കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കേന്ദ്ര സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതിയിൽ എൻ.ജി.ഒ.കളുടെ പ്രവർത്തന മേൽനോട്ടത്തിനായി പ്രത്യേക അതോറിറ്റി എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് ഉള്ളത്. സിവിൽ കോടതിയുടെ അധികാരമുള്ള അതോറിറ്റി എന്നാണ് ബില്ലിൽ പറയുന്നത്. എതിർപ്പ് കണക്കിലെടുത്ത് ബിൽ പാസാക്കുന്നത് കേന്ദ്ര സർക്കാർ താൽക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്. 2010 ൽ നിലവിൽ വന്ന എഫ്.സി.ആർ.എ.യിൽ 2016 ലും 2018 ലും 2020 ലും ഭേദഗതി കൊണ്ടുവന്നെങ്കിലും ഇത്തവണത്തെ ഭേദഗതി ബില്ലാണ് വിവാദത്തിനിടയാക്കിയത്. രാജ്യതാൽപര്യത്തിനും സുരക്ഷയ്ക്കും എതിരായി വിദേശ ഫണ്ട് ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനായിരുന്നു എഫ്.സി.ആർ.എ നിയമം പാസാക്കിയത്. നിയന്ത്രണ നിയമം എന്നതിൽ നിന്ന് വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കാൻ കഴിയുന്ന നിയമപരമായ ചട്ടക്കൂട് ലഭിക്കുന്നു എന്നതാണ് മാറ്റം. നിയമം ലംഘിക്കുന്നവരെ തടവിന് ശിക്ഷിക്കാം.

To advertise here,

നിലവിൽ രാജ്യത്ത് 16,000 എൻ.ജി.ഒ.കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി വർഷത്തിൽ 22,000 കോടി രൂപയാണ് വിദേശത്തുനിന്ന് വരുന്നത്. കേരളത്തിൽ 1015 എൻ.ജി.ഒ.കളാണുള്ളത്. എൻ.ജി.ഒ.കളുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്ന മാറ്റങ്ങളാണ് ഭേദഗതി ബില്ലിൽ നിർദ്ദേശിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. ഭേദഗതി ബില്ലിലെ പ്രധാന മാറ്റങ്ങൾ ഇങ്ങനെ:

  • സർക്കാരിതര സംഘടന (എൻ.ജി.ഒ.) എന്നതിന് വിശാലമായ നിർവചനം. രക്ഷാധികാരികളെയും ഡയറക്ടർമാരായി കണക്കാക്കും
  • രജിസ്‌ട്രേഷൻ നിർബന്ധം
  • രജിസ്‌ട്രേഷൻ കേന്ദ്ര സർക്കാരിന് റദ്ദാക്കാം
  • റദ്ദായാൽ സ്വത്തെല്ലാം നിശ്ചിത അതോറിറ്റിയുടെ കീഴിലാകും
  • നിശ്ചിത സമയത്ത് പുതുക്കിയില്ലെങ്കിലും രജിസ്‌ട്രേഷൻ റദ്ദാകും
  • നിശ്ചിത സമയത്തിനുളളിൽ രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ സ്വത്ത് എന്നേയ്ക്കുമായി അതോറിറ്റിയുടെ കൈവശമാകും
  • എൻ.ജി.ഒ. പ്രവർത്തനരഹിതമായാൽ സ്വത്ത് പൊതുആവശ്യത്തിനായി ഉപയോഗിക്കാം
  • കേന്ദ്ര-സംസ്ഥാന സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും സ്വത്ത് കൈമാറാം
  • വിദേശ സംഭാവന ലഭിക്കുന്നവരുടെ അക്കൗണ്ടുകളും രേഖകളും വസ്തുവകകളും നിശ്ചിത അതോറിറ്റിയ്ക്ക് പരിശോധിക്കാം
  • അതോറിറ്റിയുടെ പ്രവർത്തനത്തിൽ പരാതിയുണ്ടെങ്കിൽ ജില്ല കോടതിയെ സമീപിക്കാം

ഇവർക്ക് വിലക്കുണ്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ, രാഷ്ട്രീയ പാർട്ടികൾ, ന്യായാധിപന്മാർ, നിയമസഭാംഗങ്ങൾ, വാർത്ത പ്രസിദ്ധീകരിക്കുന്നവരും സംപ്രേഷണം ചെയ്യുന്നവരും വിദേശ സംഭാവന സ്വീകരിക്കരുത്

എന്താണ് വിദേശ സംഭാവന?  

 വിദേശ സർക്കാർ, ഏജൻസികൾ, കമ്പനികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, വ്യക്തികൾ എന്നിവർ നൽകുന്ന സംഭാവന.

കേരളത്തിലെ എൻ.ജി.ഒ.കളുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 241

ആലപ്പുഴ-44

ഇടുക്കി-35

കണ്ണൂർ-49

കാസർകോട്-6

കൊല്ലം-33

കോട്ടയം-156

കോഴിക്കോട്-65

മലപ്പുറം-14

പാലക്കാട്-32

പത്തനംതിട്ട-70

തിരുവനന്തപുരം-111

തൃശ്ശൂർ-113

വയനാട്-46

ആകെ 1015

ആശങ്ക പരിഹരിക്കണം

സംഭാവനയായി ലഭിക്കുന്ന തുകയുടെ പാതി ഭരണപരമായ ആവശ്യങ്ങളെന്ന പേരിൽ ദുരുപയോഗം ചെയ്യുന്ന സാഹചര്യം രാജ്യത്താകെ ഉണ്ട്. അത്തരം ദുരുപയോഗം തടയുക എന്ന ലക്ഷ്യമായിരിക്കും ഭേദഗതിയ്ക്ക് പിന്നിൽ. അതേ സമയം ഉന്നയിക്കുന്ന ആശങ്കകൾക്ക് പരിഹാരം കാണുകയും വേണം

(അഡ്വ.എം.ആർ.അഭിലാഷ്, സുപ്രിംകോടതി അഭിഭാഷകൻ)