കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി വി അൻവർ എം.എൽ.എ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. നവീൻ ബാബുവുമായി ബന്ധപ്പെടുത്തി അൻവർ ഉന്നയിച്ചത് നുണകളും ദുരാരോപണങ്ങളുമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ശശി വ്യക്തമാക്കി.

To advertise here,

വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവന. 

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട് -പി ശശി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീൻ ബാബുവിന് അറിയാമായിരുന്നുവെന്നാണ് അൻവറിന്റെ ആരോപണം. കുടുംബത്തെ അറിയിക്കുംമുൻപ് ഇൻക്വസ്റ്റ് നടന്നു. പോസ്റ്റ്മോർട്ടവും ബന്ധുക്കൾ എത്തുംമുൻപേ നടന്നു. 0.5 വണ്ണമുള്ള അയ കെട്ടാനുപയോ​ഗിക്കുന്ന കയറിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. 55 കിലോ ഭാരമുള്ള നവീൻ എങ്ങനെ ഇതിൽ തൂങ്ങുമെന്നും അൻവർ ചോദിച്ചു.

"ഞാൻ തുടക്കംമുതലേ പറയുന്ന കാര്യം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നവീന് അറിയാമായിരുന്നു. ഒരു പെട്രോൾ പമ്പിന്റെ വിഷയം മാത്രമല്ല. നവീൻ ബാബു കണ്ണൂരിൽനിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല. തനിക്ക് ജോലിചെയ്യാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും പി.ശശി ഉൾപ്പെടെയുള്ളവർ നിർബന്ധിക്കുമ്പോൾ പറ്റാവുന്നതിന്റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നിൽക്കാൻ കഴിയില്ലെന്ന് നവീൻ ബാബു കുടുംബാം​ഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടെയാണീ വിഷയം ​ഗൗരവമുള്ളതായി മാറുന്നത്- ഇതായിരുന്നു അൻവറിന്റെ പരാമർശം.