കടമ്പഴിപ്പുറം: ആരെക്കണ്ടാലും പുഞ്ചിരിക്കുന്ന കുട്ടി, നാട്ടിലെ പരിപാടികളിലെല്ലാം നിറസ്സാന്നിധ്യം, മിതത്വം പാലിച്ച സ്വഭാവം, പഠിപ്പിലും പാട്ടിലുമെല്ലാം കഴിവുതെളിയിച്ച കുട്ടിയായതുകൊണ്ട് ശ്രീനന്ദയെ എല്ലാവർക്കുമറിയാം.

To advertise here,

നിനച്ചിരിക്കാത്ത നേരത്താണ് ശ്രീനന്ദയെ കാണാനില്ലെന്നവാർത്ത നാട്ടുകാർ അറിയുന്നത്. ഇതോടെ കഴിഞ്ഞ നാലുദിവസമായി ശ്രീനന്ദയ്ക്കായുള്ള പ്രാർഥനയിലായിരുന്നു കല്ലംപറമ്പിലെ നാട്ടുകാർ. കൂത്തറവീട്ടിലെത്തി മുത്തശ്ശനോടും മുത്തശ്ശിയോടും ബന്ധുക്കളോടുമൊക്കെ നാട്ടുകാർ പറഞ്ഞിരുന്നത് 'പേടിവേണ്ട, അവൾ വരും' എന്നായിരുന്നു. വെള്ളിയാഴ്ച ശ്രീനന്ദയുടെ മരണവിവരമറിഞ്ഞെത്തിയ നാട്ടുകാർക്ക് ബന്ധുക്കളെ ആശ്വസിപ്പിക്കാൻപോലും ആയില്ല. എല്ലാവരും മൗനമായി കൂടിനിന്നു. കൂത്തറവീട് മൂകമായി.

വ്യാഴാഴ്ച രാത്രിവരെ കുട്ടിക്ക് അപകടമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന വിശ്വാസത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. സംഭവസ്ഥലത്തുള്ള ബന്ധുക്കളുടെ അടുത്തേക്ക് നാട്ടുകാരുടെ സംഘങ്ങൾ സഹായത്തിനായി പോയിരുന്നു. എന്നാൽ, ശ്രീനന്ദയുടെ മരണവാർത്ത എല്ലാവരുടെ പ്രാർഥനയും പ്രതീക്ഷകളും തകർത്തുകളഞ്ഞു. പ്രിയപ്പെട്ട ശ്രീനന്ദയുടെ വിയോഗം കൂട്ടുകാർക്കും നാട്ടുകാർക്കും വിശ്വസിക്കാനായിട്ടില്ല.

വിഷുവിനോടനുബന്ധിച്ച് ക്ഷേത്രോത്സവത്തിന് കലാപരിപാടി അവതരിപ്പിക്കാൻ കാത്തിരിക്കയായിരുന്നു ശ്രീനന്ദയും കൂട്ടുകാരും. പരീക്ഷ കഴിഞ്ഞയുടൻ ഇതിനുള്ള പരിശീലനവും തുടങ്ങിയിരുന്നു. എല്ലാം വിഫലമായി.

പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞാലുടൻ ശനിയാഴ്ച ശ്രീനന്ദ അവസാനമായി വീട്ടിലെത്തും. കളിചിരിയില്ലാതെ.

സച്ചുവിന് ഇനിയില്ല, അനിയത്തിക്കുട്ടി

പാലക്കാട്: ഒന്നിരുട്ടി വെളുത്താൽ വീടെത്തും. വൈകീട്ട് ആറോടെ തിരിച്ചാൽ രാവിലെ ഏഴിന് കടമ്പഴിപ്പുറത്തെ വീടെത്താം... അനിയത്തിക്കുട്ടി വരുന്നതുംകാത്തിരുന്ന സച്ചു ഏഴാംതീയതി വൈകീട്ടോടെ അറിഞ്ഞത് സഹോദരിയെ കാണാനില്ലെന്ന വിവരമാണ്. പ്രാർഥനയോടെ അവൻ കാത്തിരുന്നത് വെറുതെയായി. വെള്ളിയാഴ്ച ഉച്ചയോടെ ശ്രീനന്ദയുടെ മരണവിവരം സച്ചുവിന്റെ കാതുകളിലെത്തി. പിന്നെ അവൻ ആരോടും ഒന്നും മിണ്ടിയിട്ടില്ല.

വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് വന്നുതുടങ്ങിയതോടെ മാനസികവിഷമത്തിലായ സച്ചു വല്യച്ഛന്റെ വീട്ടിലേക്ക് മാറി. അവിടെ ഒരു മുറിയിൽ ആർക്കും മുഖംകൊടുക്കാതെ കിടപ്പാണ്. സഹോദരിയുടെ വിയോഗം വിശ്വസിക്കാനാവാതെ ഇരിക്കുന്ന സച്ചുവിനെ ആശ്വസിപ്പിക്കാൻ കൂട്ടുകാരും കൂടെയുണ്ട്, പിന്നിൽനിന്ന് മാറാതെ.

ചെർപ്പുളശ്ശേരി പോളിടെക്‌നിക് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിയായ കെ.ആർ. സച്ചുവിന് പരീക്ഷയായതുകൊണ്ടാണ് വിനോദയാത്രയ്ക്ക് സഹോദരിക്കൊപ്പം പോകാൻ കഴിയാതിരുന്നത്. വിശേഷങ്ങൾപറഞ്ഞ് കുടുംബം ഫോണിൽ വിളിക്കുമ്പോൾ കടമ്പഴിപ്പുറത്തെ വീട്ടിൽ സച്ചുവിനോടൊപ്പം മുത്തശ്ശനും മുത്തശ്ശിയുമെല്ലാം കാത്തിരിപ്പായിരുന്നു. ശ്രീനന്ദയുടെ മരണവിവരം ഇപ്പോഴും പ്രായമായ മുത്തശ്ശനെ അറിയിച്ചിട്ടില്ല.