
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ.ടി. ജലീൽ എംഎൽഎ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദോത്തി ചലഞ്ചിൽ വൻ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐടി വകുപ്പിന് തെളിവുകൾ സഹിതം ചൊവ്വാഴ്ച പരാതി നൽകുമെന്നും ജലീൽ പറഞ്ഞു.
600 രൂപ സംഭാവന നൽകുന്നവർക്ക് സമ്മാനമെന്നോണമാണ് യൂത്ത് ലീഗ് തുണി നൽകിയത്. തുണിയുടെ മുകളിൽ 720 രൂപയുടെ സ്റ്റിക്കറും ഒട്ടിച്ചിരുന്നു. സാധാരണ സമ്മാനം നൽകുമ്പോൾ ആരും വില പതിച്ച സ്റ്റിക്കർ ഒട്ടിക്കാറില്ല. 600 രൂപ സംഭാവന നൽകുമ്പോൾ 720 രൂപയുടെ ഗിഫ്റ്റ് കിട്ടുന്നു എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതെന്ന് കെ.ടി. ജലീൽ ആരോപിച്ചു. ഇത് തികഞ്ഞ വഞ്ചനയാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
2,72,000 ദോത്തികളാണ് വിതരണം ചെയ്തത്. അങ്ങനെവരുമ്പോൾ മൊത്തം 16 കോടി 32 ലക്ഷം രൂപയാണ് സമാഹരിച്ചിട്ടുണ്ടാവുക. ഇത്രയധികം തുണി വാങ്ങുമ്പോൾ ഒന്നിന് 200 രൂപയിൽ താഴെയേ വരൂ എന്നാണ് തുണിയുടെ നിലവാരം പരിശോധിച്ചവർ പറയുന്നത്. 200 രൂപ കൂട്ടിയാൽ 5 കോടി 44 ലക്ഷം രൂപയാണ് കമ്പനിക്ക് കൊടുത്തിട്ടുണ്ടാവുക. ബാക്കി ഏതാണ്ട് 10 കോടി 88 ലക്ഷം രൂപ യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ടാകും. ഈ പത്ത് കോടി 88 ലക്ഷത്തിൽ എത്ര കോടി യൂത്ത് ലീഗിന് കിട്ടി? എത്ര കോടി നാട്ടിലിരുന്ന് ദുബായിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് കമ്പനിയിൽ പാർടൈം ജോലിചെയ്ത് മാസം അഞ്ചേകാൽ ലക്ഷം രൂപ പ്രതിഫലം പറ്റുന്ന മായാവിയായ യൂത്ത്ലീഗ് സെക്രട്ടറി ഫിറോസ് മുക്കി? ഇതറിയാൻ ഒരു വഴിയേ ഉള്ളൂ. ജി.എസ്.ടി അടച്ച ബില്ല് പുറത്തുവിടുക, ജലീൽ ആവശ്യപ്പെട്ടു.
തുണിയുടെ ക്യൂആർ കോഡ് സകാൻ ചെയ്ത് നോക്കിയപ്പോൾ ഒന്നും വരുന്നില്ലെന്നും അതുകൊണ്ട് പാക്കറ്റ് പൊട്ടിക്കാത്ത ദോത്തി ചാലഞ്ചിലെ തുണിയും അതിൻമേൽ പതിച്ച സ്റ്റിക്കറിൽ പതിച്ച ക്യൂആർ കോഡും സംശയാലുക്കൾക്കായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇതിന്റെ ചിത്രം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
100 രൂപയുടെ വ്യത്യാസം വന്നാൽ 2 കോടി 72 ലക്ഷം രൂപയാണ് വരിക. ദോത്തി ചാലഞ്ചിലേയും കത്വ ഫണ്ടിലേയും കോടികളാണോ സ്വദേശത്തും വിദേശത്തും ഫിറോസിന് പങ്കാളിത്തമുള്ള കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ടാവുക? കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഐടി വകുപ്പിന് തെളിവുകൾ സഹിതം ചൊവ്വാഴ്ച പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് തനിക്ക് തുണി എത്തിച്ച് തന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
Content Highlights: Youth League's "Dhoti Challenge" Faces Financial Misconduct Allegations by MLA K.T. Jaleel
Published: 15 Sept 2025, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented