
കല്പറ്റ : ‘മിനിഞ്ഞാന്ന് രാവിലെ കേളുവേട്ടനെ ഉദ്ഘാടനത്തിന് വിളിക്കാൻ പോയതായിരുന്നു. വീട്ടിൽ ചെന്നപ്പോ മൂപ്പര് പ്ലാവിൽ കയറിയിരിക്കുകയാണ്, കൊമ്പൊടിക്കലും ചോലവെട്ടലുമായിരുന്നു പണി...’ -ആലത്തൂർ കുടുംബശ്രീ എ.ഡി.എസ്. പ്രവർത്തകർക്കൊപ്പം എം.എൽ.എ.യെ അടുത്തിടെ കണ്ടഅനുഭവം ഗിരീഷ് പങ്കുവെച്ചതിങ്ങനെയാണ്.
വയനാട്ടുകാർക്ക് ഒ.ആർ. കേളു എം.എൽ.എ. ‘കേളുവേട്ട’നാണ്. രാവിലെ വയലിലിറങ്ങി നെല്ലും വാഴയും കപ്പയും നോക്കി, പറമ്പിലെ പശുത്തൊഴുത്തിലേക്കും കോഴിക്കൂട്ടിലേക്കും നോട്ടമെത്തിക്കുന്ന വയനാടൻ കർഷകൻ. അതേസമയം ജനകീയപ്രശ്നങ്ങളുടെ ആഴമറിഞ്ഞ് ഇടപെടാനും ഫലമുണ്ടാക്കാനുമറിയുന്ന ഭരണാധികാരികൂടിയാണദ്ദേഹം.
ജനപ്രതിനിധിയാകുംമുമ്പ് മരക്കൂപ്പിലും പയ്യമ്പള്ളി മൊടാമറ്റം എസ്റ്റേറ്റിൽ തോട്ടംതൊഴിലാളിയായും തൃശ്ശിലേരി പവർലൂമിൽ ദിവസക്കൂലിക്ക് പണിയെടുത്തും വീടുപുലർത്തിയ സാധാരണക്കാരൻ. വിളയുടെ മൂപ്പുനോക്കാനും വിളവെടുക്കാനും വളംചെയ്യാനും കേളുവുണ്ടാകും. മാനന്തവാടി പഴശ്ശി പാർക്കിന്റെ നവീകരണത്തിന് നേതൃത്വംനൽകുമ്പോൾ ഉദ്യോഗസ്ഥരേക്കാൾ ധാരണ കേളുവേട്ടനായിരുന്നുവെന്ന് നാട്ടുകാർ പറയും. പഠിക്കുന്നകാലത്തേ ഞാനവിടെ കൂലിപ്പണിയെടുത്തിട്ടുണ്ടെന്നും പാർക്കിലെ ഓരോമരവും എനിക്കറിയാമെന്നുമായിരുന്നു കേളു മറുപടി പറഞ്ഞത്.
2000-ത്തിലാണ് കേളു ആദ്യമായി തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിന്നീട് ജനം കേളുവിനെയും അദ്ദേഹം ജനത്തെയും കൈവിട്ടില്ല. സാമുദായിക രാഷ്ട്രീയഭേദമന്യേ ആർക്കും എപ്പോഴും സമീപിക്കാവുന്ന പ്രതിനിധിയാണദ്ദേഹം.
‘ആരെയും സന്തോഷിപ്പിക്കാനായി കേളുവേട്ടൻ ഒന്നുംപറയില്ല, പക്ഷേ നാട്ടിലെ വിഷയം അദ്ദേഹത്തിനറിയാം, അതിന് പരിഹാരവും കാണും’ -തിരുനെല്ലി പഞ്ചായത്തംഗമായ സിജിത്ത് പറഞ്ഞു. പഞ്ചായത്തിൽ കേളുവേട്ടൻ പ്രസിഡന്റായിരുന്ന രണ്ടുവട്ടവും സിജിത്തും മെമ്പറായിരുന്നു. പുല്ലുമേഞ്ഞ കൂരകൾ തിരുനെല്ലി മറന്നത് കേളുവിനുശേഷമെന്നാണ് നാട്ടുകാരുടെ വിശേഷണം. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വൈദ്യുതിയും റോഡുമെത്തുന്നതും കാട്ടിക്കുളം കേന്ദ്രീകരിച്ച് ടൗൺഷിപ്പ് വരുന്നതും ഇക്കാലത്താണ്.
മാനന്തവാടി എം.എൽ.എ.യായുള്ള എട്ടുവർഷങ്ങൾ ശ്രദ്ധയൂന്നിയതത്രയും ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ്. പ്രളയമോ, വന്യജീവി ആക്രമണോ എന്തുമാകട്ടെ, ആദ്യം കേളുവെത്തും. ആരുടെയും പരാതി കേൾക്കും. പരിഹാരവുമുണ്ടാകും.
പഞ്ചായത്തംഗമായി തുടങ്ങി ജനപ്രതിനിധിയായി 24 വർഷം പിന്നിടുമ്പോഴും അധികാരം കേളുവേട്ടനെ മാറ്റിയില്ലെന്ന് മാനന്തവാടിക്കാർ അഭിമാനത്തോടെ പറയും. തങ്ങളിലൊരാളെന്ന അടുപ്പത്തോടെ, വികസനപ്രതീക്ഷകൾക്കുള്ള അത്താണിയെന്ന ആശ്വാസത്തോടെ വയനാട് കേളുവേട്ടനൊപ്പമാണ്. അദ്ദേഹം മന്ത്രിപദത്തിലേക്കെത്തുമ്പോൾ പിന്നാക്കജനതയ്ക്കാകെ തുണയാകുമെന്ന പ്രതീക്ഷയാണ് വയനാടിന്.
ഗ്രാമപ്പഞ്ചായത്തംഗത്തിൽനിന്ന് തുടക്കം, ആദ്യം മത്സരിക്കുമ്പോൾ പാർട്ടി അംഗം പോലുമായിരുന്നില്ല
മാനന്തവാടി: തീപാറുന്ന മത്സരമാണ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ പത്താംവാർഡായ എടയൂർകുന്ന് വാർഡിൽ ആദ്യകാലത്ത് ഉണ്ടാവാറുണ്ടായിരുന്നത്. പാർട്ടിയംഗങ്ങൾമാത്രം വാർഡിൽ ജനവിധിതേടുന്ന കാലം. തൃശ്ശിലേരി ഹാൻഡ്‌ലൂം പവർലൂം ആൻഡ് മൾട്ടി പർപ്പസ് സഹകരണസംഘത്തിലെ തൊഴിലാളിയായിരിക്കെയാണ് ഒ.ആർ. കേളു മത്സരരംഗത്തേക്കു വരുന്നത്. പാർട്ടി അനുഭാവിയായിരുന്ന കേളുവിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശിച്ചത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എ.എസ്. നഞ്ചു ചെട്ടിയാണ്.
ആറും 13 വോട്ടിനുമൊക്കെ കഷ്ടിച്ച് സി.പി.എം. ജയിച്ചുവരുന്നിടത്ത് രണ്ടായിരത്തിൽ ഒ.ആർ. കേളു മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം 140. പിന്നെ കേളുവിന് ജനപ്രതിനിധിയുടെ കുപ്പായം അഴിച്ചുവെക്കേണ്ടിവന്നിട്ടില്ല. ഗ്രാമപ്പഞ്ചായത്തംഗത്തിൽ തുടങ്ങി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം, എം.എൽ.എ. പദവിയും പിന്നിട്ട് മന്ത്രിപദത്തിലെത്തിയിരിക്കുന്നു ആ യാത്ര. ഈക്കാലയളവിനുള്ളിൽ സി.പി.എമ്മിലും നേതൃനിരയിലേക്കെത്താൻ അദ്ദേഹത്തിനായി. ആദ്യം മത്സരിക്കുമ്പോൾ പാർട്ടിയംഗംപോലുമായിരുന്നില്ല കേളു. എം.എൽ.എ.യായി 2016-ൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. നിലവിൽ സി.പി.എം. സംസ്ഥാനസമിതിയംഗമാണ്.
പ്രതികൂല ജീവിതസാഹചര്യത്തിൽനിന്ന് വളർന്നാണ് ഒ.ആർ. കേളു മന്ത്രിപദത്തിലെത്തുന്നതെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. എസ്റ്റേറ്റിൽ മരം കടത്തിയും കുടകിൽ ഇഞ്ചിപ്പണിയെടുത്തും കൂലിപ്പണിയെടുത്തുമാണ് കേളു സ്വയം തന്റെ രാഷ്ട്രീയഭാവിയുണ്ടാക്കിയത്. രാഷ്ട്രീയ എതിരാളികൾക്കുപോലും സ്വീകാര്യൻ എന്നതാണ് കേളുവിന്റെ പ്രത്യേകത. തന്നെക്കാൾ പ്രായത്തിൽ മൂത്തവർപോലും സ്നേഹത്തോടെ കേളുവേട്ടാ എന്നു വിളിക്കുന്നതാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരം.
ആഹ്ളാദപ്പെരുമഴയിൽ പുത്തൻമിറ്റം വീട്
മാനന്തവാടി: സാധാരണദിവസത്തെപ്പോലെ തന്നെയായിരുന്നു വ്യാഴാഴ്ച ഉച്ചവരെ തൃശ്ശിലേരി ഓലഞ്ചേരിയിലെ ഒ.ആർ. കേളു എം.എൽ.എ.യുടെ പുത്തൻമിറ്റം വീട്. എം.എൽ.എ.യുടെ ഭാര്യ പി.കെ. ശാന്തയും ഇളയമകൾ ഭാവനയുമാണ് വീട്ടിലുണ്ടായിരുന്നത്. ഒ.ആർ. കേളു മന്ത്രിയാവുന്നതിന്റെ ഒരുസൂചനയും അവിടെ കാണാനില്ലായിരുന്നു.
നീല നൈറ്റിയിട്ട് വീട്ടിലെ ജോലികളിലായിരുന്നു കേളുവേട്ടന്റെ ഭാര്യ. മൂത്തമകൾ മിഥുന ജോലിക്കുപോയിരുന്നു. ഒരു വർഷമേ ആയുള്ളൂ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ചിട്ട്. ഒ.ആർ. കേളു മന്ത്രിയാവുന്നുണ്ടെന്ന വിവരമറിഞ്ഞതോടെ വീട്ടിലേക്ക് ആളുകളെത്തിത്തുടങ്ങി. തൊട്ടടുത്ത വീട്ടിൽനിന്ന് അച്ഛൻ രാമനും സഹോദരനായ രവിയും എത്തി.
എടയൂർകുന്ന് സ്കൂളിലെ പാചകത്തൊഴിലാളിയായ സഹോദരൻ ചന്ദ്രൻ എത്തുമ്പോഴേക്കും വീട്ടിൽ ആളുകൾ നിറഞ്ഞിരുന്നു. എത്തിയവരെ മധുരവും ലഡുവും കട്ടൻ ചായയും നൽകി കുടുംബം സ്വീകരിച്ചു.
ശാന്തയും മകൾ ഭാവനയും പറഞ്ഞത് ഏറെ സന്തോഷമുണ്ടെന്ന വാക്കുമാത്രം. ഒന്നേമുക്കാലായതോടെ സന്തോഷത്തിന്റെ വരവറിയിച്ച് കുടുംബാംഗങ്ങൾ പടക്കംപൊട്ടിച്ചു. മൂത്തമകൾ മിഥുന രണ്ടരയോടെയാണ് ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയത്. വീട്ടിലെ ആൾക്കൂട്ടത്തിൽനിന്നൊഴിഞ്ഞ് പിൻവശത്തെ വാതിലിലൂടെയാണ് മിഥുന വീട്ടിലേക്ക് പ്രവേശിച്ചത്.
ഒ.ആർ. കേളുവിന്റെ മന്ത്രിപദത്തെ വരവേറ്റ് മാനന്തവാടി
മാനന്തവാടി: ആലത്തൂരിൽ എം.പി. സ്ഥാനാർഥിയായി മന്ത്രി കെ. രാധാകൃഷ്ണന്റെ പേരു നിശ്ചയിച്ചതുമുതൽ ഒ.ആർ. കേളു മന്ത്രിയാവുമോ എന്ന ചോദ്യം മാനന്തവാടിയിലെ ജനങ്ങൾക്കിടയിൽ പടർന്നിരുന്നു. രാധാകൃഷ്ണൻ ജയിച്ചതോടെ വീണ്ടും സജീവ ചർച്ചയായി. സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനക്കമ്മിറ്റിയും തീരുന്നതുവരെ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ഒ.ആർ. കേളുവിനെ ഇഷ്ടപ്പെടുന്നവർ.
വ്യാഴാഴ്ച 12.30-ഓടെ ഒ.ആർ. കേളു മന്ത്രിയായെന്ന സൂചനയെത്തിയെങ്കിലും വിവരം ഒ.ആർ. കേളുവിന്റെ ഭാര്യ അറിഞ്ഞത് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്. മന്ത്രിയാക്കാൻ തീരുമാനിച്ചെന്നും രാത്രി ഒമ്പതുമണിയോടെ കോഴിക്കോട് വന്നിറങ്ങുമെന്നും ഒ.ആർ. കേളു ഫോണിലൂടെ പറഞ്ഞപ്പോൾ ശാന്തയ്ക്കും ഒപ്പമുണ്ടായിരുന്ന ഇളയമകൾ ഭാവനയ്ക്കും ഏറെ ആഹ്ലാദമായി. പാർട്ടി നൽകിയ അംഗീകാരമായാണ് അച്ഛനു ലഭിക്കുന്ന മന്ത്രിപദത്തെ കാണുന്നതെന്നാണ് മൂത്തമകൾ മിഥുന പ്രതികരിച്ചത്.

മന്ത്രിപ്രഖ്യാപനം വന്നതോടെ ആഘോഷത്തിന് മധുരംപകരാൻ ചോക്‌ലെറ്റുകളും തയ്യാറായി. കണിയാരത്തെ സി.പി.എം. പ്രവർത്തകരാണ് ഒ.ആർ. കേളുവിന് അഭിവാദ്യമർപ്പിച്ച് കണിയാരം സഖാക്കളുടെ പേരിൽ ചോക്‌ലെറ്റുകൾ വിതരണംചെയ്തത്. പടക്കംപൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം കൈമാറിയുമാണ് ജനം സന്തോഷം പങ്കുവെച്ചത്. എം.എൽ.എ. ഓഫീസിലേക്കും ഗാന്ധിപാർക്കിലേക്കും പ്രവർത്തകരും നേതാക്കളുമെത്തി.
മാനന്തവാടിയിലും കാട്ടിക്കുളത്തും ആഹ്ലാദപ്രകടനം നടത്തി. മാനന്തവാടിയിൽ എരുമത്തെരുവ് സി.ഐ.ടി.യു. ഓഫീസ് പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു. നേതാക്കളായ പി.ടി. ബിജു, കെ.ടി. വിനു, കെ.എം. വർക്കി, എം. റജീഷ്, ജസ്റ്റിൻ ബേബി, ശാരദ സജീവൻ, വി.കെ. സുലോചന തുടങ്ങിയവർ നേതൃത്വം നൽകി.
‘ഇല്ലായ്മയും വല്ലായ്മയും നമ്മളറിഞ്ഞാമതി, വികസനമാണ് സമ്മാനം'
മാനന്തവാടി: ‘‘മന്ത്രിയായതിൽ വലിയ സന്തോഷമുണ്ട്. അവൻ ഇതുവരെ ഒരു പേരുദോഷം കേൾപ്പിച്ചിട്ടില്ല. ഇനിയും കേൾപ്പിക്കരുത് എന്നാണെനിക്കു പറയാനുള്ളത്. നമ്മക്ക് ഇല്ലായ്മയും വല്ലായ്മയും ഒക്കെയുണ്ടാകും. മന്ത്രിയായാലും നാട്ടുകാരുടെ ഇടയിൽ പേരുദോഷം കേൾപ്പിക്കരുത്. അവനെ എല്ലാവർക്കും ഇഷ്ടമാണ്. വ്യക്തിയുടെ സ്വഭാവത്തിനുള്ള പിന്തുണയാണ് അവനു ലഭിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയാൽ എം.എൽ.എയുടെ അച്ഛനല്ലേ, ആ റോഡ് എന്താ ഇങ്ങനെ? പരിഭവവുമായി ആൾക്കാർ ചുറ്റുംകൂടുമായിരുന്നു. ഉണ്ടാക്കിയ വികസനംതന്നെയാണ് തിരഞ്ഞെടുത്തവർക്ക് അവൻ നൽകിയ സമ്മാനം’’ -ഒ.ആർ. കേളു എം.എൽ.എ.യുടെ അച്ഛൻ ഒാലഞ്ചേരി രാമൻ സന്തോഷത്തോടെ പറഞ്ഞു.
ഒ.ആർ. കേളുവിന്റെ അമ്മ വർഷങ്ങൾക്കുമുമ്പേ മരിച്ചതാണ്. പിന്നീട് വരയാലിലെ കീരയെ വിവാഹംചെയ്തു. എം.എൽ.എ.യുടെ വീടിനോടുചേർന്നുള്ള വീട്ടിലാണ് രാമനും കീരയും താമസിക്കുന്നത്. കീരയെ സ്നേഹത്തോടെ ഇളയമ്മ എന്നാണ് ഒ.ആർ. കേളുവും സഹോദരങ്ങളും വിളിക്കാറുള്ളത്. ‘‘16 കൊല്ലമായി ഇവിടെ വന്നിട്ട്. മോൻ മന്ത്രിയായതിൽ ഏറെ സന്തോഷമുണ്ട് ’’ -എന്നാണ് കീര പ്രതികരിച്ചത്.
മൂപ്പര് മന്ത്രിയായതിൽ ഏറെ സന്തോഷമുണ്ടെന്ന് സഹോദരൻ രവിയും (അച്ചപ്പൻ) പറഞ്ഞു. ഏട്ടനെ സംബന്ധിച്ച് ചെറുപ്പത്തിൽത്തന്നെ പാർട്ടിയിൽ വരുകയും പാർട്ടിതീരുമാനം അംഗീകരിച്ചുപ്രവർത്തിക്കുകയും ചെയ്ത ആളാണ്. ‘‘രണ്ടുതവണ എം.എൽ.എ.യായിട്ടും വാർഡ് മെമ്പറെപ്പോലെയാണ് ജനങ്ങൾക്കിടയിൽ ഇടപഴകുന്നത്. മന്ത്രിയെന്നനിലയിൽ നന്നായി ശോഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ’’ -രവി (അച്ചപ്പൻ) പറഞ്ഞു.
തികച്ചും സാധാരണകുടുംബമാണ് ഒ.ആർ. കേളുവിന്റേത്. എം.എൽ.എ. ആയതിനുശേഷം കാർഷികവൃത്തികളിലൊന്നും ഏർപ്പെടാൻ സമയംകിട്ടാറില്ല. എന്നാലും ഇടവേളകളിലൊക്കെ പറമ്പ് കിളയ്ക്കാനും പാടത്തിറങ്ങാനും കേളു മടികാണിക്കാറില്ല. ആൾക്കാർ വീട്ടിലേക്ക് കൂടിക്കൂടിവന്നതോടെ പാൽ വാങ്ങാനുള്ള ഓട്ടത്തിലായി വീട്ടുകാർ. ‘‘കട്ടൻചായയല്ലേ തന്നത്. പാല് കൊണ്ടുവന്നിട്ടുണ്ട്. എല്ലാവരും പാൽച്ചായ കുടിച്ചിട്ടേ പോകാൻ പാടുള്ളൂ’’ -വീട്ടിലെത്തിയവർക്ക് പാൽച്ചായ വിളമ്പി ഒ.ആർ. കേളുവിന്റെ ഭാര്യ ശാന്ത ഓടിനടന്നു.
മന്ത്രിസ്ഥാനം ജില്ലയ്ക്ക് നേട്ടമാവും - സി.പി.എം
.
കല്പറ്റ: ഒ.ആർ. കേളു എം.എൽ.എ. മന്ത്രിയാകുന്നത് വയനാടിന് പ്രത്യേകിച്ച് പട്ടികവർഗ, പട്ടികജാതി വിഭാഗങ്ങൾക്കും വലിയ നേട്ടമാകുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്. വയനാടിനോടുള്ള സംസ്ഥാന സർക്കാരിന്റെ പരിഗണന കൂടിയാണ് ഒ.ആർ. കേളുവിന്റെ മന്ത്രി പദവി. വന്യമൃഗശല്യം ഉൾപ്പെടെ ജില്ല നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഫലപ്രദമായി ഇടപെടാൻ മന്ത്രി എന്നനിലയിൽ സാധിക്കും. ആദിവാസി വിഭാഗങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ നേരിട്ടനുഭവിക്കുന്നത് മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനത്തിന് മുതൽക്കൂട്ടാവും.
ജില്ലയുടെ ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും എൽ.ഡി.എഫ്. നയങ്ങൾ നടപ്പാക്കുന്നതിലും മികച്ച ഇടപെടലുകളാണ് ഒ.ആർ. കേളു ഇതുവരെ നടത്തിയത്. അതിനുള്ള അംഗീകാരം കൂടിയാണ് മന്ത്രി പദവി. ആദിവാസി, കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം, മെഡിക്കൽ കോളേജ് വിഷയങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും തൊഴിൽ -വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനും നിരന്തരം ഇടപെടലുകൾ നടത്തി.
ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഇടപെടാനും പരിഹരിക്കാനും മന്ത്രി പദവി ഉപകരിക്കും. ജില്ലയുടെ പൊതുവികസനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ ഒ.ആർ. കേളുവിന് കഴിയുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
Content Highlights: O R Kelu of CPM set to take oath as Kerala minister
Published: 21 Jun 2024, 06:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented