തിരുവനന്തപുരം:  സച്ചിന്‍ ദേവ് എം.എല്‍.എ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസ് എടുക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് കെ.കെ രമ എം.എല്‍.എ.

To advertise here,

'മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നിമിഷങ്ങള്‍ക്കകം നടപടി ഉണ്ടാവുന്ന സംസ്ഥാനമാണിത്. അതേ സ്ഥലത്താണ് ഒരു ജനപ്രതിനിധി നല്‍കിയ പരാതിയില്‍ പോലീസ് നിസ്സംഗത പാലിക്കുന്നത്. പരാതി നല്‍കിയിട്ട് ഏഴ് ദിവസം കഴിഞ്ഞു. കേസ് എടുക്കാന്‍ പറ്റില്ലെന്ന് സൈബര്‍ സെല്‍ പറഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്'. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെകെ രമ പറഞ്ഞു.

നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നു എന്ന് ആരോപിച്ചാണ് കെ.കെ രമ പരാതി നല്‍കിയത്. 

ഒരു നിയമസഭാംഗത്തിന്റെ പേരില്‍ അപകീര്‍ത്തികരമായ കള്ളപ്രചരണങ്ങള്‍ നടത്തുകയും ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു എം.എൽ.എയുടെ പരാതി.

'വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ചുകൊണ്ട്‌ സച്ചിന്‍ദേവ് എനിക്കെതിരെ പോസ്റ്റിടുന്നു. ഇത് മറ്റുള്ളവര്‍ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. ഒരു എം.എല്‍.എ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സത്യം തിരിച്ചറിയണം. മറിച്ച് ഇത്തരത്തില്‍ നീങ്ങുന്നത് വളരെ അപകീര്‍ത്തികരമായ കാര്യമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്'-കെ.കെ രമ പറഞ്ഞു.