തൃശ്ശൂര്‍: സഹകരണസംഘത്തിന് വാടകയ്ക്ക് നല്‍കിയ കെട്ടിടം രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് വാടക നല്‍കാതെയും ഒഴിയാതെയും വന്നപ്പോള്‍ അഞ്ചുവര്‍ഷത്തെ നിയമപോരാട്ടത്തിലൂടെ സ്ഥലമുടമയായ 48 -കാരി അനുകൂല വിധി നേടി. തൃശ്ശൂര്‍ പുത്തൂരിലാണ് 20 സെന്റിലെ 697 ചതുരശ്ര അടി കെട്ടിടം ഉടമയായ ടി.എസ്. സ്മിത ഒല്ലൂക്കര ബ്ലോക്ക് സര്‍വീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ സഹകരണസംഘത്തിന് 2018-ല്‍ നല്‍കിയത്. പത്തുവര്‍ഷത്തെ പാട്ടക്കരാറില്‍ ഒരു മാസത്തെ നോട്ടീസ് നല്‍കിയാല്‍ സ്ഥാപനം ഒഴിയണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
സംഘത്തിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റും ഇവിടെയുണ്ട്. കോവിഡ് കാലം ചതിച്ചതോടെയാണ് കെട്ടിടമൊഴിയല്‍ തര്‍ക്കം ആരംഭിച്ചത്. സ്മിതയുടെ ഭര്‍ത്താവ് കെ.സി. സന്തോഷ് കുമാറിന്റെ ഡ്രൈവിങ് സ്‌കൂള്‍ വന്‍ നഷ്ടത്തിലായി. സഹകരണ സംഘം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനായി കേരള ബാങ്കില്‍നിന്ന് എടുത്ത വായ്പാ കുടിശ്ശിക 59.64 ലക്ഷമെത്തി. ഡ്രൈവിങ് സ്‌കൂളിനായി ഒരു സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പാ കുടിശ്ശിക 38 ലക്ഷവുമായി. സ്ഥലം വിറ്റ് കടങ്ങളെല്ലാം വീട്ടാനായി കെട്ടിടം ഒഴിയാനാവശ്യപ്പെട്ട് സഹകരണ സംഘത്തിന് നോട്ടീസ് നല്‍കി. സ്ഥാപനം ഒഴിയണമെന്ന ജില്ലാകോടതിയുടെ വിധിക്കതിരേ സഹകരണ സ്ഥാപനം ഹൈക്കോടതിയില്‍നിന്ന് ഇടക്കാല ഉത്തരവ് നേടി. പിന്നീടത് റദ്ദായി.
ജപ്തി ചെയ്ത് ബാക്കി തുക കിട്ടുമെന്ന പ്രതീക്ഷയില്‍ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യണമെന്ന ആവശ്യവുമായി സ്മിത കേരള ബാങ്കിനെ സമീപിച്ചു. പക്ഷേ അതുണ്ടായില്ല. സംഘം പ്രസിഡന്റ് സിപിഎമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ അടുത്ത ബന്ധുവായതിനാലാണ് കേരള ബാങ്ക് നടപടിയെടുക്കാത്തതെന്ന് സ്മിത പറയുന്നു. അതിനിടെ കെട്ടിടനിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തി നൂറിരട്ടി നികുതി ആവശ്യപ്പെട്ട് പുത്തൂര്‍ പഞ്ചായത്ത് സ്മിതയ്ക്ക് നോട്ടീസയച്ചു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. അനധികൃത കെട്ടിടത്തിന് പിഴ ഈടാക്കാതെ പൊളിച്ചുകളയുകയാണ് വേണ്ടതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെട്ടിടം പൊളിക്കാന്‍ സ്മിത പഞ്ചായത്തിന് അനുമതിയും നല്‍കി. പക്ഷേ 2023-ല്‍ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. എല്‍ഡിഎഫാണ് പുത്തൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്. കെട്ടിടം പൊളിച്ചുനീക്കാനാവശ്യപ്പെട്ട് സ്മിത പഞ്ചായത്തില്‍ പലതവണ കത്തു നല്‍കിയതോടെ ഇതിനെതിരേ സഹകരണ സംഘം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ട്രിബ്യൂണലിനെ സമീപിച്ചു. ഹര്‍ജി തള്ളിയ ട്രിബ്യൂണല്‍ എത്രയും വേഗം കെട്ടിടം പൊളിച്ചുമാറ്റാന്‍ പുത്തൂര്‍ പഞ്ചായത്തിനോട് ഉത്തരവിട്ടു.
സ്മിത-സന്തോഷ് കുമാര്‍ ദമ്പതിമാരുടെ ഏക മകന്‍ മറൈന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഭിനവ് കൃഷ്ണ 2022 സെപ്റ്റംബര്‍ ആറിന് റോഡപകടത്തില്‍ മരിച്ചിരുന്നു.
Content Highlights: A 48-year-old woman fought a 5-year legal battle against a tenant who, using political influence, refused to pay rent or vacate her building. She finally won a favorable verdict
Published: 09 Oct 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented