കൊല്ലം: കെ.എസ്.ആര്.ടി.സി.യില്‍ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാന്‍ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതല്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍.
ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡിവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനെ (കെ.ടി.ഡി.എഫ്.സി.) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്. ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെ.എസ്.ആര്.ടി സി.ക്ക് വായ്പ നല്‍കും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായും നല്‍കും.
ശമ്പളം കൃത്യമായി നല്‍കിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സര്‍ക്കാര്‍ നല്കുന്ന 50 കോടി രൂപയും കെ.എസ്.ആര്.ടി.സി.ക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും. ഇതുസംബന്ധിച്ച് അടുത്തിടെ സി.എം.ഡി., കേരള ബാങ്ക് അധികൃതര്‍, ബാങ്ക് കണ്‍സോര്‍ഷ്യം പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാര് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
എസ്.ബി.ഐ., പി.എന്‍.ബി., കനറാ ബാങ്ക് തുടങ്ങിയവ ഉള്‍പ്പെട്ട ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ കേരള ബാങ്കിനെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷനും മുദ്രപ്പത്രചെലവുകള്‍ക്കായി 9.62 കോടി രൂപ സര്‍ക്കാര്‍ ഒഴിവാക്കിനല്‍കിയിരുന്നു. ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തിലായി. കേരള ബാങ്കിനുള്ള നബാര്‍ഡിന്റെ അനുമതിമാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി ലഭിച്ചാല്‍ ഡിസംബര്‍ രണ്ടാംവാരംതന്നെ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ കേരള ബാങ്ക് ഉള്‍പ്പെടും.
ശബരിമല സീസണ് അവസാനിക്കുന്ന ജനുവരി രണ്ടാംവാരത്തിനുശേഷം അംഗീകൃത യൂണിയനുകളെ നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കുമെന്നതിനാല്‍ ഭരണകക്ഷി യൂണിയനുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഹിതപരിശോധനയില്‍ ഇത് മുഖ്യ പ്രചാരണവിഷയമാകാനും സാധ്യതയേറി.
Content Highlights: KSRTC will paid salaries on the first day of every month
Published: 20 Nov 2024, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented