
തിരുവനന്തപുരം: കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ ഒൻപതുമണിക്ക് മുൻപുതന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പിന്നാലെ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ വേദിയിലെത്തി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും തെലങ്കാന, കർണാടക മുഖ്യമന്ത്രിമാരും പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷനിരയിലെ നേതാക്കളും വേദിയിലെത്തി.
രാവിലെ 10.10-ഓടെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ വേദിയിലെത്തിയത്. 10.12-ഓടെ വന്ദേമാതരം ആലപിച്ച് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി കെ. ജയതിലക് വി.ഡി. സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ...’ എന്നുപറഞ്ഞാണ് വി.ഡി. സതീശൻ സത്യവാചകം ചൊല്ലിത്തുടങ്ങിയത്. ദൈവനാമത്തിൽ അദ്ദേഹം സത്യംചെയ്തു.
വൻ കരഘോഷത്തോടെയാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണം സദസ്സ് ആഘോഷമാക്കിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി. സതീശനെ ഗവർണർ പൂച്ചെണ്ട് നൽകി അനുമോദിച്ചു. പിന്നാലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിൽ രണ്ടാമതായി സത്യപ്രതിജ്ഞചെയ്തത്. മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തു.
വി.ഡി. സതീശൻ അടക്കമുള്ള ഭൂരിഭാഗംപേരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞചെയ്തത്. ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ സഗൗരവും സത്യപ്രതിജ്ഞചെയ്തു. മറ്റെല്ലാവരും മലയാളത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യവാചകംചൊല്ലിയത്. ഇതുകേട്ടതോടെ സദസ്സിൽനിന്ന് വലിയ കരഘോഷവും ഉയർന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയനേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: VD Satheesan officially sworn in as the 13th Chief Minister of Kerala., Ceremony held at Central Stadium, Thiruvananthapuram., Governor Rajendra Arlekar administered the oath of office., Cabinet members including PK Kunhalikutty and Ramesh Chennithala took the oath., Prominent national leaders including Rahul Gandhi attended the event.
Published: 18 May 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented