
തിരുവനന്തപുരം: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള സർക്കാർ രൂപവത്കരണത്തിന് യു.ഡി.എഫ്. നടപടികൾ വേഗത്തിലാക്കി. ഘടകകക്ഷികളുമായി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച ധാരണയിലെത്താൻ ശനിയാഴ്ച കോൺഗ്രസ് ഉഭയകക്ഷിചർച്ച നടത്തും. ഇതിനിടെ അനൗദ്യോഗികമായുള്ള ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായി പരിഗണിക്കപ്പെട്ടെങ്കിലും ഒഴിവാക്കപ്പെട്ട രമേശ് ചെന്നിത്തലയുടെ വിട്ടുനിൽക്കൽ തുടക്കത്തിൽത്തന്നെ കല്ലുകടിയാകുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അദേഹത്തെ വീട്ടിൽച്ചെന്ന് കണ്ടത് അനുനയത്തിന്റെ വഴി തുറന്നു. ദീപാ ദാസ്‌മുൻഷിയും രമേശിനെ കണ്ട് മന്ത്രിസഭയിൽ ചേരണമെന്ന ഹൈക്കമാൻഡിന്റെ താത്പര്യം അറിയിച്ചു.
നിലപാടിൽ അയവുവരുത്തിയ രമേശ് ആഭ്യന്തരവകുപ്പ് ലഭിച്ചാൽ മന്ത്രിസഭയിൽ ചേരാമെന്ന നിലയിലേക്കെത്തി. ടീം യു.ഡി.എഫിന്റെ വിജയമായതിനാൽ ആരും മാറിനിൽക്കേണ്ടതല്ലെന്ന് താത്പര്യപ്പെടുന്ന സതീശൻ രമേശിന്റെ ആവശ്യം അംഗീകരിച്ചുതന്നെ അദേഹത്തെ മന്ത്രിസഭയിൽ കൊണ്ടുവരേണ്ടതാണെന്ന നിലപാടിലാണ്.
മുസ്‌ലിംലീഗിന് അഞ്ചുമന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെങ്കിലും നാല് മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള മറ്റുപദവിയുമെന്ന നിർദേശവും മുന്നണിതലത്തിൽ ചർച്ചയിലുണ്ട്. കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും ലഭിക്കും. മറ്റു ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും അംഗബലത്തിനനുസരിച്ച് മറ്റു പദവികളുമാണ് പരിഗണനയിലുള്ളത്.
വെള്ളിയാഴ്ച ചേർന്ന യു.ഡി.എഫ്. ഉന്നതാധികാരസമിതി യോഗത്തിൽ ആദ്യ മന്ത്രിസഭായോഗത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ എഴുതിനൽകാൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് മുതിർന്ന നേതാക്കളെ സന്ദർശിച്ച സതീശൻ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി കണ്ടു.
മുൻ സർക്കാർ ആരംഭംകുറിച്ച വികസനപദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് പറഞ്ഞ നിയുക്ത മുഖ്യമന്ത്രി തങ്ങൾ വിമർശിച്ചകാര്യങ്ങളിൽ ചില തിരുത്തലുകൾ വരുത്തുമെന്ന് വ്യക്തമാക്കി. തന്റെ രാഷ്ട്രീയ ഗുരുനാഥൻ ജി. കാർത്തികേയന്റെ വീട്ടിലെത്തിയപ്പോൾ ഓർമ്മകളിൽ അദേഹം വിതുമ്പി.
തിരുത്തൽപ്രഖ്യാപനവുമായി നിയുക്തമുഖ്യമന്ത്രി; ചെലവുചുരുക്കും, പുതിയ കാറില്ല
അധികാരമേറ്റില്ലെങ്കിലും മുൻ സർക്കാരിന്റെ കാലത്തെ പൊതുജനങ്ങളുടെ എതിർപ്പിനിടയാക്കിയ ചില കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തുമെന്ന പ്രഖ്യാപനം വി.ഡി. സതീശൻ വെള്ളിയാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ മോട്ടോർകേഡറിൽ വാഹനവ്യൂഹം ഉണ്ടാകില്ല.
ഒരു എക്സ്‌കോർട്ടും പൈലറ്റും മാത്രമേ ഉണ്ടാകൂവെന്ന് വ്യക്തമാക്കിയ സതീശൻ ചെലവുചുരുക്കൽ മുകളിൽനിന്നേ തുടങ്ങുമെന്ന് വ്യക്തമാക്കി. മന്ത്രിമാർക്കായി പുതിയ കാറും വാങ്ങില്ല. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണത്തെ മുൻപ് എതിർത്തിരുന്ന അദ്ദേഹം, അക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടി എന്തെന്ന് പരിശോധിക്കുമെന്നും പറഞ്ഞു.
വർഗീയതയോട് സന്ധിയില്ലെന്ന പ്രഖ്യാപിത നിലപാടും അദേഹം ആവർത്തിച്ചു.
സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്താൻ യു.ഡി.എഫ്. യോഗം തീരുമാനിച്ചു. വലിയ ആഘോഷമായി നടത്തുന്ന സത്യപ്രതിജ്ഞ തത്‌സമയം വീക്ഷിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരണം ഏർപ്പെടുത്തും. കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയനേതാക്കളും സത്യപ്രതിജ്ഞയ്ക്ക് എത്തും.
Content Highlights: UDF expedites government formation with bilateral talks. V.D. Satheesan set to take oath as Chief Minister on Monday at 10 AM. Ramesh Chennithala likely to join cabinet with Home portfolio. New administration pledges austerity measures, including no new cars for ministers. Commitment to continue previous development projects while correcting public grievances.
Published: 16 May 2026, 06:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented