കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകത്തിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോർ വഴി നൽകുമ്പോൾ പാലും കരിക്കും പനിനീരും മാത്രം എന്തിനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്ന് നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഹൈക്കോടതി. ഇവ കൂടി ദേവസ്വം സ്റ്റോർ വഴി നൽകിയിരുന്നെങ്കിൽ സുതാര്യത ഉറപ്പാക്കാമായിരുന്നു. അഷ്ടാഭിഷേകത്തിന് എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും എന്നതും മനസ്സിലാകുന്നില്ലെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.

To advertise here,

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകളുടെ മറവിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് സ്വമേധയ വിഷയം പരിഗണിക്കുകയായിരുന്നു കോടതി.

ആറ് മാസ പൂജയിൽ നടത്തിയ അഷ്ടാഭിഷേകത്തിന്റെ പേരിൽ മാത്രം 5.15 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്. ശബരിമലയിൽ സ്വർണക്കൊള്ളയിൽ പ്രതികളായവർ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ എക്സിക്യുട്ടീവ് ചുമതല വഹിച്ചിരുന്നപ്പോഴും ക്രമക്കേട് നടന്നിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

എട്ട് സാധനങ്ങളാണ് അഷ്ടാഭിഷേകത്തിന് വേണ്ടത്. 6000 രൂപയാണ് ഫീസ്. ഇതിൽ 300 രൂപയാണ് പൂജാ സാധനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്. ഇതാണ് മൂന്ന് സാധനങ്ങൾ നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറുന്നത്. വിജിലൻസിന്റെ ഈ കണ്ടെത്തൽ തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകൻ വിശദീകരിച്ചു. വിശദീകരണം ഫയൽ ചെയ്യുമെന്നും വ്യക്തമാക്കി. 2021-ലെ കോടതി ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്നും വിശദീകരിച്ചു.

പൂജാ സാധനങ്ങൾ എന്തിന് സുനിൽ സ്വാമിയിൽ നിന്ന്

നിത്യപൂജയ്ക്കുള്ള സാധനങ്ങൾ സുനിൽ സ്വാമി (സുനിൽ കുമാർ) എന്ന വ്യക്തിയാണ് നൽകുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഇവ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയോട് ചേർന്നുള്ള മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഇതൊന്നും അക്കൗണ്ടിൽ രേഖപ്പെടുത്തുന്നില്ല. ഇവയുടെ ഗുണനിലവാരവും പരിശോധിക്കുന്നില്ല.

പൂജാ സാധനങ്ങൾ സുനിൽ സ്വാമിയിൽ നിന്ന് വാങ്ങുമ്പോൾ തന്നെ ഇതിനായുള്ള തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എഴുതിയെടുക്കുന്നുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. മാസപൂജയ്ക്ക് മൂന്ന് ലക്ഷം രൂപയും മണ്ഡലകാലത്ത് 18 ലക്ഷവുമാണ് സുനിൽ സ്വാമി ചെലവഴിക്കുന്നത്. ഇതിന് ബില്ലോ വൗച്ചറോ നൽകാറില്ല. ഇതൊക്കെ അഴിമതിക്ക് വഴി തുറക്കുകയാണ്. ആരോപണ വിധേയനായ ഒരാളിൽ നിന്ന് ഇത്തരത്തിൽ പൂജാ സാധനങ്ങൾ സ്വീകരിക്കുന്നതിൽ കോടതി എതിർപ്പ് പ്രകടിപ്പിച്ചു.

ഏത് സാഹചര്യത്തിലാണ് സുനിൽ സ്വാമിയിൽ നിന്ന് ഇത്തരത്തിൽ പൂജാ സാധനങ്ങൾ സ്വീകരിക്കുന്നതെന്ന് വിശദീകരിക്കാനും ദേവസ്വം ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്.

വിശദമായ റിപ്പോർട്ട് വേണം

പത്ത് വർഷത്തെ അഷ്ടാഭിഷേക കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകി. സന്നിധാനത്ത് ദീർഘകാലമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. പൂജാസാമഗ്രികൾ വാങ്ങുന്നതിലെ സുതാര്യത ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.