കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി വി.ഡി. സതീശൻ മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ എത്തിയപ്പോഴാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുമെന്ന നിലപാട് വ്യക്തമാക്കിയത്. ഇതോടെ ജില്ലാ വിഭജനം വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മൂവാറ്റുപുഴ ജില്ല വിഭജനത്തെപ്പറ്റി മാത്യു കുഴൽനാടൻ എംഎൽഎ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

ഇപ്പോൾ അനുയോജ്യമായ സമയം

ദീർഘകാലമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ് മൂവാറ്റുപുഴയെ വിഭജിച്ച് മറ്റൊരു ജില്ല ആക്കണമെന്നുള്ളത്. പുതിയ സർക്കാർ വന്നതിനുശേഷം അതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ട്. മൂവാറ്റുപുഴയിലും കോൺഗ്രസ് വിജയിച്ചു നിൽക്കുന്നതുകൊണ്ട് അതിന് പറ്റിയ ഒരു സാഹചര്യമാണ് ഉള്ളത്. ആ ഒരു ഘട്ടത്തിലാണ് ഇങ്ങനെയൊരു ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചത്. മുഖ്യമന്ത്രി അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് നടത്തിയിട്ടുള്ളത്. അത് വളരെ പ്രതീക്ഷയോടുകൂടിയാണ് ഞങ്ങൾ കാണുന്നത്.

എൽഡിഎഫ് സർക്കാരിന് തണുപ്പൻ പ്രതികരണമായിരുന്നു

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഒരു തണുപ്പൻ പ്രതികരണമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ കൂടുതൽ സമ്മർദ്ദത്തിനൊന്നും ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ സാഹചര്യവും അത്തരത്തിലായിരുന്നു. എന്നാൽ, ഈ സർക്കാരിന്റെ കാര്യത്തിൽ തുറന്ന സമീപനം ഉണ്ട്. അതുകൊണ്ടുതന്നെ ഈ സമയത്ത് കഴിയുന്നത്ര അതിനുവേണ്ടി പരിശ്രമം നടത്തണം എന്നാണ് ഉദ്ദേശിക്കുന്നത്.

എന്തിന് മൂവാറ്റുപുഴ പുതിയ ജില്ലയാകണം?

എന്തുകൊണ്ടാണ് മൂവാറ്റുപുഴ ഒരു പുതിയ ജില്ലയാക്കണമെന്നുള്ള ചോദ്യം ഉയരുന്നുണ്ട്. എറണാകുളം ഒരു വലിയ ജില്ലയാണ്. കൂടാതെ, കേരളത്തിന്റെ വ്യവസായ തലസ്ഥാനമാണ്. നഗരകേന്ദ്രീകൃതമായിട്ടുള്ള ഒരു ജില്ലയ്ക്ക് അനുവദിക്കപ്പെടുന്ന വികസന പദ്ധതികളും ഫണ്ടുമൊക്കെ ഉണ്ട്. നഗരത്തിന് മുൻഗണന കിട്ടുന്നതുകൊണ്ട് പലപ്പോഴും  കിഴക്കൻ മേഖലക്ക് കിട്ടാതെ പോകുന്നുണ്ട്. മികച്ച വികസനം ലഭിക്കാതെ പോകാറുണ്ട്. അതാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ പ്രധാന കാരണം. മാത്രമല്ല, കാർഷിക മേഖല ഉൾപ്പെടുന്ന ജില്ല വന്നാൽ മാത്രമേ ഈ മേഖലയ്ക്ക് കുറച്ചുകൂടി വികസനങ്ങൾ നേടിയെടുക്കാൻ സാധിക്കൂ.

പതിറ്റാണ്ടുകൾക്ക് മുമ്പ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത്, സംസ്ഥാനത്ത് അടുത്തൊരു ജില്ല ഉണ്ടാകുകയാണെങ്കിൽ അത് മൂവാറ്റുപുഴ ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ഒരു ജില്ലയായി വന്നാൽ നമുക്ക് ഇവിടേക്ക് റെയിൽ കണക്ടിവിറ്റിയും മെട്രോ കണക്ടിവിറ്റിയും ഉണ്ടാകണം. ഇവിടുത്തെ കാർഷിക ഉൽപന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിൽ വിതരണം ചെയ്യാൻ കഴിയുന്ന, അന്താരാഷ്ട്ര വിപണിയുമായി കണക്ട് ചെയ്യുന്ന നിലക്കുള്ള ഒരു ഇൻറർനാഷണൽ ട്രേഡ് ഹബ് പോലുള്ള കാര്യങ്ങൾക്ക് സാധ്യതയുണ്ട്. അങ്ങനെയൊരു ആശയമാണ് ഉള്ളത്. അതുപോലെ, എയർപോർട്ടും സീപോർട്ടും ആയുള്ള സാമീപ്യവും എല്ലാം ചേർന്ന സാധ്യതകൾ ഉപയോഗപ്പെടുത്തി, ഈ പ്രദേശത്തെ കൃഷിയെ കൂടുതൽ ഫോക്കസ് ചെയ്യാനും സാധിക്കും.

മലപ്പുറത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുമോ?

ആ കാര്യത്തിലൊക്കെ വളരെ തുറന്ന സമീപനമാണ് ഞങ്ങൾക്ക് ഉള്ളത്. കാരണം, മൂവാറ്റുപുഴ എന്നൊരു ജില്ല മാത്രമേ ഉണ്ടാവാൻ പാടുള്ളൂ എന്നുള്ള നിലപാട് ഞങ്ങൾക്കില്ല. മറ്റു പ്രദേശങ്ങളിലും സമാനമായ വികസനം ആവശ്യമുണ്ട്. അതിന്റെ നീതിയും ന്യായവും നോക്കി പരിശോധിച്ച് ആ കാര്യത്തിൽ തീരുമാനം ഉണ്ടാക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.