സഞ്ചാരത്തിന്റെയും സിംഹഭാഗവും കടന്നുപോകുന്നത്. ഇതോടൊപ്പം ഗൾഫിൽനിന്ന് വലിയതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ജപ്പാൻ, ചൈന, ഇന്ത്യ എന്നീ വൻശക്തിരാഷ്ട്രങ്ങൾക്ക് ഗൾഫ് സംഘർഷം സാമ്പത്തികഞെരുക്കവും വികസനമുരടിപ്പുമുണ്ടാക്കുമെന്നത് നിസ്സംശയമാണ്.
ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനം ഗൾഫ്/പശ്ചിമേഷ്യ മേഖലയിൽനിന്നാണ്. ഹോർമൂസ് കടലിടുക്കുതാണ്ടിയാണ് എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്കെത്തേണ്ടത്. റഷ്യയിൽനിന്നുള്ള എണ്ണയും ഈ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ചുരുക്കത്തിൽ ഇന്ത്യൻ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ 50 ശതമാനത്തോളം കടന്നുവരുന്നത് പേർഷ്യൻ ഗൾഫ്, ഹോർമൂസ് കടലിടുക്ക്, ഗൾഫ് ഓഫ് ഒമാൻ എന്നീ സമുദ്രപാതകളിലൂടെയാണ്. ഈ സാഹചര്യത്തിൽ നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷം ഏറ്റവും മാരകമായി ഇന്ത്യയെ ബാധിച്ചേക്കാം.
പ്രവാസി പ്രതിസന്ധി
പശ്ചിമേഷ്യയിലെ ഏറ്റവും സ്ഥിരതയാർന്ന ഉപമേഖലയാണ് ഗൾഫ്. ജി.സി.സി. രാജ്യങ്ങളിൽമാത്രം ഏകദേശം 89 ലക്ഷം ഇന്ത്യക്കാർ ജോലിനോക്കുന്നുണ്ട്; യു.എ.ഇ.യിൽമാത്രം 34 ലക്ഷം ഇന്ത്യക്കാർ. ഇവരിൽ 70 ശതമാനത്തോളം ബ്ലൂകോളർ ജോലിക്കാരാണ്. യുദ്ധവും സംഘർഷവുംമൂലം തൊഴിൽനഷ്ടമുണ്ടായാൽ ഇവർക്ക് മറ്റ് തൊഴിൽമേഖലകൾ എളുപ്പം തുറന്നുകിട്ടില്ല.
ഗൾഫ് ഇന്ത്യക്കാരിൽ സിംഹഭാഗവും മലയാളികളാണ് എന്നത് കേരളത്തിന്റെ ആശങ്ക വർധിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ 30 ലക്ഷത്തോളം മലയാളികളുണ്ട്. വർഷംതോറും 1.3 ലക്ഷം കോടി രൂപയാണ് ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾ കേരളത്തിലേക്കയക്കുന്നത്. ജി.സി.സി. രാജ്യങ്ങൾ മലയാളികളുടെ രണ്ടാംവീടാണ്. സമുദ്രപാതകൾ നിരന്തരഭീഷണിയിലാവുകയും നഗരങ്ങൾ ഇറാന്റെ മിസൈൽ/ഡ്രോൺ പരിധിയിൽ തുടരുകയും ചെയ്യുന്നത് കടുത്ത സുരക്ഷാഭീഷണിയാണ്. സമാധാനവും സുരക്ഷിതത്വവും വികസനത്തിന്റെ അടിസ്ഥാനശിലയാണ്. ഗൾഫ് മേഖലയുടെ സാമ്പത്തിക വളർച്ചയുടെ അടിത്തറ രാഷ്ട്രീയ സുസ്ഥിരതയും സുരക്ഷിതത്വവുമായിരുന്നു. മേഖലയിലെ അമേരിക്കയുടെ വ്യോമ-നാവിക താവളങ്ങൾക്കോ വിമാനവാഹിനിക്കപ്പലുകൾക്കോ ഇറാന്റെ മിസൈൽ/ഡ്രോൺ ആക്രമണങ്ങളിൽനിന്ന് ഈ രാജ്യങ്ങൾക്ക് പൂർണ സുരക്ഷ നൽകാൻ കഴിഞ്ഞില്ല എന്ന് വ്യക്തമായ സാഹചര്യത്തിൽ നിരന്തരസംഘർഷത്തിൽനിന്ന് നയതന്ത്രത്തിലേക്ക് നീങ്ങുകമാത്രമാണ് മേഖലയുടെ സുരക്ഷിതത്വത്തിനും സുസ്ഥിര വികസനത്തിനും കരണീയമായിട്ടുള്ളത്.
മാറുന്ന സഖ്യങ്ങൾ
ജി.സി.സി. രാജ്യങ്ങൾ ആക്രമിക്കപ്പെട്ടതോടെ അവർ ഇറാനെതിരേ ഒന്നിക്കുന്ന സാഹചര്യമാണുള്ളത്. ഇറാൻ-യു.എസ്. ചർച്ചകൾക്ക് മധ്യസ്ഥംവഹിച്ച ഒമാൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയുണ്ടായി. ഇറാന്റെ പരമാധികാരം മാനിക്കണമെന്ന് ചൈനയും നയതന്ത്ര മാർഗങ്ങളിലൂെട പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇറാനിൽ ഭരണമാറ്റത്തിനുള്ള അമേരിക്കൻ ശ്രമങ്ങൾ വിജയിക്കണമെങ്കിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി) ആയുധം താഴെവെക്കണം. ‘ശിക്ഷയിലൂടെ പ്രതിരോധം’ എന്ന നയമാണ് ഇറാൻ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായാണ് യു.എസ്.-ഇസ്രയേൽ ആക്രമണത്തിൽ മറുപടിയായി മേഖലയിലെ അമേരിക്കൻ സൈനികത്താവളങ്ങളെയും സുഹൃദ്‌രാജ്യങ്ങളെയും അവർ ആക്രമിച്ചത്. മാത്രമല്ല ഐ.ആർ.ജി.സി.യും ഇറാന്റെ പ്രോക്സികളും ആയുധം താഴെവെക്കാനുള്ള സാധ്യത തുലോം വിരളമാണ്. ഖമീനിയുടെ വധത്തിന് പ്രതികാരംചെയ്യാതെ അവർക്ക് തലയുയർത്താൻ കഴിയില്ല. ഭരണമാറ്റമില്ലാതെ പിൻതിരിയാൻ അമേരിക്കയ്ക്കും കഴിയില്ല. നയതന്ത്രമാർഗങ്ങളിലേക്ക് മടങ്ങിവരണമെങ്കിൽ റഷ്യ-ചൈന അച്ചുതണ്ട് ശക്തമായ സമ്മർദം ചെലുത്തണം. സൈനികമായും തന്ത്രപരമായും ഇറാനെ പിന്തുണയ്ക്കാൻ റഷ്യയും ചൈനയും തയ്യാറാകാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ നാലുദിവസംകൊണ്ട് തീർക്കും എന്ന് ട്രംപ് പ്രഖ്യാപിച്ച യുദ്ധം 400 ദിനങ്ങൾ നീണ്ടുനിന്നാലും അദ്‌ഭുതത്തിന് വകയില്ല. ദീർഘകാലം തന്ത്രപ്രധാനമായ ഗൾഫ് മേഖല സംഘർഷത്തിലും അസ്ഥിരതയിലും തുടരുന്നത് ലോകത്തിനും വിശിഷ്യ ഇന്ത്യക്കും കടുത്ത വെല്ലുവിളിയാണ്.
Content Highlights: Analysis of the US-Iran military conflict in the Middle East., Impact on the Strait of Hormuz and global oil supply., Economic consequences for India, China, and Japan., The crisis facing millions of Indian expatriates in the Gulf.
Published: 02 Mar 2026, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented