ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആശുപത്രി അധികൃതർ മാധ്യമങ്ങളോട് വിശദീകരണം നൽകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഉഷ എന്ന രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അധികൃതർക്കും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് ഡയസിൽ നിന്നും നീക്കം ചെയ്തത്.

To advertise here,

പാവപ്പെട്ട ഒരു സ്ത്രീയോട് സിസ്റ്റം കാട്ടിയത് വലിയ ക്രൂരതയാണെന്ന് ആരോപിച്ച പ്രതിഷേധക്കാർ ആരോഗ്യ വകുപ്പിനെതിരെയും പോലീസിനെതിരെയും ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി.

അഞ്ചു വർഷം മുമ്പ് കോവിഡ് കാലത്താണ് ഈ ശസ്ത്രക്രിയ നടന്നതെന്നും ഡോക്ടർ ഷാഹിദയാണ് ഇത് നിർവ്വഹിച്ചതെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. കടുത്ത കോവിഡ് നിയന്ത്രണങ്ങളും പരിമിതികളും നിലനിന്ന അക്കാലത്ത് 10 പേർ ചെയ്യേണ്ട ജോലി അഞ്ചു പേരെ വെച്ച് ചെയ്യേണ്ടി വന്ന ദുർഘടമായ സാഹചര്യമുണ്ടായിരുന്നുവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡോക്ടർ ലളിതാംബികയല്ല ഈ സർജറി ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗിയുടെ നിലവിലെ ശാരീരിക പ്രയാസങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലമാകാനുള്ള സാധ്യതയും ഡോക്ടർമാർ തള്ളിക്കളയുന്നില്ല.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റിൽ യാതൊരു ഉപകരണവും നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഉപകരണങ്ങൾ കൃത്യമായി തിരികെ ലഭിച്ചതായി അന്ന് സർജറിയിൽ അസിസ്റ്റ് ചെയ്ത നഴ്സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് നിലവിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നത്.