
ശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയിൽ തിരക്കേതുമില്ലാത്ത ദിനമായിരുന്നു വെള്ളിയാഴ്ച. പുലർച്ചെമുതൽ അധികം ഭക്തർ മലകയറി എത്തിയില്ല. പത്തുമണിമുതൽ നടപ്പന്തലൊഴിഞ്ഞു. ഇടവിട്ടെത്തുന്ന ഭക്തർ അതിവേഗം പതിനെട്ടാംപടി കയറിപ്പോയി.
തിരക്കൊഴിഞ്ഞതോടെ ഭക്തരെ ഫ്ലൈഓവറിൽ കടത്താതെ, നേരിട്ട് ദർശനം നടത്താൻ അനുവദിച്ചു. പുല്ലുമേട് വഴിയും ഭക്തർ വെള്ളിയാഴ്ച എത്തി. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണവും കുറവായിരുന്നു.
അപ്പം-അരവണ കൗണ്ടറുകൾക്ക് മുന്നിലാണ് ചെറിയതോതിലെങ്കിലും തിരക്കുവന്നത്. നെയ്യഭിഷേകമടക്കമുള്ളവ പൂർത്തിയാക്കി, വിശ്രമിച്ചശേഷമാണ് ഭക്തർ മലയിറങ്ങിയത്. നാലുമണിയോടെ ചെറിയ മഴയുണ്ടായെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടില്ല. പമ്പയിലും നിലയ്ക്കലിലും തിരക്കുണ്ടായതേയില്ല.
ശനിയാഴ്ച മുതൽ ആർഎഎഫിന്റെ സേവനവും
സന്നിധാനത്ത് ശനിയാഴ്ച മുതൽ 140 അംഗ ആർഎഎഫ് സംഘവും സുരക്ഷാനടപടികൾക്കുണ്ടാകും. കോയമ്പത്തൂർ 105-ാം ബറ്റാലിയൻ അംഗങ്ങളാണ് സന്നിധാനം, വടക്കേനട, തെക്കേനട ഭസ്മക്കുളം, തിരുമുറ്റം, അപ്പം അരവണ കൗണ്ടർ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുക. ഡെപ്യൂട്ടി കമാൻഡർ ബിജുറാമാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ശുചീകരണയജ്ഞം
ശരണപാതകളിൽ നിറഞ്ഞിരുന്ന മാലിന്യങ്ങൾ പൂർണമായും നീക്കിയതോടെ ഭക്തർക്ക് സുഗമദർശനം. സന്നിധാനംമുതൽ മരക്കൂട്ടംവരെയുള്ള മാലിന്യങ്ങൾ പൂർണമായും നിക്കി. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് മാറ്റുകയുംചെയ്തു. ശബരിമല എഡിഎം ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.
ദേവസ്വംമന്ത്രി വാസവന് ശബരിമലയിൽ
ദേവസ്വംമന്ത്രി വി.എൻ. വാസവൻ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ ശബരിമലയിൽ എത്തി. ശബരിമല എഡിഎം അരുൺ എസ്. നായരുമായി സ്ഥിതിഗതികളെപ്പറ്റി ചർച്ച നടത്തി.
തീർഥാടനകാല ഒരുക്കങ്ങൾ വിലയിരുത്താൻ ശനിയാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ ഹൈക്കോടതി അനുമതിയോടെയാണ് യോഗം ചേരുന്നത്.
Content Highlights: Sabarimala Witnessed Low Footfall This Friday: Mandalam Season Continues Amidst Quiet Pilgrimage
Published: 22 Nov 2025, 09:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented