
കോര്‍പ്പറേറ്റ് ലോകത്തെ മത്സരങ്ങളെപ്പോലെ തന്നെ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ക്കുള്ളിലെ ആഭ്യന്തരയുദ്ധങ്ങളും പലപ്പോഴും വാര്‍ത്തകളിലിടം നേടാറുണ്ട്. റെയ്മണ്ട്, റിലയന്‍സ്, അപ്പോളോ, ബജാജ് തുടങ്ങിയവര്‍ കുടുംബതര്‍ക്കങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം വാര്‍ത്തകള്‍ക്ക് വിഷയങ്ങളായവരാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവില്‍ വന്നുചേര്‍ന്ന പേരാണ് സിഗരറ്റ് നിര്‍മാതാക്കളായ ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മാതാക്കളാണ് ഗോഡ്‌ഫ്രെ ലിമിറ്റഡ്. 19,000 കോടിയാണ് ഈ പുകയില സാമ്രാജ്യത്തിന്റെ ആസ്തി. എന്നാല്‍, ഇന്ന് കുടുംബസ്വത്തായ ബിസിനസ്സിനെ ചൊല്ലിയുള്ള തര്‍ക്കം സുപ്രീം കോടതി വരെ എത്തിയിരിക്കുകയാണ്. അമ്മയ്‌ക്കെതിരേ മക്കളും, മക്കള്‍ക്കെതിരേ കമ്പനിയും പോരടിക്കുകയാണ്. ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ബിന മോഡിയും മകനായ സമിര്‍ മോഡിയുമാണ് തര്‍ക്കത്തിലെ കഥാപാത്രങ്ങള്‍. കൃഷ്ണകുമാര്‍ മോഡി കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം അമ്മയും മക്കളും തമ്മിലുള്ള യുദ്ധത്തിന്റെ പേരില്‍ തകര്‍ന്നുവീഴുമോ എന്നാണ് കോര്‍പ്പറേറ്റ് ലോകവും ഉറ്റുനോക്കുന്നത്.
അമ്മയ്‌ക്കെതിരേ മകന്‍റെ പരാതി
ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സമിര്‍ മോഡിയാണ് അമ്മയും ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡിന്‍റെ ചെയര്‍പേഴ്സണുമായ ബിന മോഡിക്കെതിരേ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കഴിഞ്ഞ മെയ് 31-നാണ് സമിര്‍ മോഡി അമ്മയ്‌ക്കെതിരേ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. ബിന മോഡിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി അസിസ്റ്റന്റും ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ ചില ഡയറക്ടര്‍മാരും ചേര്‍ന്ന് തന്നെ കയ്യേറ്റം ചെയ്തതായാണ് പരാതി. ഡല്‍ഹി ജസോലയിലുള്ള ഓഫീസില്‍ ഷെഡ്യൂള്‍ ചെയ്ത ബോര്‍ഡ് മീറ്റിംഗില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അതിക്രമത്തിനിരയായതെന്ന് പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ച ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാനായി പോയപ്പോള്‍ അമ്മയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി സ്റ്റാഫ് താന്‍ അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു, വിലക്ക് മറികടന്ന് പോകാനുള്ള ശ്രമത്തിനിടെ സെക്യൂരിറ്റി സ്റ്റാഫ് കൈപിടിച്ച് തിരിച്ചു. ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് മീറ്റിങ് നടക്കുന്ന മുറിയുടെ വാതില്‍ തുറക്കുകയും അകത്തേക്ക് കടക്കാന്‍ അനുവാദം ലഭിക്കുകയും ചെയ്തത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ കയ്യേറ്റത്തെ കുറിച്ച് ബിന മോഡിയോട് പറഞ്ഞെങ്കിലും അനുതാപത്തോടെയുള്ള പെരുമാറ്റമല്ല അമ്മയുടെ ഭാഗത്തുനിന്നുണ്ടായത്, പകരം പേഴ്‌സണ്‍ സ്റ്റാഫിനോട് ' തല്‍ക്കാലം മതി' എന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.
അമ്മയുടെ നിര്‍ദേശപ്രകാരമാണ് തനിക്കുനേരെ നടന്ന അതിക്രമമെന്ന് അതില്‍നിന്ന് വ്യക്തമായി. വേദനയ്ക്കിടയിലും ബോര്‍ഡ് മീറ്റിങില്‍ പങ്കെടുത്തതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. അതിക്രമത്തെ തുടര്‍ന്ന് തന്റെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റുവെന്നും വിരലിലെ എല്ലുകള്‍ പൊട്ടിയതായും പരാതിയില്‍ പറയുന്നു. വിരലിന് അടിയന്തരശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാലും വിരല്‍ സാധാരണ നിലയിലാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്ന് സരിതാവിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സമിര്‍ മോഡി പറയുന്നു.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് സമിര്‍ മോഡി ആരോപിക്കുന്നത്. സ്വന്തം ഓഫീസില്‍ വെച്ച് ആക്രമിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയ്ക്ക് തനിക്കുള്ള ഉത്തരവാദിത്തങ്ങള്‍ തടസ്സപ്പെടുത്താനാണ് തനിക്ക് നേരെ ആക്രമണം നടന്നത്. ഓഹരി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണുള്ളത്. കമ്പനിയിലെ തന്റെ ഓഹരി വില്‍ക്കാനായി സമ്മര്‍ദം ചെലുത്താനായാണ് ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയത്. എന്നാല്‍ അത് നടക്കില്ല, തന്റെ ഓഹരികള്‍ വില്‍ക്കാന്‍ പോവുന്നില്ലെന്നും സമിര്‍ വ്യക്തമാക്കി. ഏതെങ്കിലും അഞ്ച് ഓഡിറ്റിങ് സ്ഥാപനങ്ങളെ നിയമിച്ച് കണക്കെടുപ്പ് നടത്താനും തനിക്ക് അവകാശപ്പെട്ട 25% ഓഹരികള്‍ നല്‍കാനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് കമ്പനികളുടെ പേരുകള്‍ അയക്കുകയും അതില്‍നിന്ന് ഓഡിറ്റിങ്ങിനായി ഒരു കമ്പനിയെ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അതിക്രമമെന്നും സമിര്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഗോഡ്‌ഫ്രെ ഫിലിപ്‌സ് കമ്പനി വക്താവ് കയ്യേറ്റം നടന്ന സംഭവം നിഷേധിച്ചിട്ടുണ്ട്. തികച്ചും വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് സമിറിന്റെ ഭാഗത്തുനിന്നുണ്ടായത്, ബോര്‍ഡ് മീറ്റിങ് ദിവസം നടന്ന സംഭവങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും സമിറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ അവ സഹായിക്കുമെന്നും കമ്പനി വക്താവ് പ്രതികരിച്ചു.
ഗോഡ്ഫ്രെ ഫിലിപ്സിലെ തര്‍ക്കമെന്ത്?
2019-ല്‍ കുടുംബ കുലപതിയായ കെ.കെ. മോദിയുടെ മരണത്തിന് ശേഷമാണ് 11,000 കോടി ആസ്തിയുടെ കുടുംബ ബിസിനസ്സിനെച്ചൊല്ലി തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. ബിസിനസ്സിനെ അനന്തരവാകാശ വിതരണത്തെ ചൊല്ലിയാണ് നിയമപോരാട്ടം. പാരന്‍റ് കമ്പനിയായ മോഡി എന്‍റര്‍പ്രൈസസിന്‍റെ ആകെ ആസ്തിയുടെ പകുതിയോളം ഗോഡ്ഫ്രെ ഫിലിപ്സിലാണുളളത്. കമ്പനിയില്‍ 50% ഓഹരിയാണ് കെ.കെ മോഡിയുടെ കുടുംബത്തിന് നേരിട്ടുള്ളത്. മറ്റൊരു സിഗരറ്റ് നിര്‍മാതാക്കളായ ഫിലിപ് മോറിസ് കമ്പനിക്ക് ഗോഡ്‌ഫ്രെ ഫിലിപ്‌സില്‍ 25% ഓഹരിപങ്കാളിത്തമുണ്ട്. ഗോഡ്‌ഫ്രെയുടെ കണ്‍സ്യൂമര്‍ ബിസിനസ്സുകളായ കളര്‍ബാര്‍ കോസ്‌മെറ്റിക്‌സ്, 24/7 റീട്ടെയില്‍, ഡയറക്ട് സെല്ലിങ് വിഭാഗമായ മോഡികെയര്‍ തുടങ്ങിയവയുടെ ചുമതല സമിര്‍ മോഡിക്കാണ്.
മരണത്തിന് മുന്‍പ് കെ.കെ. മോഡി തയ്യാറാക്കിയ ട്രസ്റ്റ് ഡീഡില്‍ പറയുന്നതിന് വിരുദ്ധമായാണ് ബിന മോഡി പ്രവര്‍ത്തിക്കുന്നതെന്ന് സമിര്‍ ആരോപിക്കുന്നു. ട്രസ്റ്റ് ഡീഡില്‍ പറയുന്ന കാര്യങ്ങളൊന്നും ബിന മോഡി പലിക്കുന്നില്ല. സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റി. ധാരണ പ്രകാരമുള്ള ഓഹരികള്‍ മക്കള്‍ക്ക് നല്‍കാന്‍ തയ്യാറാവുന്നില്ല. കെ.കെ. മോഡിയുടെ മരണശേഷം ബിന മോഡി കമ്പനിയുടെ ചുമതലയേറ്റെടുത്തതും ട്രസ്റ്റ് ഡീഡില്‍ പറയുന്നതിന് വിരുദ്ധമായിട്ടാണ് തുടങ്ങിയ കാര്യങ്ങളാണ് സമിര്‍ ആരോപിക്കുന്നത്. ഇതാണ് തര്‍ക്കങ്ങളിലേക്ക് നയിച്ചത്.
പിതാവ് തയ്യാറാക്കിയ ട്രസ്റ്റ് ഡീഡ് ഒരിക്കലും മാറ്റാന്‍ സാധിക്കാത്തതാണെന്നും അതില്‍ തര്‍ക്കങ്ങളോ സംശയങ്ങളോ ഉണ്ടാവേണ്ട ആവശ്യമില്ലെന്നും സമിര്‍ പറയുന്നു. ഗോഡ്‌ഫ്രെ ഫിലിപ്‌സ് കമ്പനി കുടുംത്തിന്റെ ഉടമസ്ഥതയില്‍ നില്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കുടുംബത്തിലെ ആര്‍ക്കെങ്കിലും കമ്പനിയുടെ ഉടമസ്ഥത വേണമെങ്കില്‍ മറ്റ് അംഗങ്ങളുടെ ഓഹരി അവര്‍ക്ക് വാങ്ങാം. പിതാവ് ഉണ്ടാക്കിയ പാരമ്പര്യം അതേപടി നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. അദ്ദേഹം ഉണ്ടാക്കിയത് നശിപ്പിക്കണമെന്ന് തനിക്കാഗ്രഹമില്ലെന്നും നേരത്തെ തന്നെ സമിര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ.കെ. മോഡി തയ്യാറാക്കി ട്രസ്റ്റ് ഡീഡ് പ്രകാരം അദ്ദേഹത്തിന്റെ മരണശേഷം കമ്പനി, ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും വേണ്ടി നാലായി വിഭജിക്കപ്പെടും. ഭാര്യ, അതായത് ബിന മോഡി മരണപ്പെടുകയാണെങ്കില്‍ ആ ഓഹരി മൂന്നായി വിഭജിക്കപ്പെട്ട് മൂന്ന് മക്കളിലേക്കുമെത്തും. തനിക്കും സഹോദരരായ ലളിത് മോഡിക്കും ചാരു മോഡിക്കും സ്വത്തില്‍ തുല്യ അവകാശമാണുള്ളത്. എന്നാല്‍ നിലവിലെ ചെയര്‍പേഴ്‌സണായ ബിന മോഡി ഇക്കാര്യം അനുവദിക്കില്ലെന്നാണ് സമിര്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച നിയമപോരാട്ടം ഇപ്പോള്‍ സുപ്രീം കോടതി വരെ എത്തിയിരിക്കുകയാണ്.
തുടക്കത്തില്‍, 2019-ല്‍ കെ.കെ. മോഡിയുടെ മരണത്തെത്തുടര്‍ന്ന്, ദുബായില്‍ നടന്ന ഒരു മീറ്റിംഗില്‍ ബിസിനസ്സിലെ കുടുംബപാരമ്പര്യം നിലനിര്‍ത്തണമെന്ന ബിന മോഡിയുടെ തീരുമാനത്തെ സമീറും ചാരു മോദിയും പിന്തുണച്ചിരുന്നു. എന്നാല്‍ ലളിത് മോഡി മാത്രമായിരുന്നു ഭിന്നസ്വരം പ്രകടിപ്പിച്ചത്. ട്രസ്റ്റ് പിരിച്ചുവിടണമെന്നും അനന്തരാവകാശം ഉടനടി വിഭജിക്കണമെന്നുമായിരുന്നു ലളിതിന്റെ അഭിപ്രായം. ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ വില്‍പ്പന നടത്തണമെന്നുപോലും ലളിത് നിര്‍ദ്ദേശിച്ചു.എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് ബിന മോഡിക്കെതിരെയും സമിര്‍ മോഡിക്കെതിരേയും ലളിത് നിയമനടപടി സ്വീകരിച്ചു. പരാതികളുമായി ഇന്ത്യയിലെ കോടതികളെയും സിംഗപ്പൂരിലെ ആര്‍ബിട്രേഷന്‍ ട്രിബ്യൂണലിനെയും ലളിത് സമീപിച്ചിരുന്നു. ലളിത് മോഡി ആരംഭിച്ച നിയമപോരാട്ടങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നുണ്ട്. തുടക്കത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും സ്വത്ത് വിതരണം ചെയ്യണമെന്ന ലളിത് മോദിയുടെ ആവശ്യം പിന്നീട് സമിര്‍ മോഡിയും പിന്തുണച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിന മോഡി തയ്യാറായില്ല. അത് വീണ്ടും തര്‍ക്കങ്ങളിലേക്കും നിയമപോരാട്ടങ്ങളിലേക്കും നയിച്ചു. അത് ഇന്ത്യയിലെ തന്നെ ചൂടുപിടിച്ച കുടുംബ അനന്തരാവകാശ തര്‍ക്കമായി തുടരുകയാണ്.
സമിറിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമിറിന്റെ അമ്മയും കമ്പനി ഡയറക്ടറുമായ ബിന മോഡി നേരത്തെ രംഗത്തുവന്നിരുന്നു, എന്നാല്‍ ഓഹരി വില്‍ക്കാന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ സമിര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പഞ്ചസാരക്കച്ചവടത്തില്‍ തുടങ്ങിയ വ്യവസായ സാമ്രാജ്യം
1933-ലാണ് രാജ് ഗുജര്‍മല്‍ മോഡി എന്ന വ്യവസായി തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന് അടിത്തറപാകിയത്. പഞ്ചസാര ഫാക്ടറി ആയിട്ടായിരുന്നു ബിസിനസ്സിന്റെ തുടക്കം. പിന്നീട് വിവിധ മേഖലകളില്‍ നിക്ഷേപിക്കുകയും വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അത് പിന്നീട് മോഡി എന്റര്‍പ്രൈസസ് ആയി വളര്‍ന്നു. മകനായ കൃഷ്ണകുമാര്‍ മോഡിയും ബിസിനസ്സിന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
യഥാര്‍ഥത്തില്‍ 1844-ല്‍ ലണ്ടനില്‍ സ്ഥാപിതമായ കമ്പനിയായിരുന്നു 'ദി ഹൗസ് ഓഫ് ഗോഡ്‌ഫ്രെ ഫിലിപ്‌സ്'. സിഗരറ്റ് നിര്‍മാതാവായ ഗോഡ്‌ഫ്രെ ഫിലിപ്‌സ് ആണ് ബിസിനസ്സിന് തുടക്കം കുറിച്ചത്. ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ മരണത്തോടെ കമ്പനി വില്‍ക്കുകയും ഗോഡ്‌ഫ്രെ ഫിലിപ്സ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിതമാവുകയും ചെയ്തു. 1936-ലാണ് ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്. 1967-ല്‍ ഇന്റര്‍നാഷണല്‍ ടൊബാകോ കമ്പനിക്ക് വേണ്ടി ഇന്ത്യയില്‍ സിഗരറ്റ് നിര്‍മിക്കാനുള്ള കരാര്‍ ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യയ്ക്ക് ലഭിച്ചു. നവി മുംബൈയിലും ഗാസിയാബാദിലുമായിരുന്നു ഫാക്ടറികള്‍. 1968-ല്‍ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ കമ്പനി ഗോഡ്‌ഫ്രെ ഫിലിപ്‌സിനെ ഏറ്റെടുത്തു. പിന്നീട് 2011-ലാണ് മോഡി ഇന്റര്‍പ്രൈസസ് ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ ഭൂരിഭാഗം ഓഹരികളും ഫിലിപ് മോറിസില്‍ നിന്ന് തിരിച്ചുവാങ്ങി കമ്പനിയെ സ്വന്തമാക്കിയത്.
1976-ലാണ് ഗുജര്‍മല്‍ മോഡി മരണപ്പെട്ടത്. പിന്നീടുള്ള പത്തിലേറെ വര്‍ഷം മോഡി എന്റര്‍പ്രൈസസ് കുടുംബബിസിനസ്സായി തുടരുകയായിരുന്നു. റീട്ടെയില്‍, കോസ്‌മെറ്റിക്‌സ്, ഫിനാന്‍സ്, എജ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍, ഇന്‍ഡസ്ട്രി, റെസ്റ്റോറന്റ്,ട്രാവല്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇന്ന് മോഡി എന്റര്‍പ്രൈസസിന് ഉടമസ്ഥതയുണ്ട്. ഗുജര്‍മല്‍ മോഡിയുടെ മരണത്തിന് ശേഷം 1898-ല്‍ ഗുജര്‍മല്‍ മോഡി കെട്ടിപ്പടുത്ത സാമ്രാജ്യം അഞ്ചുമക്കളിലേക്കായി വീതംവെയ്ക്കപ്പെട്ടു. സിഗരറ്റ് നിര്‍മാണം, കീടനാശിനി, ലെതര്‍, കെമിക്കല്‍ ടെക്‌നോളജി തുടങ്ങിയ ബിസിനസ്സുകളുടെ ചുമതലയായിരുന്നു കെ.കെ മോഡിക്ക് ലഭിച്ചത്.
1961-ല്‍ ഇരുപത്തൊന്നാം വയസ്സിലാണ് കെ.കെ. മോഡി, ബിന മോഡി എന്ന സംരഭകയായ യുവതിയെ വിവാഹം കഴിക്കുന്നത്. അന്ന് ഡല്‍ഹിയില്‍ ഇഗോ തായ് എന്ന പേരില്‍ ഒരു റെസ്റ്റോറന്റ് നടത്തുകയായിരുന്നു ബിന. ലളിത്, സമിര്‍, ചാരു എന്നിങ്ങനെ മൂന്ന് മക്കളാണ് കെ.കെ മോഡിക്കുള്ളത്. മോഡി ഗ്രൂപ്പിന്റെ എഡ്യുക്കേഷണല്‍ വിഭാഗത്തിന്റെ ചുമതലയാണ് ചാരു കൈകാര്യം ചെയ്യുന്നത്.
മോദി എന്റര്‍പ്രൈസസിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറും ഗോഡ്‌ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് സമിര്‍ മോഡിയുടെ മൂത്ത സഹോദരന്‍ കൂടിയായ ലളിത് മോഡി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ചെയര്‍മാന്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (BCCI) മുന്‍ വൈസ് പ്രസിഡന്റ്, തുടങ്ങിയ പദവികളില്‍ വഹിച്ചിരുന്ന അദ്ദേഹം നിരവധി വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. 2008ലാണ് സമിര്‍ മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചത്. എന്നാല്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2010ല്‍ അഴമതി ആരോപണങ്ങളെ തുടര്‍ന്ന് ലളിത് മോഡിയെ ബിസിസിഐയില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹം ലണ്ടനിലേക്ക് ചേക്കേറുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, വാതുവെപ്പ്, നിയലംഘനം തുടങ്ങിയ ആരോപണങ്ങളായിരുന്നു ലളിത് മോഡിക്കെതിരെ ഉണ്ടായിരുന്നത്. ഇ.ഡി ലളിത് മോഡിക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ലണ്ടനിലേക്ക് താമസം മാറിയതിന് ശേഷമാണ് ലളിത് മോദി കുടുംബ ബിസിനസ്സിലേക്ക് തിരിഞ്ഞത്. യൂറോപ്പില്‍ മോഡി എന്റര്‍പ്രൈസസിന്റെ ബിസിനസ്സ് വ്യാപിപ്പിച്ചത് ലളിത് മോഡിയും സഹോദരി ചാരുവും ചേര്‍ന്നാണ്. റീട്ടെയില്‍, കോസ്‌മെറ്റിക്‌സ് എന്നീ വിഭാഗമാണ് കെ.കെ. സമിര്‍ മോഡി കൈകാര്യം ചെയ്തിരുന്നത്. കെ.കെ. മോഡിയുടെ ഭാര്യ ഡോ. ബിന മോഡിയാണ് ഗോഡ്ഫ്രെ ഫിലിപ്സ്, മോഡി എന്‍റര്‍പ്രൈസസ് തുടങ്ങിയ കമ്പനികളുടെ നിലവിലെ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറും.

ഗോഡ്‌ഫ്രെ ഫിലിപ്സ്
മോഡി എന്റര്‍പ്രൈസസിന്റെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് ഗോഡ്‌ഫ്രെ ഫിലിപ്‌സ്. ഫോര്‍ സ്‌ക്വയര്‍, റെഡ് ആന്റ് വൈറ്റ്, കാവന്‍ഡേര്‍സ്, ടിപ്പര്‍ ആന്റ് നോര്‍ത്ത് പോള്‍ തുടങ്ങിയ സിഗരറ്റ് ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നത് ഗോഡ്‌ഫ്രെ ഫിലിപ്‌സ് ആണ്. ഫിലിപ് മോറിസ് എന്ന ഉപകമ്പനിയുമായി ചേര്‍ന്ന് മാള്‍ബോറോ എന്നൊരു സിഗരറ്റ് ബ്രാന്‍ഡും ഗോഡ്‌ഫ്രെ ഫിലിപ്‌സ് നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.
സിഗരറ്റ്, ചോക്ലേറ്റുകള്‍, പലഹാരങ്ങള്‍, പാന്‍മസാല എന്നിവയാണ് ഗോഡ്‌ഫ്രെ ഫിലിപ്‌സ് പ്രധാനമായും പുറത്തിറക്കുന്നത്. മാള്‍ബോറോ, ഫോര്‍സ്‌ക്വയര്‍, ഐജെന്‍, റെഡ് ആന്റ് വൈറ്റ്, സ്‌റ്റെല്ലര്‍, കാവന്‍ഡേര്‍സ്, ക്ലബ് വണ്‍, ഒറിജിനല്‍സ് ഇന്റര്‍നാഷണല്‍, നോര്‍ത്ത് പോള്‍ ആന്റ് ടിപ്പര്‍, ഫോക്കസ്, ജയ്‌സാല്‍മിര്‍ എന്നിവയാണ് ഗോഡ്‌ഫ്രെയില്‍നിന്ന് പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട സിഗരറ്റ് ബ്രാന്‍ഡുകള്‍.
ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ ഉത്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് മാള്‍ബോറെ. 1972 മുതല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ അന്താരാഷ്ട്ര സിഗരറ്റ് ബ്രാന്‍ഡ് എന്ന ഖ്യാതിയും ഇതിനുണ്ട്. അമേരിക്കന്‍ കമ്പനിയായ ഫിലിപ് മോറിസ് ആണ് കാനഡയിലൊഴികെ മാള്‍ബോറോയുടെ ഉടമസ്ഥര്‍. കാനഡയില്‍ മാള്‍ബോറോയുടെ ഉടമസ്ഥത ഇംപീരിയല്‍ ടൊബാകോ കാനഡ എന്ന കമ്പനിക്കാണ്. ഇന്ത്യയില്‍ ഗോഡ്‌ഫ്രെ ഫിലിപ്‌സ് ആണ് മാള്‍ബോറോ നിര്‍മിച്ച് വില്‍പന നടത്തുന്നത്. 1846-ലാണ് ഫിലിപ്പ് മോറിസ് എന്ന പുകയില വ്യവസായി ലണ്ടനില്‍ ഫിലിപ് മോറിസ് കമ്പനി സ്ഥാപിച്ചത്. പുകയിലയും ചുരുട്ടുകളും വില്‍പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. 1873-ല്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഫിലിപ്പ് മോറിസ് മരണപ്പെട്ടെങ്കിലും ഭാര്യ മാര്‍ഗരറ്റ് ഈ ബിസിനസ് ഏറ്റെടുത്തു. സിഗരറ്റ് ബിസിനസ്സിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്നു മാള്‍ബോറോ. മോട്ടോര്‍ റേസിങില്‍ ഫോര്‍മുല വണ്ണിലെ വമ്പന്‍ താരങ്ങളെ ഉള്‍പ്പെടെ സ്‌പോണ്‍സര്‍ ചെയ്ത ചരിത്രം മാള്‍ബോറോയ്ക്കുണ്ട്.
ഇന്ന് 19,000 കോടിയാണ് ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ മാത്രം ആസ്തി. 10 ലക്ഷം റീട്ടെയ്‌ലുകളാണ് ഗോഡ്‌ഫ്രെയ്ക്കുള്ളത്. ഐ.ടി.സിക്ക് പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മാതാക്കള്‍ കൂടിയാണ് ഗോഡ്‌ഫ്രെ.
Content Highlights: Feud in Godfrey Phillips Samir Modi accuses mother Bina of staging assault on him
Published: 03 Jun 2024, 03:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented