തിരുവനന്തപുരം: കോട്ടയം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകൾക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങൾ മൊയ്തീനെയും മൂന്നുപേർ ബി.ബി. ഗോപകുമാറിനെയും പിന്തുണച്ചു.
139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു.
സിപിഎമ്മിന്റെ എ.സി. മൊയ്തീനും ബിജെപിയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എൽഡിഎഫിനും എൻഡിഎയ്ക്കും വേണ്ടി മത്സരിച്ചത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും പ്രത്യേകതയായിരുന്നു.
സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനായിരുന്നു സഭയുടെ പ്രോടേം സ്പീക്കർ. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
നാല് പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. അവ: വി.ഡി. സതീശൻ നാമനിർദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങിക്കൊണ്ടുള്ളത്, പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശിക്കുകയും പി.കെ. ബഷീർ പിന്താങ്ങിയും, മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും, ഷിബു ബേബി ജോൺ നാമനിർദേശം ചെയ്യുകയും സി.പി. ജോൺ പിന്താങ്ങുകയും ചെയ്തത്.
എ.സി. മൊയ്തീനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള ആദ്യ പത്രികയിൽ പിണറായി വിജയൻ നാമനിർദേശം ചെയ്യുകയും കെ. രാജൻ പിന്താങ്ങുകയും ചെയ്തിരുന്നു. രണ്ടാമത്തെ പത്രികയിൽ കെ.എൻ. ബാലഗോപാൽ നാമനിർദേശം ചെയ്യുകയും പി.കെ. പ്രവീൺ പിന്താങ്ങുകയും ചെയ്തിരുന്നു.
ബി.ബി. ഗോപകുമാറിനെ നാമനിർദേശം ചെയ്തുള്ള പത്രികയിൽ രാജീവ് ചന്ദ്രശേഖർ പേര് നിർദേശിക്കുകയും വി. മുരളീധരൻ പിന്താങ്ങുകയും ചെയ്തു.
ഈ മാസം 23 മുതൽ 28 വരെ സഭ ചേരില്ല. 29-ാം തീയതിയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്.
Content Highlights: Thiruvanchoor Radhakrishnan elected as Speaker of the 16th Kerala Legislative Assembly., Won with a margin of 101 votes., Historical event featuring a three-party contest for the Speaker position., Pro-tem Speaker G. Sudhakaran oversaw the proceedings.
Published: 22 May 2026, 10:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented