സിനിമാക്കഥയെ വെല്ലുന്ന ഒരു വിശ്വാസത്തിന്റെ കഥ. നൂറു വര്‍ഷത്തെ ശപഥം പൊന്നുപോലെ കാത്തുസൂക്ഷിച്ച ഒരു കുടുംബം. അങ്ങനെയൊരു കൂറിന്റെ കഥ പറയുകയാണ് കാനഡയില്‍ നിന്ന്. അതിന് ഇന്ത്യയുമായി മുറിച്ചുമാറ്റാനാവാത്ത ഒരു ബന്ധം കൂടിയുണ്ടെന്ന് പറയുമ്പോള്‍ നമുക്കും അഭിമാനിക്കാം. പറഞ്ഞുവരുന്നത് ഒരു നൂറ്റാണ്ട് കാലം അജ്ഞാതമായി കിടന്നിരുന്ന ഫ്ളോറന്റൈൻ വജ്രം എന്ന മഞ്ഞവജ്രത്തിന്റെ വിശേഷത്തെ കുറിച്ചാണ്.

To advertise here,

ഓസ്ട്രിയയിലെ ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ അവസാനത്തെ രാജാവ് ചാള്‍സ് ഒന്നാമന്റെ കൈവശമുണ്ടായിരുന്ന 137 കാരറ്റുള്ള മഞ്ഞവജ്രം എന്നറിയപ്പെടുന്ന ഫ്ളോറന്റൈന്‍ വജ്രമാണ് നൂറ്റാണ്ടോളമുള്ള ദുരൂഹതയ്ക്കും അജ്ഞതയ്ക്കുമൊടുവില്‍ കാനഡ ക്യൂബെക്കിലുള്ള ഒരു ബാങ്ക് ലോക്കറില്‍ ഇപ്പോഴും സൂക്ഷിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഇക്കാലമത്രയും ഇത് അജ്ഞാതമാക്കി വെച്ചിരിക്കുന്നതിന് പിന്നില്‍ വലിയൊരു കഥയുമുണ്ട്. ആ കഥയാണ് ഒരു സിനിമാക്കഥയെ വെല്ലുന്ന വിശ്വാസത്തിന്റേയും കൂറിന്റേയും കഥയായി ഇന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടിരിക്കുന്നത്.

ഒരു നൂറ്റാണ്ടിന്റെ കൂറ്

ഓസ്ട്രിയന്‍ സാമ്രാജ്യത്തിന്റെ രാജാവായിരുന്ന ചാള്‍സ് ഒന്നാമന്റെ ഭാര്യ സിറ്റ ചക്രവര്‍ത്തിനിയാണ് ഈ മഞ്ഞവജ്രം കാനഡയിലെത്തിച്ചത്. ശേഷം മക്കള്‍ക്ക് ഒരു ഉപദേശവും നല്‍കി. രാജാവ് മരിച്ച് നൂറു വര്‍ഷത്തിന് ശേഷം മാത്രമേ ലോക്കര്‍ തുറന്ന് വജ്രം പുറത്തെടുക്കാവൂ. ഈ വാക്കാണ് ഇത്രകാലം പാലിക്കപ്പെട്ടത്. കഴിഞ്ഞമാസമാണ് ചാള്‍സ് ഒന്നാമന്റെ കൊച്ചുമകന്‍ കാള്‍ വോണ്‍ ഹാബ്സ്ബർഗ് ലോത്രിന്‍ജനും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്ന് ബാങ്കിലെത്തി വജ്രം പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട് നൂറു വര്‍ഷത്തോളം നിലനിന്നിരുന്ന അതീവ രഹസ്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തത്. ഇതിന് ന്യൂയോര്‍ക്ക് ടൈംസും സാക്ഷിയായിരുന്നു.

വജ്രം ലോക്കറില്‍ സൂക്ഷിക്കുമ്പോള്‍ സിറ്റ ചക്രവര്‍ത്തിനി തന്റെ മക്കളായ റോബര്‍ട്ട്, റുഡോള്‍ഫ് എന്നിവരോട് മാത്രമാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നതെന്ന് വജ്രം പരിശോധിച്ച ശേഷം കാള്‍ വോണ്‍ ഹാസ്ബര്‍ഗ് ലോത്രിന്‍ജന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്. റോബര്‍ട്ടും റുഡോള്‍ഫും മരിക്കുന്നതിന് മുമ്പ് വജ്രത്തിന്റെ വിവരം അവര്‍ അവരുടെ മക്കളോടും പങ്കുവെച്ചു. 1922 -ല്‍ ആണ് ചാള്‍സ് രാജാവ് മരിക്കുന്നത്. പക്ഷേ, കഴിഞ്ഞ ദിവസം രാജകുടുംബത്തിന്റെ ഇപ്പോഴത്തെ അംഗങ്ങള്‍ വജ്രം പരിശോധിക്കുകയും വിവരം പുറം ലോകത്തെ അറിയിക്കുകയും ചെയ്തു

രാജകുടുംബത്തിന്റെ ആഗ്രഹം അനുസരിച്ച് ഇത്രയും കാലം വജ്രം സൂക്ഷിക്കുകയും വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തതിന് കാനഡയോട് നന്ദി പറയുന്നുവെന്നും ഇത് പൊതുജനങ്ങള്‍ക്കായി കാണിക്കാന്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും കാള്‍ വോണ്‍ ഹാബ്സ്ബർഗ് ലോത്രിന്‍ജന്‍ വ്യക്തമാക്കി. ‘’ ആദ്യമായിട്ടാണ് ഞങ്ങളും ഈ വജ്രം കാണുന്നത്, ഇപ്പോഴും അതിന്റെ പുതുമ ഒട്ടും ചോര്‍ന്നിട്ടില്ല’’- അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം

 

15-ാം നൂറ്റാണ്ടില്‍ തെലങ്കാനയിലെ ഗോൽക്കൊണ്ടയില്‍ നിന്നും ഖനനം ചെയ്‌തെടുത്തതാണ് ഈ മഞ്ഞവജ്രം. പിന്നീട് വിജയനഗര സാമ്രാജ്യത്തിലെ ഒരു രാജാവിന്റെ കൈവശമായിരുന്നു. ശേഷം ഗോവയിലെ പോര്‍ച്ചുഗീസ് ഗവര്‍ണറായ ലുഡോവികോ കാസ്‌ട്രോ ഇതു വാങ്ങി. ഇവിടെ നിന്നാണ് ബര്‍ഗണ്ടിയിലെ ചാള്‍സ് ബോള്‍ഡിന്റെ കൈകളിലെത്തുന്നത്. 1477-ലെ മോരറ്റ് യുദ്ധത്തില്‍ ചാള്‍സ് ബോള്‍ഡ് പരാജയപ്പെടുകയും ചെയ്തു. ഇന്ന് സ്വിറ്റ്‌സര്‍ലൻഡിന്റെ ഭാഗമാണ് മോരറ്റ് നഗരം. ഫ്‌ളോറന്റൈൻ വജ്രം അന്ന് ഒരു സ്വിസ് പട്ടാളക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും ചില്ലു ഭാഗമാണെന്ന് തെറ്റിദ്ധരിച്ചെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് പല കൈമറിഞ്ഞ് ഇത് ഫ്‌ളോറന്‍സിലെ മെഡിസി കുടുംബത്തില്‍ എത്തിപ്പെടുകയും ചെയ്തു. അന്നത്തെ ഇറ്റാലിയന്‍ സാമ്രാജ്യത്തിലെ അതിശക്തമായ ഭരണാധികാരിയായിരുന്നു മെഡിസി കുടുംബം.

16-ാം നൂറ്റാണ്ടില്‍ അന്നത്തെ പ്രഭുവായ ഫെര്‍ഡിനാന്റ് ലെ ഡി മെഡിസിയാണ് ഇത് അതീവ മൂല്യമുള്ള വജ്രമാണെന്ന് തിരിച്ചറിയുന്നതും ഇത് പിന്നീട് അവരുടെ അഭിമാനത്തിന്റെ പ്രതീകമാവുകയും ചെയ്തു. ഇവരാണ് വജ്രത്തെ ഇന്ന് കാണുന്ന തരത്തില്‍ ഒമ്പത് വശങ്ങളുള്ള രൂപത്തിലേക്ക് മാറ്റിയത് (നയന്‍ സെഡഡ് റോസസ്). ഓസ്ട്രിയന്‍ യെല്ലോ എന്നായിരുന്നു ഇത് പിന്നീട് അറിയപ്പെട്ടത്. രാജ്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ നിര്‍ണായക തീരുമാനമെടുക്കുമ്പോഴും ഈ വജ്രത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. 1736-ല്‍ മരിയാ തെരേസ ചക്രവര്‍ത്തിനിയുടേയും ഫ്രാന്‍സിസ് സ്റ്റീഫന്റേയും വിവാഹത്തോടെ ഇത് തെരേസ ചക്രവര്‍ത്തിനിയുടെ കൈയിലെത്തി. 1737-ല്‍ അവസാന മെഡിസി രാജാവും മരിച്ചതിന് ശേഷമാണ് ഓസ്ട്രിയയിലെ ഹാബ്സ്ബർഗ് കുടുംബത്തിലേക്ക് വജ്രമെത്തുന്നത്.

ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ രാജാക്കന്മാര്‍ കീരീടധാരണസമയത്തും മറ്റ് പ്രധാനപ്പെട്ട ചടങ്ങുകളിലും ആഘോഷങ്ങളിലുമെല്ലാം ഫ്‌ളോറന്റൈന്‍ വജ്രം പ്രദര്‍ശിപ്പിച്ചിരുന്നു. അങ്ങനെ  പ്രധാനപ്പെട്ട വസ്തുവായി കണക്കാക്കി. രാജ്യത്തിന്റെ പുരോഗമനത്തിനും സാമ്പത്തിക ഉന്നമനത്തിനുമെല്ലാം ഈ വജ്രം നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഒന്നാംലോക മഹായുദ്ധത്തിനുശേഷം ഹാബ്സ്ബർഗ് ഭരണം വീണതോടെ വജ്രത്തിന്റെ വിധിയും മാറിമറിയുകയായിരുന്നു. 1918-ല്‍ ആണ് യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ അന്നത്തെ ഭരണാധികാരി ചാള്‍സ് രാജവും കടുംബവും സ്വിറ്റ്‌സര്‍ലൻഡിലെത്തുന്നത്. ഇതിനുശേഷം വജ്രത്തിന് എന്ത് സംഭവിച്ചുവെന്നത് അജ്ഞാതമായിരുന്നു.

യുദ്ധത്തില്‍ വജ്രം നഷ്ടപ്പെട്ടുപോയിരിക്കാമെന്നോ തകര്‍ക്കപ്പെട്ടുപോയിരിക്കാമെന്നോ മോഷ്ടിക്കപ്പെട്ടിരിക്കാമെന്നോ ആയിരുന്നു വിശ്വസിച്ചുപോന്നിരുന്നത്. പല അന്വേഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നു. പക്ഷേ, ഒരു വിവരവും ലഭിച്ചിരുന്നില്ല. ചരിത്രകാരന്മാരും ഗവേഷകരും മെഴുക് പ്രതിമകളും ചിത്രങ്ങളും തയ്യാറാക്കി. പക്ഷെ യഥാര്‍ഥ വസ്തുത അപ്പോഴും മറഞ്ഞിരിക്കുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഹാബ്സ്ബർഗ് സാമ്രാജത്തിന്റെ പിന്‍തലമുറിയില്‍പ്പെട്ടവര്‍ ഇപ്പോഴും ഇത് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന വെളിപ്പെടത്തല്‍ നടത്തിയിരിക്കുന്നത്. ന്യൂമോണിയ ബാധിച്ച് മഡീറയില്‍ വെച്ചാണ് 1922-ല്‍ ചാള്‍സ് ഒന്നാമന്‍ മരിക്കുന്നത്.

സ്വിറ്റ്‌സര്‍ലൻഡിൽ നിന്നും മഡീറയിലേക്കായിരുന്നു ഇവര്‍ പിന്നീട് കുടിയേറിയത്. ശേഷം സിറ്റ ചക്രവര്‍ത്തിനിയും കുടുംബവും അവിടെ നിന്നും സ്‌പെയിനിലേക്കും പിന്നീട് 1929-ല്‍ ബെല്‍ജിയത്തിലേക്കും മാറി. നാസി ഭീഷണി ഉയര്‍ന്നതോടെ 1940-കളില്‍ സിറ്റയും കുടുംബവും അമേരിക്കയില്‍ അഭയം പ്രാപിച്ചു. അവസാനം അമേരിക്കയുടെ സഹായത്തോടെയാണ് കുടുംബം കാനഡയിലേക്ക് സഞ്ചരിക്കുകയും ക്യുബെക്കില്‍ താമസമാക്കുകയും ചെയ്തത്. ഇവിടെ എത്തിയ ശേഷമാണ് ക്യൂബെക്കിലെ ബാങ്കില്‍ വജ്രം ഏറെ രഹസ്യാത്മകമായി സൂക്ഷിച്ചത്. 96-ാം വയസ്സില്‍ 1989-ല്‍ ആയിരുന്നു സിറ്റ ചക്രവര്‍ത്തിയുടെ മരണം.

ലോകശ്രദ്ധയില്‍ ഗോൽക്കൊണ്ട മൈന്‍

ലോകത്തിന്റെ വജ്രയിടം എന്ന വിളിപ്പേരുണ്ട് തെലങ്കാനയിലെ ഗോൽക്കൊണ്ടയ്ക്ക്. ഹൈദരാബദിന് അടുത്ത് നില്‍ക്കുന്ന ഗോൽക്കൊണ്ട ലോകത്തിലെ പ്രശസ്തമായ വജ്രങ്ങളുടെയെല്ലാം വാസ സ്ഥലമായിരുന്നു. ഫ്ളോറന്റൈൻ, കോഹിനൂര്‍, ഹോപ്, റീജെന്റ, ഓര്‍ലോവ് തുടങ്ങിയവയെല്ലാം ഇവിടെ നിന്നും ഖനനം ചെയ്‌തെടുത്താണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും റഷ്യയില്‍ നിന്നുമെല്ലാം വജ്രം കണ്ടെത്തുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ വജ്രശേഖരമുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 13-14 നൂറ്റാണ്ടുകളില്‍ തന്നെ ഗോൽക്കൊണ്ട ലോകത്തിന്റെ വജ്രശേഖര പട്ടികയില്‍ ഇടംപിടിച്ചുവെന്നാണ് പറയപ്പെടുന്നത്. കുത്തബ് ഷാഹി സാമ്രാജ്യ കാലത്ത് അവരുടെ തലസ്ഥാനവും ഗോൽക്കോണ്ടായിരുന്നു. എന്നാല്‍ 18-ാം നൂറ്റാണ്ടോടെ ഗോൽക്കോണ്ട ഖനികളുടെ പ്രതാപം നഷ്ടപ്പെട്ടു. 1720-കളിലും 1800-കളിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും വജ്രശേഖരണം കണ്ടെത്തിയതോടെ ഗോൾക്കോണ്ട ഖനികളുടെ പ്രാധാന്യവും കുറഞ്ഞു.