പ്രതീകാത്മകം മാത്രമാണെങ്കില്‍ കൂടി, ദ്വിരാഷ്ട്ര പരിഹാര സാധ്യത നിലനിര്‍ത്താനുള്ള അത്യന്താപേക്ഷിത നടപടിയായാണ് അവര്‍ പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കാണുന്നത്.

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന പ്രതിഷേധത്തിനിടെ ഉയർത്തിയ പ്ലക്കാർഡുകൾ | ഫോട്ടോ:പിടിഐ
യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുകയാണ്. യുകെയും ഫ്രാന്‍സും മറ്റും അംഗീകാരം പ്രഖ്യാപിച്ചത് ഈ മാസമാണ്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡും സ്പെയിനും നോര്‍വേയും അംഗീകരിച്ചിരുന്നു. ഗാസയില്‍ ഇസ്രയേലിന്റെ കടുത്ത സൈനിക നടപടികളും ജനങ്ങളുടെ മാനുഷികദുരന്തവും അനന്തമായി തുടരുന്നതിലെ പ്രതിഷേധമായി ഇതിനെ കാണാം. കണ്ണുംപൂട്ടി ഇസ്രയേലിനു പിന്തുണ നല്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ കൈക്കൊണ്ട നടപടികളും യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര മനംമാറ്റത്തിന് കാരണമായിട്ടുണ്ടാവണം.
സെപ്തംബര്‍ 22-ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്‍ഡോറ, ബെല്‍ജിയം, ലക്സംബര്‍ഗ്, മാള്‍ട്ട, മൊണാക്കോ എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിച്ചു. മേഖലയില്‍ സമാധാനം കൊണ്ടുവരാനും ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കാനുമായി സൗദി അറേബ്യയുമൊത്ത് ഫ്രാന്‍സ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ഉന്നതല അന്താരാഷ്ട്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പലസ്തീന് ജനതയുടെ നിയമപരമായ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേലികളുടെ ഒരവകാശത്തെയും ഇല്ലാതാക്കില്ലെന്ന് മാക്രോണ്‍ പറഞ്ഞു. ഇസ്രയേല്‍ യാഥാര്‍ത്ഥ്യമാണെന്നും അവരെ അംഗീകരിക്കണമെന്നും അറബി, മുസ്ലീം രാജ്യങ്ങളോടാവശ്യപ്പെട്ട ഫ്രഞ്ച് പ്രധാനമന്ത്രി മേഖലയില്‍നിന്നു ഭീകരവാദത്തെ തൂത്തെറിയാനും സമാധാനം ഉരുവാക്കാനും ആഹ്വാനം ചെയ്തു.
ദീര്‍ഘകാലമായി പാശ്ചാത്യരാജ്യങ്ങള്‍ പ്രവര്‍ത്തിച്ചുപോന്ന രീതികളില്‍നിന്നു വ്യത്യസ്തമാണിത്. പ്രതീകാത്മകം മാത്രമാണെങ്കില്‍ കൂടി, ദ്വിരാഷ്ട്ര പരിഹാര സാധ്യത നിലനിര്‍ത്താനുള്ള അത്യന്താപേക്ഷിത നടപടിയായാണ് അവര്‍ പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കാണുന്നത്. ഐക്യരാഷ്ട്ര സഭയിലെ ഭൂരിഭാഗം അംഗരാഷ്ട്രങ്ങളും (140-ല്‍ അധികം) പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ട്. പരമാധികാര പലസ്തീന് രാഷ്ട്രം ഇസ്രയേലിന് ഒപ്പം നിലനില്‍ക്കുന്നതാണ് ശാശ്വതസമാധാനത്തിനുള്ള മാര്‍ഗ്ഗം എന്ന അന്താരാഷ്ട്ര സമവായത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം. അത് ഗാസയിലെ സൈനിക നടപടികളും വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും അടക്കമുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ ഇസ്രയേലിന്റെ മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നുറപ്പ്.
പ്രതീക്ഷിച്ചപോലെ ഇസ്രയേല്‍ വളരെ കോപത്തോടെയാണ് പ്രതികരിച്ചത്. പലസ്തീന് രാജ്യത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചത് ഭീകരവാദത്തിനുള്ള അസംബന്ധം നിറഞ്ഞ സമ്മാനമായി വിശേഷിപ്പിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ജോര്‍ദാന്‍ നദിക്കു പടിഞ്ഞാറ് ഒരു പലസ്തീന് രാജ്യം ഒരിക്കലും സ്ഥാപിതമാവില്ലെന്ന് പ്രതിജ്ഞയെടുത്തു. ചില രാജ്യങ്ങളില്‍നിന്ന് ഇസ്രയേല്‍ തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചു വിളിച്ചിട്ടുമുണ്ട്. വെസ്റ്റ്ബാങ്കിന്റെ ചില ഭാഗങ്ങള്‍ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുന്നതു പോലുള്ള പ്രതികാര നടപടികള്‍ ഉണ്ടായേക്കും. ഇതിനകം ഗാസയിലെ സൈനികനടപടിയില്‍ കൊല്ലപ്പെട്ടത് 65,000 പേരാണ് എന്ന് കണക്കാക്കപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരായിരുന്നു. ഭക്ഷണവും കുടിവെള്ളവും മരുന്നുകളും കിട്ടാതെ മരിച്ചവരും ഇവരുടെ കൂട്ടത്തിലുണ്ടാകാം.
അംഗീകാരം കൊണ്ട് എന്താണ് മെച്ചം?
ഗാസയിലും വെസ്റ്റ്ബാങ്കിലുമുള്ള പലസ്തീന്‍കാരുടെ നിലവിലെ സാഹചര്യങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തല്ക്കാലം ഈ അംഗീകാരങ്ങള്ക്കാവില്ല. പലസ്തീന് രാഷ്ട്രപദവി നിഷേധിക്കുന്ന സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേലിന് സമ്പൂര്‍ണമായ സൈനിക, സുരക്ഷാ നിയന്ത്രണമുണ്ട്. അതിര്‍ത്തികളും വ്യോമപരിധിയും അവരുടെ നിയന്ത്രണത്തിലാണ്. പ്രദേശത്തെ ചരക്കുനീക്കം നിയന്ത്രിക്കുന്നതും ഇസ്രയേലി സൈന്യമാണ്. മാത്രമല്ല, അവശേഷിക്കുന്ന പലസ്തീന് മണ്ണും മെല്ലെ മെല്ലെ കയ്യേറി ജൂത കുടിയേറ്റകേന്ദ്രങ്ങള്‍ നിര്‍മിച്ചു വരികയാണ്. അംഗീകാരം കൊണ്ട് ഇസ്രയേല്‍ പട്ടാളത്തെ പിന്‍വലിപ്പിക്കുന്നതിനോ കുടിയേറ്റ കേന്ദ്രങ്ങളെ പൊളിച്ചുനീക്കുന്നതിനോ ആവില്ലല്ലോ.
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അംഗീകാരമുണ്ടെങ്കിലേ പൂര്‍ണതോതിലെ അംഗരാഷ്ട്രമായി പലസ്തീന് മാറാനാവൂ. അവിടെ അമേരിക്കന്‍ വീറ്റോ പ്രശ്നമാവും. യൂറോപ്യന്‍ യൂണിയന് അംഗീകരിക്കുന്ന പലസ്തീന് അതോറിറ്റിക്ക് ഗാസയില്‍ സ്വാധീനമില്ല, അവിടെ ഭരിക്കുന്നത് ഹമാസാണ്. ഇത്രയേറെ തിരിച്ചടി നേരിട്ടിട്ടും ഹമാസ് തന്നെയാണ് ഗാസയിലെ പ്രമാണി. അവശ്യസേവനങ്ങളൊക്കെ അവരുടെ കൈയിലാണ്. തുരങ്കങ്ങളുടെ വലിയ ശൃംഖലയുള്ള സംഘത്തിന് ഇപ്പോഴും മോശമല്ലാത്ത സൈനിക അടിത്തറയുണ്ട്. പലസ്തീന് ഭരണം വിഭജിക്കപ്പെട്ടു കിടക്കുന്നതും അതിര്‍ത്തികള്‍ക്ക് നിശ്ചിത രൂപമില്ലാത്തതും ജെറുസലേം സംബന്ധിച്ച തര്‍ക്കങ്ങളുമെല്ലാം പലസ്തീന് രാഷ്ട്രത്തെ ഭൂമിശാസ്ത്രപരമായ യാഥാര്‍ത്ഥ്യമാവുന്നതില്‍ നിന്നും തടയുന്നു. എങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ അംഗീകാരം ഇസ്രയേലിന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ സഹായകമാവും.
പിഎല്‍ഒ, പലസ്തീന് അതോറിറ്റി, ഹമാസ്
1964-ല്‍ രൂപം കൊണ്ട പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനായിരുന്നു (പിഎല്‍ഒ) ആയിരുന്നു ഏറെക്കാലം പലസ്തീന് ജനതയെ ലോകത്തിനു മുന്നില്‍ പ്രതിനിധീകരിച്ചത്. അതിന്റെ നേതാവായിരുന്ന യാസര്‍ അറാഫത്തിനെ ലോകം ഒരു രാഷ്ട്രത്തലവനായി തന്നെയാണ് കണ്ടത്. തൊണ്ണൂറുകളില്‍ അദ്ദേഹം ഇസ്രയേലുമായി ഓസ്ലോ കരാറില്‍ ഒപ്പുവെച്ചത് സമാധാന പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കരാര്‍ പ്രകാരമുണ്ടാക്കിയ പലസ്തീന് അതോറിറ്റിക്ക് (പിഎ) ഗാസയിലും വെസ്റ്റ്ബാങ്കിലും പരിമിതമായ സ്വയംഭരണം ലഭിച്ചു. പക്ഷേ, അതിര്‍ത്തികള്‍, ജൂത കുടിയേറ്റങ്ങള്‍, ജെറുസലേം, പലസ്തീന് അഭയാര്‍ത്ഥികളുടെ മടക്കം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിലുടക്കി ഓസ്ലോ കരാര്‍ സ്തംഭിക്കുകയായിരുന്നു.
2012-ലാണ് അംഗമല്ലാത്ത നിരീക്ഷക പദവിയിലേക്ക് പലസ്തീനെ യുഎന്‍ പൊതുസഭ ഉയര്‍ത്തിയത്. അതിന്‍പ്രകാരം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി), അന്താരാഷ്ട്ര നീതിന്യായ കോടതി തുടങ്ങിയ അന്താരാഷ്ട്ര സമിതികളില്‍ പ്രവേശനം ലഭ്യമായി. പക്ഷേ, അനൈക്യം അവരെ അലട്ടി. പ്രത്യേകിച്ച് ആദ്യ ഇന്‍തിഫാദക്കാലത്ത്, 1987-ല്‍, ഹമാസ് രൂപംകൊണ്ട ശേഷം. ഇസ്രയേലിനെ അംഗീകരിച്ച പിഎയുടെ മതനിരപേക്ഷ നിലപാട് ഹമാസിന് സ്വീകാര്യമല്ലായിരുന്നു. 2006-ല്‍ പലസ്തീനിലെ തിരഞ്ഞെടുപ്പു ജയിച്ച ശേഷം പിഎല്‍ഒയിലെ പ്രധാനവിഭാഗമായ ഫത്താ പാര്‍ട്ടിയും ഹമാസും തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടായി. 2007-ല്‍ ഗാസ ഹമാസിന്റെ പൂര്ണനിന്ത്രണത്തിലായി,. വെസ്റ്റ്ബാങ്ക് മഹ്മൂദ് അബ്ബാസ് നയിക്കുന്ന പിഎയുടെ കീഴിലും.
ഹമാസിനെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇസ്രയേലും ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. ഗാസയില്‍ ഇപ്പോള്‍ നടത്തുന്ന സൈനികനടപടിയുടെ ന്യായീകരണം തന്നെ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ വമ്പന്‍ ആക്രമണമാണല്ലോ. ഹമാസിന്റെ ഉന്നത നേതാക്കളെ ഇസ്രയേല്‍ വധിച്ചിരുന്നു. ഈയിടെ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രയേല്‍ ഖത്തറില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ബന്ദികളെ വിട്ടുകൊടുത്ത് ഹമാസ് ആയുധംവെച്ചു കീഴടങ്ങിയാല്‍ മാത്രമേ സമാധാനം സാധ്യമാവൂ എന്ന് പാശ്ചാത്യലോകത്തെ വലിയൊരു വിഭാഗം കരുതുന്നു. പിഎ പ്രസിഡണ്ട് മഹമൂദ് അബ്ബാസും ഇതേകാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയുടെ ഭരണത്തില്‍ ഹമാസിന് ഒരുപങ്കും ഉണ്ടാകാന്‍ പാടില്ലെന്നും അബ്ബാസ് വ്യക്തമാക്കിയിരുന്നു. നേരത്തേ, ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തെയും അദ്ദേഹം അപലപിച്ചിരുന്നു.
ട്രംപും നെതന്യാഹുവും ഇന്ത്യയും
ഗാസയില്‍ രണ്ടു വര്‍ഷത്തോളമായി തുടരുന്ന സൈനികനടപടിയില്‍ കടുത്ത പ്രതിഷേധം ഇസ്രയേലിനകത്തും ഉയരുന്നുണ്ട്. അവരെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം ഗാസയില്‍ ഹമാസ് ബന്ദികളായി വച്ചിരിക്കുന്ന 48 ജൂതരെ കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ്. ബന്ദികളുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വന്തം രാഷ്ട്രീയ അതിജീവനത്തിനും യുദ്ധത്തിലെ സമ്പൂര്‍ണ്ണ വിജയത്തിനും ആണ് മുന്‍ഗണന കൊടുക്കുന്നത്, ബന്ദികളെ മടക്കി കൊണ്ടുവരാനും വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്താനുമല്ല എന്നവര്‍ ആരോപിക്കുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് വഴിവച്ച സുരക്ഷാ പരാജയത്തിന് പ്രധാനമന്ത്രി ഉത്തരവാദിയാണെന്ന് ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു. അവര്‍ നെതന്യാഹു ഉടനടി രാജിവെക്കണമെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്നു.
നയതന്ത്രപരമായി നോക്കിയാല്‍ ഇസ്രയേലിന്റെ ഏറ്റവും പ്രധാനപ്പെട്ട കവചം അമേരിക്കയാണ്. ഇസ്രയേലിന്റെ ഗാസാ നടപടിയെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ് ട്രംപ്. നയതന്ത്രപരവും സൈനികവുമായ ഗണ്യമായ സഹായം നല്‍കുന്നുണ്ട് അദ്ദേഹം. പൂര്‍ണ്ണ വെടിനിര്‍ത്തലിന് ഉള്ള അന്താരാഷ്ട്ര മുറവിളിയെ ചെറുക്കാനും പലസ്തീനെ അംഗീകരിക്കാന്‍ സഖ്യകക്ഷികള്‍ സമീപകാലത്ത് നടത്തിയ നീക്കങ്ങളെ നിര്‍വീര്യമാക്കാനും അമേരിക്ക തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പലസ്തീന് രാജ്യത്തെ അംഗീകരിച്ചതിനെ ഹമാസിനുള്ള പ്രതിഫലമായാണ് ട്രംപ് ഭരണകൂടംആക്ഷേപിച്ചത്.
നേരത്തേ, ഗാസയെ അമേരിക്ക ഏറ്റെടുത്ത് ജനങ്ങളെ മറ്റെവിടെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കുകയും മേഖലയെ വലിയ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുകയും ചെയ്യണമെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. വെസ്റ്റ്ബാങ്കിനെ സ്വന്തം രാജ്യത്തോട് ചേര്‍ക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുത്തത് ട്രംപും നെതന്യാഹുവും തമ്മില്‍ പലസ്തീന് പ്രശ്നത്തിലുണ്ടായ അപൂര്‍വമായ അഭിപ്രായവ്യത്യാസങ്ങളില്‍ ഒന്നാണ്.
ദീര്‍ഘകാലമായി ഇന്ത്യ കൈക്കൊള്ളുന്ന നിലപാട് പലസ്തീനോട് അനുഭാവമുള്ളതാണ്. അതേസമയം, ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ സമീപകാലത്ത് വളരെ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് സൈനികമേഖലയില്‍. 1974-ല്‍ പലസ്തീന് ജനതയുടെ നിയമാനുസൃത പ്രതിനിധികളായി ഫലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍ഒ) അറബ് രാജ്യങ്ങള്‍ക്ക് പുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. 1988-ല്‍ രാഷ്ട്രപ്രഖ്യാപനത്തിനുശേഷം പലസ്തീനെ ഏറ്റവും ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നും ഇന്ത്യയായിരുന്നു. ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇന്ത്യ നിലകൊള്ളുന്നത്- സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി ഇസ്രയേലും പലസ്തീനും സമാധാനത്തോടെ സഹവര്‍ത്തിക്കുന്ന സാഹചര്യം.
ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുള്ള രാജ്യമായ ഇന്ത്യ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണത്തെ അതിശക്തമായി അപലപിച്ചു. അതേസമയം, അടിയന്തരമായ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷികസഹായം സുഗമമായി എത്തിക്കുന്നതിനും ആഹ്വാനം ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ഐക്യരാഷ്ട്ര പൊതുസഭ പ്രമേയത്തിന് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്.
Content Highlights: Several European countries officially recognize Palestine, sparking anger from Netanyahu. Will this lead to a ceasefire in Gaza amidst ongoing conflict and humanitarian crisis?
Published: 26 Sept 2025, 08:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented