കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് താന്‍ ബസില്‍ കയറി യാത്രക്കാരോട് മോശമായി പെരുമാറി എന്നരീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സച്ചിന്‍ ദേവ് എംല്‍എ. വളരെ മോശമായി പെരുമാറിയ ഒരാളോട് തിരിച്ചുണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് അന്ന് ഉണ്ടായത്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും താനും ആര്യയും ഇപ്പോള്‍ നേരിടുന്നുണ്ട്. പ്രതികരിക്കുന്നവരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണ് ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സച്ചിന്‍ദേവ് പറഞ്ഞു. അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും സച്ചിന്‍ദേവ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

To advertise here,

കെഎസ്ആര്‍ടിസി ബസ്‌ തടഞ്ഞതുമായി ബന്ധപ്പെട്ട് പല രീതിയില്‍ ഉള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സച്ചിന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളാണ് , എന്താണ് അന്ന് രാത്രി സംഭവിച്ചത്?

പ്ലാമൂട് നിന്നും വീട്ടിലേക്കുളള യാത്രയിലാണ് ആ സംഭവം ഉണ്ടാവുന്നത്. ഞാനും ആര്യയും ഉള്‍പ്പടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.  പ്ലാമൂട് ജംഗഷനില്‍ വെച്ച് കാറിന്റെ പിറക് ഭാഗത്ത് ഇടത് വശത്തായി അതിവേഗതയില്‍ വന്ന ബസ്‌ ഇടിക്കാന്‍ വരികയാണ്. പെട്ടന്ന് കെഎസ്ആര്‍ടിസി ബസ്‌ ബ്രേക്ക് ഇടുന്നു. ഞങ്ങള്‍ സഞ്ചരിച്ച കാറിനോട് അത്രയും അടുത്ത് ബസ്‌ വന്നതോട് കൂടിയാണ് ആര്യയും ആര്യയുടെ സഹോദരന്റെ ഭാര്യയും കൂടി പിറകോട്ട് നോക്കുന്നത്. ആ സമയത്താണ് ഡ്രൈവര്‍ മോശമായ രീതിയില്‍ ലൈംഗിക ചേഷ്ട കാണിക്കുന്നത്.  ഉടനെ തന്നെ ആ ബസ്സ് അതിവേഗതയില്‍ പാസ് ചെയ്ത് പോയി. പക്ഷെ ആ സംഭവം  വാഹനത്തില്‍ ഉണ്ടായിരുന്ന ആര്യയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും മാനസിക പ്രയാസം ഉണ്ടാക്കി. ആ സമയത്ത് തന്നെ ഈ ബസ്സിന്റെ നമ്പര്‍ നോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനെ നിയമത്തിന്റെ വഴിക്ക് നേരിടാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതല്ലാതെ  ഞങ്ങളുടെ കാറ് ഉപയോഗിച്ച് ആ ബസ്‌ ചേസ് ചെയ്യാനൊന്നും ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. പിന്നീട് യാത്ര തുടരുമ്പോഴാണ് യൂണിവേഴ്‌സിറ്റിക്ക് സമീപം ഉള്ള സിഗ്‌നലില്‍ ആ ബസ്‌ നിര്‍ത്തിയതും ആ സമയത്ത് ഞങ്ങളുടെ വണ്ടി സൈഡിലൂടെ മുന്നിലേക്ക് എടുത്തതും.

ആ വഴി ഞങ്ങള്‍ക്ക് വീട്ടിലേക്ക് പോകാം എന്നുള്ളത് കൊണ്ടാണ് വണ്ടി മുന്നോട്ട് എടുത്തത്. ആ സമയത്താണ് ബസ്‌ ഡ്രൈവറുമായി തര്‍ക്കം ഉണ്ടാവുന്നത്. വീണ്ടും സിഗ്‌നലില്‍ വെച്ച് ആ ബസ് കണ്ടപ്പോള്‍ മനുഷ്യസഹജമായ ഒരു പ്രതികരണം ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. ആ ഡ്രൈവറുടെ രാഷ്ട്രീയം നോക്കിയോ ആ വ്യക്തിയോട് എന്തെങ്കിലും മുന്‍ വൈരാഗ്യം വെച്ചോ ഒന്നുമല്ല ആ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പ്രതികരണം. ആര്യയുടെ സഹോദരന്റെ ഭാര്യയും വളരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അവര്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും രാഷ്ട്രീയം ഉണ്ടായിട്ടല്ല അവരുടെ പ്രതികരണം. എന്ത് ആക്ഷനാണ് കാണിച്ചത് എന്നാണ് ആദ്യം തന്നെ ആര്യ ഡ്രൈവറോട് ചോദിച്ചത് അതാണ്  പരസ്പരം വാക്കുതര്‍ക്കം ഉണ്ടാവുന്നതിലേക്ക് എത്തുന്നത്. ആ ഡ്രൈവര്‍ പെരുമാറിയ രീതി ശരിയല്ലായിരുന്നു.ഞങ്ങളോട് എന്നല്ല ഒരാളോടും മോശമായി പെരുമാറാന്‍ പാടില്ല. തുടര്‍ന്ന് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത തെറ്റായ ഒരു കാര്യമാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ട് അധികാരത്തിന്റെ പ്രത്യേകമായ ഇമേജ് സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലി അല്ല എന്റേത്

സച്ചിന്‍ ബസില്‍ കയറിയിരുന്നോ?

ഡ്രൈവറുമായി തര്‍ക്കം നടക്കുന്ന സമയത്തും  ബസിലുണ്ടായിരുന്ന കണ്ടക്ടര്‍ വളരെ മാന്യമായാണ് സംസാരിച്ചത്. ബസ്സിന്റെ മുന്‍ഭാഗത്തെ ഫുട്‌ബോര്‍ഡില്‍ നിന്ന് ഞാന്‍ കണ്ടക്ടറോട് സംസാരിച്ചിരുന്നു. ഡ്രൈവര്‍ക്കെതിരെ എനിക്ക് പരാതിയുണ്ട് എന്നും  ഇങ്ങനെയാണോ വാഹനം ഓടിക്കേണ്ടത് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്തായിരിക്കും സ്ഥിതി എന്നുമാണ് പറഞ്ഞത്. അവിടെവച്ചാണ് ഞാന്‍ എനിക്ക്കൂടി ടിക്കറ്റ് പറയുന്നതും.  അതിനെയാണ് ഞാന്‍ ബസില്‍ കയറി എന്ന രീതിയില്‍ പറയുന്നത്. അതല്ലാതെ ഒരു യാത്രക്കാരനോടും ഞാന്‍ സംസാരിച്ചിട്ടില്ല, ഒരാളോടും ഞാന്‍ ഇറങ്ങി പോകാനും പറഞ്ഞിട്ടില്ല.  ആ സമയത്ത് തന്നെ ആര്യ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുകയും ചെയ്തിരുന്നു. ആ സമയത്ത് തന്നെ വകുപ്പ് മന്ത്രിയെയും വിളിച്ചു വിവരം അറിയിച്ചിരുന്നു. എന്താണ് ഉണ്ടായത് എന്ന് പരിശോധിക്കാം എന്ന് അദ്ദേഹവും പറഞ്ഞു. പോലീസ് വന്ന ശേഷമാണ് ഡ്രൈവറെ സീറ്റില്‍ നിന്നിറക്കിയത്, അതിന് ശേഷമാണ് യാത്രക്കാര്‍ ഇറങ്ങിപ്പോയത്. അതല്ലാതെ ബസ്‌ മുന്നോട്ട് പോവില്ല, നിങ്ങളെല്ലാവരും ഇറങ്ങണം എന്നൊരു വാക്ക് ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല.  പിന്നീട് ആ ബസ് അവിടുന്ന് കൊണ്ടുപോവുകയും ഞങ്ങള്‍ വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇക്കാര്യം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയും പ്രചരിപ്പിക്കുകയും ആണ് ഉണ്ടായത്. 

സൈബര്‍ ഇടങ്ങളിലും അല്ലാതെയും ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്?

ഒരു ഭാഗത്ത് ഇടതുപക്ഷ ആശയത്തില്‍ വിശ്വസിക്കുന്ന രണ്ട് ജനപ്രതിനിധികളോ നേതാക്കളോ ഉള്ളതുകൊണ്ട് മറുഭാഗത്തുള്ള തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ രക്ഷപ്പെട്ടു പോകാന്‍ പാടില്ല.  അങ്ങനെ ഒരാളെ രക്ഷപ്പെടുകയാണെങ്കില്‍ അതുകൊടുക്കുന്ന ഒരു തെറ്റായ സന്ദേശം ഉണ്ട്.  നാളെ ഇങ്ങനെ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഒരു പെണ്‍കുട്ടിയും പ്രതികരിക്കില്ല, സമൂഹവും അതിനോട് പ്രതികരിക്കാന്‍ മടി കാണിക്കും. പ്രതികരിക്കാന്‍ തയ്യാറാവേണ്ടവര്‍ ഭയം കൊണ്ട് മാറിനില്‍ക്കുന്ന സ്ഥിതി ഉണ്ടാകും. ജനപ്രതിനിധികളായ ഞങ്ങള്‍ പ്രതികരിച്ചിട്ട് പോലും ഇതിനെ ഈ രീതിയിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഉള്‍പ്പടെ കൈകാര്യം ചെയ്തത് എങ്കില്‍ നാളെ മറ്റൊരാള്‍ക്ക് ഈ ഗതി വന്നാല്‍ എന്തായിരിക്കും അവസ്ഥ? പ്രതികരിക്കാന്‍ ഭയം ഉണ്ടാവില്ലേ? സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുക, സ്ത്രീത്വം സംരക്ഷിക്കുക, വ്യക്തികളുടെ അഭിമാനം സംരക്ഷിക്കുക എന്നിവയൊന്നും വാക്കുകൊണ്ട് മാത്രം പറഞ്ഞാല്‍ പോരാ അത് പ്രാവര്‍ത്തികമാക്കേണ്ടതാണ്. പണ്ട് പ്രിയപ്പെട്ട കോടിയേരി ഇത്തരം അക്രമണങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളുണ്ട് ഞങ്ങള്‍ ഇതൊക്കെ സഹിക്കും, ഞങ്ങള്‍ക്ക് ഇതൊന്നും സഹിക്കുന്നത് ഒരു പ്രശ്‌നവുമില്ല, പക്ഷേ മറ്റെല്ലാവരും ഇത് സഹിക്കാന്‍ കഴിയുന്നവരാണ് എന്ന് കരുതേണ്ട അവര്‍ തകര്‍ന്നു പോകും എന്നാണ് അദ്ദേഹം പറഞ്ഞത്. പല കുടുംബങ്ങളും വ്യക്തികളും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ തളര്‍ന്നു പോയേക്കാം, മാനസികമായി അവശരായിപ്പോയേക്കാം. രാഷ്ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ച് ഞങ്ങള്‍ ഇതെല്ലാം നേരിടാന്‍ തയ്യാറായി തന്നെ രാഷ്ട്രീയത്തില്‍ വരുന്നവരാണ്. പക്ഷേ സാധാരണക്കാരായ എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും അങ്ങനെയാണെന്ന് കരുതരുത്. ഇത്തരം പ്രശ്‌നങ്ങള്‍ അവരുടെ ജീവിതത്തില്‍ വലിയ ആഘാതം ഉണ്ടായേക്കാം അതും മനസ്സിലാക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയണം. 

അതുകൊണ്ടാണോ സൈബര്‍ ആക്രമണങ്ങളെയും അപകീര്‍ത്തി പ്രസ്താവനകളേയും നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്?

ഇത്തരം രാഷ്ട്രീയപാദപ്രതിവാദങ്ങളെയും അതിന്റെ ഭാഗമായി ഉണ്ടാക്കുന്ന വിലകുറഞ്ഞ ആരോപണങ്ങളെയും അപകീര്‍ത്തികരമായ പ്രസ്താവനകളേയും ഞങ്ങള്‍ മുമ്പും കണ്ടിട്ടുണ്ട്. പക്ഷെ അതിനെ ആ നിലയ്ക്ക് മാത്രം കണ്ടവരാണ് ഞങ്ങള്‍. പക്ഷേ ഈ കാര്യത്തില്‍ ഇങ്ങനെയൊരു വിഷയം സംഭവിച്ചിട്ടും അതിനെ വക്രീകരിക്കാന്‍ വലിയ ശ്രമം നടക്കുകയാണ് ഉണ്ടായത്. ഇത്തരം കാര്യങ്ങളില്‍ പ്രതികരിച്ചു എന്നതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വളരെ മോശമായ  ചിത്രീകരിക്കുന്ന പ്രവണതയും സമീപകാലത്തായി ഉണ്ടാവുന്നുണ്ട്. ഇത്അം ഗീകരിക്കാന്‍ കഴിയുന്നതല. രാഷ്ട്രീയ പരമായ ഒരു വിയോജിപ്പ് ആണ് ഉയര്‍ത്തുന്നത് എങ്കില്‍ പ്രശ്‌നമില്ല. ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെങ്കില്‍ രാഷ്ട്രീയപരമായി വിയോജിച്ചോട്ടെ. പക്ഷേ മോശമായ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായിക്കൂടാ. ഈ നാട്ടിലെ എല്ലാ സ്ത്രീകള്‍ക്കും എതിരെ ഇത്തരം അവഹേളനങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ അത് സമൂഹിക പ്രശ്‌നമാണ്. കര്‍ശനമായ നിയമപരമായ നടപടികള്‍ ആവശ്യമുണ്ട്. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടു പോയത് അത്തരം പ്രചരണങ്ങള്‍ നടത്തിയ എല്ലാ പ്രൊഫൈലുകളും കണ്ടു പിടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പരാതിയും നല്‍കുകയും ചെയ്തിട്ടുണ്ട്. പരാതിയില്‍ പോലീസ് നടപടിയും എടുത്തു തുടങ്ങിയിട്ടുണ്ട്. 

മെമ്മറി കാര്‍ഡ് കാണാനില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ 

മെമ്മറി കാര്‍ഡ് വിഷയത്തില്‍ എനിക്കൊന്നും ആധികാരികമായിട്ട് അറിയാന്‍ കഴിയില്ല. ആ സംഭവത്തിന് ശേഷം ബസ്‌  എങ്ങോട്ട് പോയി എന്നോ എന്താണ് അവിടെ നടന്നതെന്നോ എനിക്ക് അറിയില്ല.

എംല്‍എയ്ക്കും മേയര്‍ക്കും അധികാരം തലയ്ക്കു പിടിച്ചു എന്ന കെ.സുരേന്ദ്രന്റെ വിമര്‍ശനത്തെ എങ്ങനെ വിലയിരുത്തുന്നു?

കെ സുരേന്ദ്രന്‍ ഒരു ഘട്ടത്തിലും കമ്മ്യൂണിസ്റ്റുകാരനായ, ഇടതുപക്ഷ ജന പ്രതിനിധിയായ ഒരാളെ അനുകൂലിച്ചു എന്തെങ്കിലും പറയുമെന്ന്  ഞാന്‍ ഒരു ഘട്ടത്തിലും കരുതുന്നില്ല. ബിജെപിക്കാരന്‍ ആയ ആര്‍എസ്എസ് കാരനായ അദ്ദേഹം അങ്ങനെയേ പറയൂ. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ശക്തമായ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മുന്നണിയുടെയും ഭാഗമാണ് ഞാനും ആര്യയും. 

പേപിടിച്ചു നാട്ടുകാരെ കടിക്കുന്ന ഒരു പേപ്പട്ടിയെ  ഞാന്‍ കല്ലെറിഞ്ഞാല്‍ പോലും ഒരു പാവം നായയെ  ഞാന്‍ കല്ലെറിഞ്ഞു എന്നുള്ള നിലയിലേ വ്യാഖ്യാനിക്കപ്പെടൂ. പത്ത് പേരെ കടിച്ച ഒരു തെരുവ് നായയെ മറ്റൊരു വഴിയുമില്ലാത്ത ഘട്ടത്തില്‍ കല്ലെടുത്തെറിഞ്ഞാലും സച്ചിന്‍ ദേവ് എംല്‍എ ഒരു പാവം പട്ടിയെ കല്ലെറിഞ്ഞൂ എന്നേ അദ്ദേഹത്തിന് പറയാന്‍ കഴിയൂ. പേപിടിച്ച പട്ടി നാട്ടുകാര്‍ക്ക് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പോലും ആരും ചര്‍ച്ച ചെയ്യില്ല - അദ്ദേഹം പറഞ്ഞു.