കോഴിക്കോട്: കുറ്റ്യാടി ചുരത്തിലൂടെ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും കാരണം വൻ ദുരന്തം ഒഴിവായി.

To advertise here,

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. ചുരത്തിൽ എട്ടാം വളവിൽ എത്തിയപ്പോഴാണ് സംഭവം. പരിധിയിൽകൂടുതൽ ആളുകളുമായി ചുരം കയറേണ്ടിവന്നതിനാൽ വാഹനത്തിന്റെ ജോയിന്റും എയർ പൈപ്പും ഒടിയുകയായിരുന്നു.

നിയന്ത്രണംവിട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ കൂട്ട നിലവിളി ഉയർന്നു. ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ ബസിന്റെ പിൻഭാഗം വലതുഭാഗത്തെ ഭിത്തിയിൽ ഇടിപ്പിച്ചു നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട്ടുനിന്ന് വന്ന കെ.എസ്.ആർ.ടി.സി. ബസ് രാവിലെ 10 മണിയോടെയാണ് ചുരം കയറിയത്. എന്നാൽ, ചുരത്തിനു താഴെ പൂതംപാറ എന്ന സ്ഥലത്ത് മാനന്തവാടി ഡിപ്പോയുടെ മറ്റൊരു ബസ് ബ്രേക്ക്ഡൗൺ ആയി കിടപ്പുണ്ടായിരുന്നു. ഇതോടെ ഇതിലെ ആളുകൾ കോഴിക്കോട്ടുനിന്ന് വന്ന ബസിലേക്ക് കയറി. കുറച്ചുപേർ ഇറങ്ങിത്തരണമെന്ന് ഡ്രൈവറും കണ്ടക്ടറും ആവശ്യപ്പെട്ടെങ്കിലും പുറത്ത് നല്ല മഴയായതിനാൽ ആരും ഇറങ്ങാൻ തയ്യാറായില്ല. കുറച്ചുസമയം പൂതംപാറയിൽ നിർത്തിയിട്ടശേഷം ബസ് ചുരം കയറുകയായിരുന്നു.