നീണ്ട ഏഴുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ തരൂർ കുറ്റവിമുക്തനായിരിക്കുകയാണ്. ഭാര്യയുടെ മരണത്തെ തുടര്‍ന്നുണ്ടായ ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടേണ്ട അവസ്ഥയിലായിരുന്നു തരൂർ. ബിജെപിക്കാവട്ടെ തരൂരിനെതിരെയുള്ള രാഷ്ട്രീയ ആയുധമായിരുന്നു സുനന്ദ മരണവുമായി ബന്ധപ്പെട്ട കേസ്. ഒടുവില്‍ തരൂരിനെ ഡൽഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.
ഐ.പി.എല്ലില്‍ വിയര്‍പ്പോഹരി വിവാദവുമായി ബന്ധപ്പെട്ടാണ് സുനന്ദ പുഷ്കറിന്റെ പേര് ആദ്യമായി മലയാളി കേള്‍ക്കുന്നത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന തരൂരിന്റെ പേരും സുനന്ദയ്ക്കൊപ്പമുണ്ടായിരുന്നതിനാല് വിവാദങ്ങള്‍ കത്തിപ്പടര്‍ന്നു. തരൂരിന്റെ ബിനാമിയാണ് സുനന്ദ എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് മന്ത്രിസഭയിലെ സഹമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്നതിലാണ് ഈ വിവാദങ്ങള്‍ തരൂരിനെ കൊണ്ടെത്തിച്ചത്.
ഐപിഎല്ലുമായുള്ള സര്‍വ്വ ബന്ധങ്ങളും തരൂരും സുനന്ദയും ഉപേക്ഷിച്ചെങ്കിലും വൈകാതെ ജീവിതത്തില്‍ ഇരുവരും ഒന്നിച്ചു. 2010 ഓഗസ്റ്റ് 22ന് ഉത്രാടനാളില്‍ പാലക്കാട്ട് ഏലവഞ്ചേരി മുണ്ടാരത്ത് തറവാട്ടില്‍വെച്ച് തരൂര്‍ സുനന്ദയ്ക്ക് താലിചാര്‍ത്തി. തരൂരിന്റെ രണ്ട് ആണ്മക്കളെയും സുനന്ദയുടെ ഏക മകനെയും സാക്ഷിയാക്കിയായിരുന്നു ആ വിവാഹം. ഇരുവരുടെയും മൂന്നാമത്തെ വിവാഹമായിരുന്നു അത്.

ആരാണ് സുനന്ദ പുഷ്കര്‍
കാശ്മീരിലെ സോപോര്‍ സ്വദേശിനി. 1962ല്‍ പുഷ്ക്കര്‍ നാഥ് ദാസിന്റെയും ജയാദാസിന്റെയും മകളായി ജനനം. സഞ്ജയ് റെയ്ന ആയിരുന്നു സുനന്ദയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധം 1998ല്‍ അവസാനിച്ചു. മലയാളിയായ സുജിത്ത് മേനോനെയാണ് സുനന്ദ രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ശിവ് മോനോന് എന്ന മകനുണ്ട്.
പിന്നീട് മധ്യപൂര്‍വ രാജ്യങ്ങളിലെ രാജ്യങ്ങളിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകയായി സുനന്ദ വളര്‍ന്നു. ബിസിനസിലെ ഈ പരിചയമാണ് സുനന്ദയെ ഐപിഎല്ലില്‍ എത്തിക്കുന്നത്.
കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും സുനന്ദ തരൂര്‍ ബന്ധത്തെ അത് ബാധിച്ചില്ല. പല പൊതുവേദികളിലും ഇരുവരും ഒന്നിച്ചെത്തി. ക്യാമറ കണ്ണുകള്‍ ഇരുവരെയും വിടാതെ തന്നെ പിന്തുടരുകയും ചെയ്തു. നല്ല സുഹൃത്തുക്കളായിരുന്ന തങ്ങള്‍ പിന്നീട് പ്രണയത്തിലാവുകായായിരുന്നുവെന്ന് തരൂര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിന്റെ വിവാദ മരുമകള്‍
വിവാഹിതരായെങ്കിലും മാധ്യമങ്ങള്‍ ഇവരെ വിടാതെ തന്നെ പിന്തുടര്ന്നു. തരൂരും ഭാര്യയും വരുന്നതും പോകുന്നതും എല്ലാം വാര്‍ത്തയായി. തരൂര്‍ പോകുന്നെടുത്തെല്ലാം പിന്തുണയുമായി സുനന്ദയും എത്തി. വിവാഹം കഴിഞ്ഞുള്ള ഇരുവരുടെയും പ്രണയവും മാധ്യമങ്ങള്‍ ആഘോഷിച്ചു. ഇടയ്ക്കല്ലൊം അവ വിവാദങ്ങളായി. 2012ല്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുനന്ദ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു യുവാവിനെ തല്ലി.
2013 അവസാനത്തോടെയാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണതായുള്ള സൂചനകള്‍ ആദ്യമായി പുറത്തുവരുന്നത്. പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായി എന്നായിരുന്നു ചില വാര്‍ത്തകള്‍. 2014 ജനുവരി 16ന് മെഹറും സുനന്ദയും ട്വിറ്ററില്‍ പരസ്പരം ഏറ്റുമുട്ടി. തരൂര്‍ സുഹൃത്തുമാത്രമാണെന്ന് മെഹറും തരൂരിനെ തട്ടിയെടുക്കാന്‍ വന്ന ഐഎസ് ചാരയാണ് മെഹറെന്ന് സുനന്ദയും ആരോപിച്ചു. ട്വിറ്റര്‍ യുദ്ധത്തിന്റെ തൊട്ടടുത്ത ദിവസം തീര്‍ത്തും അപ്രതീക്ഷിതമായി 2014 ജനുവരി 17ന് ലീലാപാലസ് ഹോട്ടലില്‍ സുനന്ദപുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സുനന്ദയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നത് തരൂരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. ഉറക്ക ഗുളിക അമിത അളവില്‍ കഴിച്ചതാണ് സുനന്ദയെ മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. അസ്വഭാവിക മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ തരൂര്‍ പ്രതികൂട്ടിലായി. സുനന്ദയുടെ പിതാവും സഹോദരനും മകനും ഉള്‍പ്പടെയുള്ള കുടുംബം തരൂരിനൊപ്പം നിന്നു.
എയിംസ് ആശുപത്രിയിലായിരുന്നു സുനന്ദയുടെ പോസ്റ്റ് മോര്‍ട്ടം നടന്നത്.
2014 ജൂലൈ രണ്ട് : പോസ്റ്റ് മോര്‍ട്ടം റിപ്പോട്ട് തിരുത്താന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ആരോപിച്ച് സുനന്ദയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സുധീര്‍ ഗുപ്ത രംഗത്തെത്തി. സുനന്ദയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു എന്നാല്‍ അതൊന്നും മരണത്തിന് കാരണമല്ല. പക്ഷെ രണ്ട് പാടുകള്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇഞ്ചെക്ഷന് വെച്ചതിന്റെ പാടും അടിയേറ്റതിന് സമാനമായ പാടിലുമാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്.
2014 സെപ്റ്റംബര്‍ 30 : എയിംസിലെ ഡോക്ടര്‍മാരുടെ സംഘം ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് സമര്‍പ്പിച്ചു.
2014 ഒക്ടോബര്‍ 10- പുതിയൊരു ഫോറന്‍സിക് റിപ്പോര്‍ട്ട് എയിംസിലെ ഡോക്ടര്‍മാര്‍ ഡല്‍ഹി പോലീസിന് സമര്‍പ്പിച്ചു.
2014 നവംബര്‍ 9ന് ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി എത്തി. സുനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റഷ്യന്‍ നിര്‍മ്മിത വിഷം ഉപയോഗിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി
2015 ജനുവരി 6 ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബിഎസ് ബഷി സുനന്ദ പുഷ്ക്കറിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വെളിപ്പെടുത്തി. ഡല്‍ഹി പോലീസ് അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
2015 ഫെബ്രുവരി - സുനന്ദ പുഷ്ക്കറിന്റെ ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്കയച്ചു.
2015 നവംബര്‍ 10 സുനന്ദയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് എഫ്ബിഐ ഡല്‍ഹി പോലീസിന് കൈമാറി. മരണകാരണമായ ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
2015 നവംബര്‍- ഡല്‍ഹി പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തക നളിനി സിങ്ങിന്റെ സഹായം തേടി.
സുനന്ദ മെഹര്‍ തരാറും തരൂരും തമ്മിലുള്ള ബിബിഎം മെസേജുകള്‍ വീണ്ടെടുക്കാന്‍ നളിനി സിങ്ങിന്റെ സഹായം തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2016 ഫെബ്രുവരി : ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ ചോദ്യം ചെയ്തു. മരുന്ന് അമിത അളവില്‍ കഴിച്ചതാണ് സുനന്ദയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു തരൂരിന്റെ മൊഴി.
2016 മാര്‍ച്ച്: മെഹര്‍ തരാര്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്താക്കി.
2017 ജൂലൈ ആറ് - അന്വേഷണവും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഡല്‍ഹി ഹൈക്കോടതിയിലേക്ക്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും സ്വാമി ആവശ്യപ്പെട്ടു.
2017 ഒക്ടോബര്‍ 26 - സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. രാഷ്ട്രീയ താത്പര്യങ്ങളാണ് ഹര്‍ജിയ്ക്ക് പിന്നിലെന്ന് കോടതി.
2018 ജനുവരി 29 : എസ് ഐടി അന്വേഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സുനന്ദയുടെ മരണം അസ്വഭാവികമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
2018 മെയ് 15 തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഡല്‍ഹി പോലീസ്. 3000 പേജുള്ള കുറ്റപത്രത്തില്‍ സുന്ദന ആത്മഹത്യ ചെയ്യാന്‍ തരൂരാണ് കാരണമെന്ന് ആരോപിച്ചിരുന്നു.
2021-ആഗസ്റ്റ് 18: നീണ്ട വാദത്തിനൊടുവില്‍ തരൂര്‍ കുറ്റവിമുക്തനാണെന്ന് കോടതി വിധിക്കുന്നു. കൊലപാതക കുറ്റം മാത്രമല്ല ആത്മഹത്യാപ്രേരണ കുറ്റമോ ഗാര്‍ഹിക പീഡനകുറ്റമോ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlight; Timeline of the Sunanda Pushkar Death Case
Published: 18 Aug 2021, 11:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented