
പാലക്കാട്: കേന്ദ്രസർക്കാരിന്റെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപനത്തോടെ കേരളത്തിന്റെ വ്യവസായതലസ്ഥാനമാവാനുള്ള കുതിപ്പിൽ പാലക്കാട്. 2022-ൽ തുടങ്ങിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായി. പ്രഖ്യാപനം നടപ്പാകുന്നതോടെ കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി (ഗ്രീൻ കോറിഡോർ) വികസനത്തിന് വേഗമേറും.
സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനത്തിലേറെ പൂർത്തിയായ വ്യവസായ ഇടനാഴിയിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള നിക്ഷേപങ്ങളുടെ ഒഴുക്കിനു കേന്ദ്രസർക്കാരിന്റെ അനുമതി സഹായകരമാവും. 8729 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
കഞ്ചിക്കോട് പുതുശ്ശേരിയിൽ വ്യവസായവികസനത്തിനു മാത്രമായി 3,806 കോടിയാണ് കേന്ദ്രം നീക്കിവെച്ചത്. 1,710 ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കും. ഹൈടെക് വ്യവസായങ്ങൾ, യന്ത്രസാമഗ്രികൾ, ഹൈടെക് ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങളും മരുന്നുനിർമാണവും തുടങ്ങിയ മേഖലകൾക്കാവും മുൻതൂക്കം.
നിലവിൽ സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിലാണ്.സംസ്ഥാനസർക്കാർ നടപടികൾക്ക് ഊർജം പകരാൻ തുക സഹായകരമാവും. കേരളത്തിൽ ഭൂമിവില കൂടുതലായതിനാൽ മറ്റ് ഇടനാഴികളെ അപേക്ഷിച്ച് മെച്ചപ്പെട്ട നഷ്ടപരിഹാരത്തുക നൽകേണ്ടിവരുന്ന സാഹചര്യംകൂടി വിലയിരുത്തിയാണ് കേന്ദ്രസർക്കാർ അധികതുക നീക്കിവെച്ചത്. 51,000 പേർക്ക് തൊഴിൽ ലഭിക്കാനുള്ള സാഹചര്യവും വ്യവസായ സ്മാർട്ട് സിറ്റിയെത്തുന്നതോടെ ഉണ്ടാവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായെത്തുന്ന വ്യവസായ സ്മാർട്ട് സിറ്റിയിലേക്ക് റെയിൽ, റോഡ്, കപ്പൽ, വിമാനഗതാഗതം എളുപ്പമാക്കാനുള്ള പശ്ചാത്തലസൗകര്യവികസനവും ഉണ്ടാവും. അടുത്ത തുറമുഖങ്ങളും വിമാനത്താവളങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയപാതകളെത്തുന്നതോടെ പൊതുഗതാഗതവും ചരക്ക്-സേവന ഗതാഗതവും ഒരുപോലെ വികസിക്കും.
തമിഴ്നാട്ടിലെ തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളുമായുള്ള റോഡ് ഗതാഗത സൗകര്യങ്ങളാണ് വർധിപ്പിക്കുക. ഇതോടൊപ്പം കോയമ്പത്തൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളുമായി ബന്ധപ്പെടാനുള്ള ഗതാഗതസൗകര്യങ്ങളും അനുബന്ധമായി ലോജിസ്റ്റിക് പാർക്കുകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.
കേന്ദ്ര-സംസ്ഥാന പങ്കാളിത്തം
കൊച്ചിമുതൽ പാലക്കാട് ജില്ലയുടെ അതിർത്തിയായ പുതുശ്ശേരിവരെ ദേശീയപാതയോരത്ത് 160 കിലോമീറ്ററിലാണ് 50 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തി വ്യവസായ ഇടനാഴി സ്ഥാപിക്കുന്നത്. പാലക്കാട്ടെ പുതുശ്ശേരി ഈസ്റ്റ്, പുതുശ്ശേരി വെസ്റ്റ്, വടക്കഞ്ചേരി കണ്ണമ്പ്ര വില്ലേജ്, ആലുവയിലെ അയ്യമ്പുഴ വില്ലേജ് എന്നിവിടങ്ങളിലടക്കം ആറു വ്യവസായകേന്ദ്രങ്ങൾ വികസിപ്പിക്കാൻ 2,185 ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 80 ശതമാനത്തിലേറെ ഭൂമിയേറ്റെടുപ്പും പൂർത്തിയായിട്ടുണ്ട്.
പാലക്കാടിന് പുതുജീവൻ നൽകുമെന്ന് എം.പി
കേന്ദ്രസർക്കാർ അനുമതി നൽകിയ ‘പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ’ പദ്ധതി കേരളത്തിനും പ്രത്യേകിച്ച് പാലക്കാട്ടെ വ്യവസായമേഖലയ്ക്കും പുതുജീവൻ നൽകുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർവഴി കൊച്ചിയിലേക്കു നീട്ടുന്നതിന് 2019-ൽ തീരുമാനിച്ചിരുന്നുവെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
‘‘പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് ആവശ്യമായ 1710 ഏക്കർ ഭൂമിയിൽ പുതുശ്ശേരി സെൻട്രൽ, കണ്ണമ്പ്ര വില്ലേജുകളിൽനിന്നായി 1273 ഏക്കർ ഭൂമി 1344 കോടി രൂപ ചെലവഴിച്ച് ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം യുവാക്കൾക്കു തൊഴിലും പ്രതീക്ഷിക്കുന്നതാണിത്. എന്നാൽ, കേന്ദ്രാനുമതി വൈകി. വിഷയം 2022 ഡിസംബർമുതൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. വിഷയത്തിൽ ഉടനടി തീരുമാനമെടുക്കണമെന്ന് ലോക്സഭയിൽ ഉപക്ഷേപത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നത് വ്യാവസായികക്കുതിപ്പിന് വഴിതുറക്കും.’’ -വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു.
സ്ഥലമേറ്റെടുപ്പ് മികച്ച മാതൃകയെന്ന് എം.എൽ.എ.
"കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കായി സംസ്ഥാന സർക്കാർ നടത്തിയ സ്ഥലമേറ്റെടുപ്പ് മികച്ച മാതൃകയാണ്. 2022-ൽ തന്നെ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞതു നേട്ടമാണ്. കേന്ദ്രസർക്കാർ പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിക്ക് അംഗീകാരം നൽകിയതുപോലെത്തന്നെ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യവും പരിഗണിക്കണം." -എ. പ്രഭാകരൻ എം.എൽ.എ. പറഞ്ഞു.
പാലക്കാടിന്റെ മുഖച്ഛായ മാറും
"വ്യവസായ സ്മാർട്ട്സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നു. സ്മാർട്ട്സിറ്റി വരുന്നതോടെ പാലക്കാടിന്റെ മുഖച്ഛായതന്നെ മാറും." -ഇ. കൃഷ്ണദാസ്, പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ
നടപടി അഭിനന്ദനാർഹം -മാനേജ്മെന്റ് അസോസിയേഷൻ
കേരളത്തിലെ ആദ്യത്തെ വ്യവസായ സ്മാർട്ട് സിറ്റി പാലക്കാട് വ്യവസായമേഖലയിലാക്കി അംഗീകരിച്ച കേന്ദ്രസർക്കാർ നടപടിയെ പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ അഭിനന്ദിച്ചു. നൂറുകണക്കിന് പുതിയ വ്യവസായങ്ങളും 50000-ലധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് പ്രസിഡന്റ് ഡോ. ശിവദാസൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ആസിഫ്, ഖജാൻജി സി.എ. ജയരാജൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Palakkad to soar as central government announced greenfield industrial smart city
Published: 29 Aug 2024, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented