കണ്ണൂർ: മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോതെ തളിപ്പറമ്പിൽ വഖഫ് ഭൂമി തട്ടിയെടുക്കാൻ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ ആരോപിച്ചു. വഖഫ് നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുകൾ പിടിച്ചെടുക്കാൻ ബിജെപി പരിശ്രമിക്കുമ്പോഴാണ് ഈ നീക്കമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ‌ കുറ്റപ്പെടുത്തി.

To advertise here,

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമിട്ട് പ്രഗത്ഭരായ നേതാക്കൾ തുടങ്ങിയ കാനനൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷനെ ഇന്ന് നയിക്കുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖയുണ്ടാക്കിയ ലീഗ് നേതാക്കളാണ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി തട്ടിപ്പിന് നേതൃത്വംകൊടുത്തവർ മുഴുവൻ ലീഗ് നേതാക്കളാണ്. വഖഫ് സംരക്ഷണ റാലി ലീഗുകാർ നടത്തുമ്പോൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഖാസിയായ തളിപ്പറമ്പ് മുസ്‌ലിം ജമാഅത്ത് പള്ളിയുടെ വഖഫ് ഭൂമി തട്ടിയെടുക്കാൻ ഭൂമിയുടെ തണ്ടപ്പേരും വസ്തുനികുതി രസീതും പള്ളിക്കമ്മിറ്റിയുടെ പേരിൽനിന്ന് ലീഗ് ജില്ലാ നേതാക്കൾ ഭാരവാഹികളായ ട്രസ്റ്റിന്റെ പേരിലാക്കി.

1967-ൽ 25 ഏക്കർ വഖഫ് ഭൂമി ഒരേക്കറിന് അഞ്ചുരൂപ നിരക്കിലാണ് അസോസിയേഷന് പള്ളിക്കമ്മിറ്റി 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. തുച്ഛമായ തുകയായിട്ടും 2004 വരെ കരാർപ്രകാരമുള്ള പാട്ടത്തുകയായ 4525 രൂപ പോലും തളിപ്പറമ്പ് ജമാഅത്ത് പള്ളി കമ്മിറ്റിക്ക് അസോസിയേഷൻ നൽകിയില്ല. 2004-ൽ പാട്ടത്തുക 3000 രൂപയായും 2016-ൽ മൂന്ന് ലക്ഷമായും വർധിപ്പിച്ചു. 58 വർഷത്തിനിടെ ആകെ നാല് വർഷം മാത്രമാണ് പാട്ടത്തുക അടച്ചത്. പാട്ടത്തുക അടച്ചില്ലെങ്കിൽത്തന്നെ കരാർ റദ്ദാക്കപ്പെടാം. എന്നിട്ടും ഭൂമി കൈവശംവെക്കാൻ അനുവദിച്ചു -ജയരാജൻ പറഞ്ഞു

1967-ൽ വഖഫ് ബോർഡ് പാട്ടവ്യവസ്ഥപ്രകാരം അനുമതി നൽകിയത് 21.53 ഏക്കർ മാത്രമാണ്. എന്നാൽ ഇപ്പോൾ അസോസിയേഷന്റെ കൈവശം 30 ഏക്കറുണ്ട്. പാട്ടത്തിനെടുത്തും കൈയേറിയതുമായ ഈ ഭൂമിയിലാണ് സർ സയ്യിദ് കോളേജ് ഉൾപ്പടെയുള്ള അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഏകദേശം 10 ഏക്കർ കൈയേറി. അങ്ങനെ കൈവശപ്പെടുത്തിയ ഭൂമിയിൽ 1973-ൽ ഹോസ്റ്റൽ പണിതു. ഹോസ്റ്റൽ ഭൂമി വഖഫിന്റേതാണെന്ന് വഖഫ് ട്രിബ്യൂണൽ ഉത്തരവിറക്കി. പാട്ടവ്യവസ്ഥയിൽ ലഭിച്ച വഖഫ് ഭൂമി വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്താനായിരുന്നു ലീഗ് നേതൃത്വം പരിശ്രമിച്ചത്. രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ വെവ്വേറെ ഭൂമികൾ വേണം. എന്നാൽ ഒരേഭൂമി തന്നെ രണ്ടുതവണ കാണിച്ചാണ് ട്രെയിനിങ് കോളേജിനും സ്കൂളിനും അനുമതി വാങ്ങിയത്.

പള്ളിയുടെ ഖാസി ലീഗ് സംസ്ഥാന പ്രസിഡന്റായ പാണക്കാട് സാദിഖലി തങ്ങളാണ്. തളിപ്പറമ്പ് മണ്ഡലം ലീഗ് പ്രസിഡന്റായ സി.പി.വി. അബ്ദുള്ള പള്ളിക്കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി. മഹമൂദ് ലീഗ് ജില്ലാ കമ്മിറ്റി അംഗവും സെക്രട്ടറി അള്ളാംകുളം മഹമൂദ് ലീഗ് ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭയുടെ മുൻ ചെയർമാനുമാണെന്ന്‌ ജയരാജൻ പറഞ്ഞു.

'കോളേജിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം'

തളിപ്പറമ്പ്: സർ സയ്യിദ് കോളേജിനും മാനേജ്മന്റ് കമ്മിറ്റിയായ കണ്ണൂർ ജില്ലാ മുസ്‌ലിം എജുക്കേഷണൽ അസോസിയേഷനും(സിഡിഎംഇഎ) എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സിഡിഎംഇഎ എക്സിക്യൂട്ടീവ് യോഗം അറിയിച്ചു.

1966-ൽ വഖഫ് ബോർഡിന്റെ അന്നത്തെ സെക്രട്ടറി പരിശോധിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ വഖഫ് ബോർഡിന്റെ നിയമാനുസൃതമായ അനുമതിപ്രകാരമാണ് 1967-ൽ തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കുവേണ്ടി അന്നത്തെ മുതവല്ലി കെ.വി. സൈനുദ്ദീൻ ഹാജി ഭൂമി നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായി തറവാടക നൽകിയാണ് കോളേജും മറ്റു സ്ഥാപനങ്ങളും നടത്തുന്നത് -യോഗം വ്യക്തമാക്കി.

സർ സയ്യിദ് കോളേജ് നിലനിൽക്കുന്ന വസ്തുവിന്റെ നിയമപ്രകാരമുള്ള ഹോൾഡർ എന്നനിലയിൽ കൈവശക്കാരായിട്ടുള്ള സിഡിഎംഇഎയുടെ പേരിലുള്ള രേഖകൾ മാറ്റാൻ ചിലർ നീക്കംനടത്തിയത് കേസിലേക്ക് നയിച്ചു. തളിപ്പറമ്പ് ആർഡിഒ മുൻപാകെയുള്ള കേസിൽ വിധിപറയുന്നതുവരെ വിഷയത്തിൽ നടപടിയെടുക്കരുതെന്ന ആവശ്യത്തോടെയാണ് സിഡിഎംഇഎ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച്‌ വർഷമായി കോളേജിനെ തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ചിലർ നടത്തിവരുന്ന കുത്സിതശ്രമങ്ങളെ സിഡിഎംഇഎ നിയമസഹായത്തോടെയും തളിപ്പറമ്പിലെ ജനങ്ങളുടെ നിരുപാധിക പിന്തുണയോടെയും തടഞ്ഞിട്ടുണ്ട്.

വസ്തുവിന്റെ ഉടമസ്ഥാവകാശം തളിപ്പറമ്പിലെ ജമാഅത്ത് കമ്മിറ്റിക്കാണെന്നും ലീസ് ഹോൾഡർ എന്നനിലയിൽ നിയമാനുസൃതം വസ്തു കൈവശംവെച്ച് കോളേജ് നടത്തുക മാത്രമാണ് സിഡിഎംഇഎ ചെയ്യുന്നതുമെന്ന വാദമാണ് എല്ലാകാലത്തും എടുത്തുപോന്നിരുന്നത്. ഹൈക്കോടതിയിൽ ഫയൽചെയ്ത ഹർജിയിലും ഈ വാദം ഒന്നിലധികം സ്ഥലങ്ങളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. അഡ്വ. പി. മഹമൂദ് അധ്യക്ഷനായി. കെ. ഹുസൈൻ ഹാജി, എം.ബി.എം. അഷ്റഫ്, അഡ്വ. എസ്. മുഹമ്മദ്, എ. അബ്ദുള്ള ഹാജി, കെ. മുസ്തഫ ഹാജി, മഹമൂദ് അള്ളാംകുളം, എ.കെ. അബൂട്ടി ഹാജി എന്നിവർ സംസാരിച്ചു.