കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിൻ്റെ' 2026-ലെ ദേശീയ പുരസ്കാരം ചലച്ചിത്ര കലാ സംവിധായകൻ സാബു സിറിലിന്. ദാദാ ഫാൽക്കേ അവാർഡ് ജേതാവും ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് രക്ഷാധികാരിയുമായ ചലച്ചിത്ര താരം മോഹൻലാൽ ആണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പ്രവർത്തനമേഖലയായ ചലച്ചിത്ര കലാസംവിധാന രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തിക്കാണ് അവാർഡ് സമ്മാനിക്കുന്നത്.
ഇന്ത്യൻ സിനിമയ്ക്ക് തന്‍റെ കലാസംവിധാന മികവിലൂടെ നിസ്തുലവും ശ്രദ്ധേയവുമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് സാബു സിറിലെന്ന് മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ ചലച്ചിത്രരംഗത്ത് കലാസംവിധാനത്തിന് പുതിയൊരു ദൃശ്യഭാഷയും ഉയർന്ന നിലവാരവും സമ്മാനിച്ച അദ്ദേഹത്തിന്‍റെ സംഭാവനകൾ വിലമതിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ശില്പവുമാണ് അവാർഡ്. എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ബാബു ജോസഫ് (മാനേജിങ്ങ് ട്രസ്റ്റി), ദേവൻനമ്പൂതിരി (ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ), കാർട്ടൂണിസ്റ്റ് രവിശങ്കർ, ആർട്ടിസ്റ്റ് ബിനുരാജ് കലാപീഠം, കർട്ടൂണിസ്റ്റ് സുധീർ നാഥ് എന്നിവരാണ് ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് അംഗങ്ങൾ.
തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ സ്വദേശിയായ സെബാസ്റ്റ്യൻ വിൻസെൻറ് സിറിൽ എന്ന സാബു സിറിൽ ചലച്ചിത്ര നിർമാണ ഡിസൈനറും അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലെ (ഓസ്കാർ) അംഗവുമാണ്. 1982 മുതൽ 1988 വരെ, വെൽകോം ഗ്രൂപ്പ് ഹോട്ടൽസ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, മധുര കോട്സ് തുടങ്ങിയ കമ്പനികളുടെ ഫ്രീലാൻസ് ഗ്രാഫിക്സ് ഡിസൈനറായിരുന്നു അദ്ദേഹം.
1988-ൽ അദ്ദേഹം തന്‍റെ കലാസംവിധായക ജീവിതം ആരംഭിച്ചു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ 2,500-ലധികം പരസ്യങ്ങളും, 3 ടെലിസീരിയലുകളും, 115 ഫീച്ചർ ഫിലിമുകളും കലാസംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം നിരവധി സ്റ്റേജ് ഷോകളും ഡിസൈൻ ചെയ്തിട്ടുണ്ട്. 1996-ൽ മിസ്സ് വേൾഡ് സൗന്ദര്യമത്സരത്തിന്‍റെ സ്റ്റേജ് ഡിസൈൻ അദ്ദേഹം സംവിധാനം ചെയ്തു.
നാല് ദേശീയ ചലച്ചിത്ര അവാർഡ്, നാല് സംസ്ഥാന അവാർഡുകൾ, മികച്ച കലാസംവിധാനത്തിനുള്ള ആറ് ഫിലിംഫെയർ അവാർഡ്, അഞ്ച് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്ര അക്കാദമി അവാർഡുകൾ തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അയ്യർ ദി ഗ്രേറ്റ് (1990), അമരം (1991), അങ്കിൾ ബൺ (1991), അദ്വൈതം (1991), മഹാനഗരം (1992), ധ്രുവം (1993), മിന്നാരം (1994), തേന്മാവിൻ കൊമ്പത്ത് (1994), പവിത്രം (1994), സൈന്യം (1994), മാന്ത്രികം (1995), കാലാപാനി (1996), ചന്ദ്രലേഖ (1997), കണ്ണെഴുതി പൊട്ടും തൊട്ട് (1999), മേഘം (1999), രാകിളിപ്പാട്ട് (2000), കാക്കക്കുയിൽ (2001), കിളിച്ചുണ്ടൻ മാമ്പഴം (2003), മാജിക് മാജിക് 3ഡി (2003), ആകാശ ഗോപുരം (2008), ഒരു മരുഭൂമിക്കഥ (2011) കൊളാമ്പി (2019), മരക്കാർ: അറബിക്കടലിന്‍റെ സിംഹം (2021) തുങ്ങെിയ മലയാള സിനിമകളിൽ അദ്ദേഹം കലാസംവിധായകനായിരുന്നു.
എന്തിരൻ റോബോ (2010), ബാഹുബലി: ദി ബിഗിനിങ് (2015), ബാഹുബലി 2: ദി കൺക്ലൂഷൻ (2017), ആർ.ആർ.ആർ (2022) തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധാനത്തിലൂടെ അദ്ദേഹം അന്താരാഷ്ട്ര അംഗീകാരവും നേടിയിട്ടുണ്ട്.
Content Highlights: Sabu Cyril has been selected for the 2nd Artist Namboothiri Samman National Award 2026., The award was officially announced by superstar Mohanlal in Kochi., The honor includes a cash prize of 1 lakh rupees, a citation, and a sculpture of Artist Namboothiri., The award recognizes Sabu Cyril's lifetime contributions and visual language in Indian cinema art direction.
Published: 29 Sept 2026, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented