
മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന, പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍, പച്ചമീന്‍ കഴിച്ച പൂച്ച ചത്തു. മായം ചേര്‍ത്ത മീന്‍ പിടിച്ചെടുത്തു. മലയാളികളില്‍ നല്ലൊരു ശതമാനത്തിന്റേയും പ്രിയഭക്ഷണമായ മീനിനെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ഇത്. വില കൂടിയിട്ടും മീന്‍ വാങ്ങുന്നതില്‍ കുറവ് വരുത്താത്ത മലയാളിയ്ക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്നത് എങ്ങനെ വിശ്വസിച്ച് മീന്‍ വാങ്ങിക്കഴിക്കുമെന്ന ആശങ്കയാണ്.
ആവശ്യം കൂടി മീന്‍ കുറഞ്ഞു
കേരളത്തില്‍ സമുദ്രജല മത്സ്യ ലഭ്യതയില്‍ 40 ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്. പക്ഷെ മീനിന്റെ ഡിമാന്‍ഡാവട്ടെ കൂടുകയും ചെയ്യുന്നു. ഇന്ന് കേരളത്തിലെ തീരങ്ങളില്‍നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മീനുകളും വന്‍തോതില്‍ മലയാളിയുടെ തീന്‍മേശയിലേക്ക് എത്തുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കൂടുതലായും മീന്‍ എത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഐസിട്ട് സംഭരിക്കുന്ന മീനുകളാണ് മത്സ്യലഭ്യത കുറഞ്ഞ ജില്ലകള്‍ ലക്ഷ്യമാക്കി അതിര്‍ത്തി കടന്ന് എത്തുന്നത്.

മീന്‍ ചീയാതിരിക്കാന്‍ ഒരു കിലോ മീനിന് ഒരു കിലോ ഐസെങ്കിലും വേണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത്. ചെറിയ മീനുകളാണെങ്കില്‍ ഇതില്‍ കൂടുതല്‍ വേണ്ടി വരും, മീന്‍ സൂക്ഷിക്കുന്ന അല്ലെങ്കില്‍ വില്‍ക്കുന്ന സ്ഥലത്തെ താപനിലയ്ക്ക് അനുസരിച്ചും ഐസിന്റെ അളവ് കൂടും. പുറത്തുനിന്ന് എത്തിക്കുന്ന മീനുകളിലും നമ്മുടെ തീരത്ത് നിന്ന് എത്തിക്കുന്ന മീനുകളിലും പലപ്പോളും ഈ ഐസിന്റെ അളവ് കൃത്യമാവാറില്ല അല്ലെങ്കില്‍ ശീതീകരിച്ച് സൂക്ഷിക്കുന്നത് കൃത്യമാവാറില്ല എന്നതിനാല്‍ തന്നെ പലപ്പോളും നമ്മുടെ കൈകളിലെത്തുന്നത് പഴകിയ മീനായിരിക്കും.
ഐസ് അല്‍പ്പം കുറഞ്ഞാലും മീന്‍ കേടാവരുത്; പകരം ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയവും സോഡിയം ബെന്‍സോയേറ്റും
കടല്‍ മത്സ്യങ്ങളായാലും ശുദ്ധജല മത്സ്യങ്ങളായാലും അമോണിയവും ഫോര്‍മാലിനും വളരെ കുറഞ്ഞ അളവില്‍ ചത്തമത്സ്യത്തില്‍ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ മീന്‍ അഴുകാതിരിക്കാന്‍ വന്‍ തോതില്‍ ചേര്‍ക്കുന്ന അമോണിയവും സോഡിയം ബെന്‍സോയേറ്റും ഫോര്‍മാലിനുമാണ് പ്രശ്നം. ചില ശുദ്ധജല മത്സ്യങ്ങളില്‍ 4 പി.പി.എം. വരേയും മത്തി,അയല പോലുള്ള സമുദ്ര ജല മത്സ്യങ്ങളില്‍ 8 പി.പി.എം. വരേയും ഫോര്‍മാലിന്‍ കണ്ട് വരാറുണ്ട്.
സമാന രീതിയില്‍ ചില മത്സ്യങ്ങളില്‍ 400 പി.പി.എം. വരെ അമോണിയയും ഉണ്ടാവാറുണ്ട്. അമോണിയയുടേയും ഫോര്‍മാലിന്റേയും അളവ് ഇതില്‍ കൂടുതലാണെങ്കില്‍ അത് കൃത്രിമമായി ചേര്‍ത്തതാണെന്ന് ഉറപ്പാണ്. പക്ഷെ ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ എടുക്കുന്ന കാലതാമസവും പിഴ ചുമത്തലിന് അപ്പുറത്തേക്ക് കടക്കാത്ത നടപടികളുമാണ് പലര്‍ക്കും ഈ കുറ്റം ആവര്‍ത്തിക്കാന്‍ ധൈര്യം പകരുന്നത്. മാത്രവുമല്ല പലപ്പോഴും പരിശോധനയ്ക്ക് എത്തുന്ന വിവരം വ്യാപാരികള്‍ മുന്‍കൂട്ടി അറിയുന്നതിനാല്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന മീന്‍ കണ്ടെത്താനും കഴിയാറുമില്ല.

കുറച്ച് ദിവസം മുമ്പ് മത്സ്യം കഴിച്ചവര്‍ക്ക് അസ്വസ്ഥതയുണ്ടായ ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലേക്ക് ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് മത്സ്യം കൂടുതലായി എത്തുന്നത്. ഇവിടേയ്ക്ക് മത്സ്യം കയറ്റുമ്പോഴോ ഇറക്കുമ്പോഴോ കച്ചവടക്കാര്‍ ഇത് വാങ്ങുമ്പോഴോ ഇതിന്റെ ഗുണ നിലവാരം പരിശോധിക്കാന്‍ കൃത്യമായി സംവിധാനങ്ങള്‍ ഒന്നുമില്ല. എല്ലാ ജില്ലകളിലും മൊബൈല്‍ പരിശോധനാ സംവിധാനം ഉള്ള ആദ്യ സംസ്ഥാനമായിട്ടുകൂടി പരാതികള്‍ കൂടുമ്പോള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപകമായി പരിശോധനയ്ക്ക് ഇറങ്ങുക. ഇതിനാല്‍ തന്നെ ചെക്പോസ്റ്റില്‍ നേരത്തെ ഉണ്ടായിരുന്ന പരിശോധന പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
കൂടുതല്‍ പ്രശ്നം കുഞ്ഞുങ്ങള്‍ക്ക്
ഇടുക്കി ജില്ലയില്‍ മത്സ്യം കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നം വന്നത് ഇത്രയധികം ചര്‍ച്ചയായത് കഴിഞ്ഞ ആഴ്ചയാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പേര്‍ അസ്വസ്ഥതകളുമായി ചികിത്സ തേടിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ കാണുന്നത്. വയറുവേദനയാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. പഴകിയ മീന്‍ കഴിക്കുന്നത് ഛര്‍ദി, വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയവയും ഉണ്ടാവാം. രാസവസ്തുക്കളുള്ള മീന്‍ പതിവായി കഴിക്കുന്നതിലൂടെ കുടലിലെ അര്‍ബുദം, അള്‍സര്‍ തുടങ്ങിയവയുള്‍പ്പെടെ രോഗങ്ങള്‍ക്കും കാരണമാകാം.
വില കൊടുത്ത് വാങ്ങുന്നത് നല്ലതാണെന്ന് ഉറപ്പുവരുത്താം
- നല്ല മീനിന്റെ ശരീരത്തില്‍ സ്വാഭാവിക തിളക്കം ഉണ്ടാവും
- മത്സ്യത്തിന് ദുര്‍ഗന്ധമോ രാസഗന്ധമോ ഉണ്ടാകില്ലെന്ന് മാത്രമല്ല അമര്‍ത്തുമ്പോള്‍ കുഴിഞ്ഞുപോവുകയും ഇല്ല
- കണ്ണുകള്‍ തിളക്കമുള്ളതും നിറവ്യത്യാസവും ഇല്ലാത്തതും ആയിരിക്കും
- ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമായിരിക്കും
പച്ചമീൻ കഴിച്ച പതിനൊന്നുകാരന് വയറുവേദന
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പച്ചമീൻ കഴിച്ച പതിനൊന്നുകാരന് വയറുവേദന. കുട്ടി കെ.പി. കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. ഒരാഴ്ചക്കിലെ പച്ചമീൻ കഴിച്ച് ചികിത്സതേടുന്ന നാലാമത്തെ സംഭവമാണിത്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ പരാതിയിൽ മെഡിക്കൽ ഓഫീസർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നാലാംതവണയും കത്ത് നൽകി.
നെടുങ്കണ്ടം പഞ്ചായത്ത് 22-ാം വാർഡിൽ പതിനാലുകുട്ടിയിൽ മാടത്താനിയിൽ വീട്ടിൽ സുരേന്ദ്രന്റെ മകനാണ് വയറുവേദന ഉണ്ടായത്. നെടുങ്കണ്ടം സോണി ഫിഷറീസിൽനിന്ന് വ്യാഴാഴ്ച വാങ്ങിയ കട്‌ല മീൻ കഴിച്ചതിനെത്തുടർന്നാണ് വയറുവേദന ഉണ്ടായത്. കുട്ടിയെ ആദ്യം ഹോമിയോ ചികിത്സക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടാകാഞ്ഞതിനെത്തുടർന്നാണ് കെ.പി. കോളനി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.
മത്സ്യം പഴകിയതോ, രാസവസ്തുക്കൾ ചേർത്തതോ അകാമെന്നാണ് മെഡിക്കൽ ഓഫീസറുടെ നിഗമനം. മെഡിക്കൽ ഓഫീസർ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നൽകിയ കത്തിന്റെ പകർപ്പ് ഡി.എം.ഒ.ക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞദിസങ്ങളിൽ പുഷ്പക്കണ്ടം തെറ്റാലിക്കൽ ത്രേസ്യാമ്മ (60), പുഷ്പക്കണ്ടം ഇല്ലിമൂട് വല്യാറച്ചിറയിൽ പുഷ്പവല്ലി (59) എന്നിവർക്കും പഴകിയ മത്സ്യം കഴിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
ഒരാഴ്ചമുമ്പ് തൂക്കുപാലത്തെ മീൻകടകളിൽനിന്നും വാങ്ങിയ മത്സ്യം കഴിച്ച കുട്ടികൾക്കും മുതിർന്നവർക്കും വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇവർ കെ.പി. കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചാവുകയും ചെയ്തിരുന്നു. ഈ വാർത്ത ’മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇടപെട്ട ആരോഗ്യമന്ത്രി പരിശോധനക്ക് ഭക്ഷ്യസുരക്ഷ കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ’ഓപ്പറേഷൻ മത്സ്യ’ എന്ന പേരിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ നടന്നുവരികയാണ്.
Content Highlights: stale fish issue in kerala
Published: 24 Apr 2022, 02:43 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented