തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയാണ് സതീശൻ വെള്ളിയാഴ്ച പിണറായിയെ സന്ദർശിച്ചത്. വസതിയിലെത്തിയ സതീശനെ പിണറായി വിജയനും കുടുംബവും സ്വീകരിച്ചു.

To advertise here,

പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് നേരത്തേ സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സതീശൻ സന്ദർശനം നടത്തിയത്. ശാസ്തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് ഇവിടേക്കെത്തിയത്. പിണറായി ഭാര്യയ്ക്കും മകൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം വന്നാണ് സതീശനെ സ്വീകരിച്ചത്. വി.കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സിപിഎം നേതാക്കൾ സന്ദർശനസമയത്ത് വീട്ടിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയായി സതീശനെ എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെയും സിപിഎം തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാനസമിതിയിലാണ് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ സതീശൻ പ്രതിപക്ഷ നേതാവും പിണറായി മുഖ്യമന്ത്രിയുമായിരുന്നു. ഇനി പിണറായി പ്രതിപക്ഷ നേതാവും സതീശൻ മുഖ്യമന്ത്രിയുമായി സഭയിലുണ്ടാകും.