
തിരുവനന്തപുരം: ആലപ്പുഴയിൽവെച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഉന്നതോദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് എസ്‌ഐടി റിപ്പോർട്ട്.
കോടതിക്ക് മുന്നിലെത്തിയ തെളിവുപോലും നശിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും തെളിവ് നശിപ്പിച്ച് മാറ്റം വരുത്തിയെന്ന് റിപ്പോർട്ടിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അത്യാവശ്യമാണെന്നും അവർക്ക് ജാമ്യം ലഭിച്ചാൽ നീതിനിർവഹണം തടസ്സപ്പെടുമെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അതിനിടെയാണ് ജാമ്യത്തെ എതിർത്തുകൊണ്ടുള്ള എസ്‌ഐടി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തെത്തിയിരിക്കുന്നത്.
പിണറായി വിജയൻ സഞ്ചരിച്ചിരുന്ന ബസ് തടസ്സമില്ലാതെ മുന്നോട്ട് പോയിരുന്നു. യെല്ലോ ബുക്ക് പ്രകാരമുള്ള ഇസഡ് പ്ലസ് സുരക്ഷ നൽകിക്കൊണ്ട് മുന്നോട്ട് പോകാമായിരുന്നു. എന്നാൽ ഇവർ വാഹനം നിർത്തി 11 സെക്കൻഡോളം മർദനം നടത്തി. ഇത് ഡ്യൂട്ടിയിലുണ്ടായ വീഴ്ചയാണെന്നും എസ്‌ഐടി ചൂണ്ടിക്കാണിക്കുന്നു.
പ്രതിഷേധക്കാർ ബസിന് നേരെ കല്ലെറിഞ്ഞെന്നും സുരക്ഷാഭീഷണി ഉണ്ടായെന്നും പ്രതികൾ വാദിച്ചിരുന്നു. എന്നാൽ ഡ്രെെവറുടെ മൊഴിയും മെക്കാനിക്കൽ എൻജിനീയറുടെ റിപ്പോർട്ടും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെയുള്ളവ പരിശോധിച്ചതിൽനിന്നും ബസിന് നേരെ കല്ലേറോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്നും എസ്‌ഐടി റിപ്പോർട്ടിലുണ്ട്.
മുൻപ് നടന്ന അന്വേഷണത്തിൽ തെളിവുകൾ മറച്ചുവെക്കാനും വ്യാജരേഖ നിർമിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമം നടന്നെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്ക് അടക്കം കണ്ടെത്തേണ്ടതുണ്ടെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. പ്രതികൾ ഉപയോഗിച്ച ലാത്തികൊണ്ടുള്ള മർദനം ജീവൻതന്നെ ഭീഷണിയായേക്കാവുന്ന പരിക്കിന് കാരണമാകുമെന്ന് മെഡിക്കൽ ബോർഡ് പറയുന്നതും എസ്‌ഐടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlights: SIT confirms high-ranking officials colluded to sabotage the investigation., Evidence was deliberately destroyed or altered to protect the accused., No stone-pelting occurred against the bus, refuting the defense's claims., The 11-second assault was a clear case of dereliction of duty., Medical board confirms the potential life-threatening nature of the injuries.
Published: 03 Jun 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented