ഇടുക്കി: പരുന്തുംപാറ സർക്കാർഭൂമിയില്‍ കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചതിന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൊട്ടാരത്തില്‍ സജിത്ത് ജോസഫിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ കൈയേറി കൈവശംവെച്ചിരുന്ന ഭൂമിയിലാണ് പുതിയ കോണ്‍ക്രീറ്റ് കുരിശ് ഉയര്‍ന്നത്. ഇടുക്കി കളക്ടറുടെ നിരോധനാജ്ഞ നിലനില്‍ക്കുന്ന പരുന്തുംപാറയിലെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് കുരിശ് പണിതത്. 

To advertise here,

തിങ്കളാഴ്ച വൈകീട്ട് നാലോടെ എല്‍.ആര്‍. തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരുന്തുംപാറയിലെത്തി കുരിശ് പൊളിച്ചുനീക്കിയിരുന്നു. അതിന് പിന്നാലെ എല്‍.ആര്‍. തഹസില്‍ദാര്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലെത്തി സജിത്ത് ജോസഫിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരോധനാജ്ഞ ലംഘിച്ച് നിര്‍മാണപ്രവൃത്തി നടത്തി എന്നാണ് സജിത്തിനെതിരെയുള്ള പ്രധാന പരാതി. പരുന്തുംപാറ എസ്‌ഐടി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ അനില്‍ കെ. നരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. 

പരുന്തുംപാറയിലെ കൈയേറ്റങ്ങള്‍ അന്വേഷിച്ച ഐ.ജി. സേതുരാമന്‍, ഇടുക്കി മുന്‍ കളക്ടര്‍ എച്ച്. ദിനേശന്‍, ഡിവൈ.എസ്.പി. പയസ് ജോര്‍ജ് എന്നിവര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇവിടത്തെ 3.31 ഏക്കര്‍ സര്‍ക്കാര്‍ഭൂമി, സജിത്ത് ജോസഫ് കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതായി പരാമര്‍ശിച്ചിരുന്നു. വന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും കൈയേറ്റം കണ്ടെത്തി. തുടര്‍ന്നാണ് റവന്യൂവകുപ്പ് സജിത്ത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.