തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണ്‍ മൂലം സമ്മര്‍ദ്ദത്തിലായ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് പോലീസ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ചിരി ഹെല്‍പ് ലൈന്‍' വഴി ആത്മഹത്യയിലേക്ക് പോകുമായിരുന്ന കുട്ടികളെ ഉള്‍പ്പെടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചുവെന്ന് പറയുകയാണ് പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഐ.ജി പി.വിജയന്‍ ഐ.പി.എസ്.

To advertise here,

കോവിഡ് ലോക്ഡൗണ്‍ കുട്ടികളുടെ ജീവിതത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കളിക്കാനും കൂട്ടുകാരൊത്ത് സഹവസിക്കാനുമുള്ള അവരുടെ അവസരങ്ങള്‍ ഇതുമൂലം നഷ്ടപ്പെട്ടു. അത്തരമൊരു സാഹചര്യത്തില്‍ അവരുടെ മുഖത്തുനിന്ന് മാഞ്ഞുപോയ ചിരി വീണ്ടെടുക്കലാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.

കോവിഡ് പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന് പറയാറായിട്ടില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളു. അതിനാല്‍ നിലവിലെ പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ പദ്ധതി തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

9497900200 എന്നതാണ് 'ചിരി ഹെല്‍പ് ലൈന്‍' നമ്പര്‍. ഇതിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തുള്ള പരിശീലനം ലഭിച്ച സംഘമായിരിക്കും കോളുകള്‍ കൈകാര്യം ചെയ്യുത്. ഇത് പിന്നീട് അതാത് ജില്ലകളിലെ മനഃശാസ്ത്രജ്ഞന് കൈമാറും. ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് ജൂലൈയിലാണ് 'ചിരി ഹെല്‍പ് ലൈന്‍' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതത്.

വാസ്തവത്തില്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നുവന്ന വിവിധ ആശയങ്ങളുടെ സമ്മേളനമാണ് ഇത്. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയുടെ തുടര്‍ച്ചയാണ് 'ചിരി ഹെല്‍പ് ലൈന്‍'. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി പോലെ ഇതിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നതിനേപ്പറ്റി ആലോചിച്ചിട്ടില്ല. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ യുണിസെഫും പങ്കാളിയാണെന്നും സാമ്പത്തിക പിന്തുണയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുണിസെഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും പി. വിജയന്‍ പറയുന്നു. കുട്ടികളുടെ പ്രശ്നങ്ങള്‍ കേരളത്തിലായാലും ദേശീയ തലത്തിലായാലും ആഗോള തലത്തിലും ഒരേപോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights:p vijayan ips on chiri project