തിരുവനന്തപുരം: കേരളത്തിൽ പഴയ യുഡിഎഫ് കാലത്തെ ഇരുട്ട് തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആവശ്യത്തിന് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സർക്കാരിനോ ബോർഡിനോ സാധിച്ചിട്ടില്ല. ആസൂത്രണത്തിലെ ഈ പിഴവ് പരിഹരിക്കാൻ കഴിയാതായതോടെ സംസ്ഥാനം ഇരുട്ടിലാവുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ 16.5 ലക്ഷത്തോളം വീട്ടമ്മമാർക്കായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെ കുറിച്ച് വി ഡി സതീശൻ നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. സ്ത്രീസുരക്ഷ പെൻഷന്റെ ഗുണഭോക്താക്കളെ നിശ്ചയിച്ചത് സിപിഎം എഴുതിക്കൊടുത്ത ലിസ്റ്റ് പ്രകാരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ നിയമസഭയിൽ പറഞ്ഞത്. സുതാര്യവും അത്യാധുനികവുമായ ഡിജിറ്റൽ സംവിധാനത്തിലൂടെ നടക്കുന്ന പെൻഷൻ വിതരണത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കെ-സ്മാർട്ട് പോർട്ടൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാൻ കഴിയുന്ന സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഇടപെടാൻ കഴിയാത്ത വിധത്തിലുള്ള സുതാര്യതയാണ് ഉറപ്പുവരുത്തിയിരുന്നത്. നിയമസഭയെയും കേരള ജനതയെയും കബളിപ്പിക്കുകയും ആർഎസ്എസിനെ സുഖിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളുമായാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മറ്റു മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നും ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ആരോപണം ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിക്ക് പരസ്യമായി രംഗത്തുവരേണ്ടിവന്നിരിക്കുന്നു. നിയമസഭ, ലോകസഭ മണ്ഡലങ്ങളുടെ നിർണായക പുനർവിഭജനം നടക്കാനിരിക്കെയാണ് പ്രധാനപ്പെട്ട പദവിയിൽ ഇത്തരമൊരു നിയമനം എന്നത് ഗൗരവതരമാണെന്നും ഗോവിന്ദൻ പറഞ്ഞു.
'സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പൂർണമായും ആലപിക്കാൻ അവസരമൊരുക്കി മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ് സംഘപരിവാർ വിധേയത്വം തുടങ്ങിവച്ചത്. ബിജെപിക്ക് മൂന്ന് എംഎൽഎമാർ അല്ല, നാല് എംഎൽഎമാരാണെന്നും അതിൽ ഒരാൾ മുഖ്യമന്ത്രിയായി എന്നുമുള്ള സോഷ്യൽ മീഡിയ പരിഹാസങ്ങൾ ശരിയാണ് എന്ന് തോന്നിപ്പോകും വിധമാണ് യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ.
ഏറ്റവും ഒടുവിൽ, ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം വിട്ടുനൽകിയ വാർത്തയും നമ്മൾ കേട്ടു. ഇനി കോൺഗ്രസ് നേതൃത്വം എപ്പോഴാണ് കെപിസിസി ആസ്ഥാനം ആർഎസ്എസിന് വിട്ടുനൽകുന്നത് എന്നേ അറിയാനുള്ളൂ. കോൺഗ്രസിന്റെ പഠനക്യാമ്പുകൾ, നേതൃയോഗങ്ങൾ തുടങ്ങിയവ മാത്രമാണ് ഇവിടെ നടത്താറുള്ളത് എന്നാണ് അറിഞ്ഞത്. ബിജെപിയുടെ പഠനശിബിരം എന്നുമുതലാണ് കോൺഗ്രസിന്റെ പരിപാടിയായത് എന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം' ഗോവിന്ദൻ പറഞ്ഞു.
പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ കെഎം ഷാജിക്ക് വലിയ ആവേശമാണ്. 'കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് ഷാജി ന്യായീകരിക്കുന്നത്. ഇത് അൺഹെൽത്തി ഡിബേറ്റിന്റെ വിഷയമല്ല. ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്. വീട്ടുകാരുടെ ആത്മാഭിമാനം പണയപ്പെടുത്തി, ആരോ കൊടുത്ത വീടാണ് എന്ന പ്രതീതി ഉണ്ടാക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇടതുപക്ഷ സർക്കാരിന്റെ നിലപാട്. നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ പ്രകാരമുള്ള വീടുകൾ നിർമ്മിച്ചത്. പിഎംഎവൈ നഗരം പദ്ധതിയിൽ ഒരു ലക്ഷത്തി ആയിരത്തി നാനൂറ്റി മുപ്പത്തി ഏഴ് വീടുകളും ഗ്രാമീൺ പദ്ധതിയിൽ 34,265 വീടുകളും നിർമ്മിച്ചു. അതിലൊന്നും ലോഗോയും പടവും വച്ചിട്ടില്ല. പിന്നെ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു മാറ്റം എന്ന് വ്യക്തമാണ്. ആർഎസ്എസിനെ സുഖിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിന്റെ പിന്നിലെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര അധികാരത്തിന്റെ അഹന്തയിൽ സർവ്വ മേഖലയിലും ആർഎസ്എസ് നടത്തിവന്ന കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്ത പത്തുവർഷമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായത്. എന്നാൽ ഒരു മാസം കൊണ്ട് യുഡിഎഫ് സർക്കാർ ആർഎസ്എസിന് മുന്നിൽ മുട്ടിലിഴയുകയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരത്തിനും വിദ്വേഷപ്രചാരണങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്ന സംഘപരിവാറിന്റെ കപടമുഖം അയോധ്യയിൽ അഴിഞ്ഞു വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ സംരക്ഷകർ എന്ന വ്യാജേന അവർ വിശ്വാസികൾ രാമ ക്ഷേത്രത്തിനായി സംഭാവന ചെയ്ത സഹസ്ര കോടികൾ പോക്കറ്റിലാക്കി തിന്നുകൊഴുക്കുന്ന വാർത്ത പുറത്തുവരികയാണ്. മോദി ഭക്തരായ മാധ്യമങ്ങൾ സംഭവം പരമാവധി മറച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘപരിവാറിൽ തന്നെ ക്ഷേത്രക്കൊള്ളയിൽ അടി തുടങ്ങി എന്ന വിവരം പുറത്തുവരികയാണ്. സംഘപരിവാറിന്റെ രാമക്ഷേത്രക്കൊള്ള ആർഎസ്എസിന് മതം രാഷ്ട്രീയവും സാമ്പത്തികവുമായുള്ള ലാഭം കൊയ്യാനുള്ള ഉപകരണം മാത്രമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Content Highlights: Allegations of UDF failure in ensuring power availability leading to a power crisis., Refutation of VD Satheesan's claims regarding the Women's Safety Pension scheme transparency., Concerns over the appointment of N Seshadrinathan as State Election Commissioner., Criticism of Congress leadership's alleged ideological proximity to the RSS and BJP., Defense of LDF's stance on PMAY housing project logo controversy.
Published: 30 Jun 2026, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented