തിരുവനന്തപുരം: പുതിയ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സര്‍വകലാശാലാ നിയമഭേദഗതിയില്‍ സെനറ്റ് പുനഃസംഘടന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചുള്ള നിയമഭേദഗതിയില്‍ സെനറ്റില്‍ തൊടാതെ, സിന്‍ഡിക്കേറ്റിന്റെ വലുപ്പംമാത്രം കുറച്ചാല്‍മതിയെന്നാണ് വ്യവസ്ഥ. വിദ്യാര്‍ഥികളുടെ ബിരുദം അംഗീകരിക്കാനുള്ള അധികാരം സെനറ്റില്‍നിന്ന് സിന്‍ഡിക്കേറ്റിലേക്ക് മാറ്റാനും മന്ത്രിസഭായോഗം അംഗീകരിച്ച സര്‍വകലാശാലാ നിയമഭേദഗതി ബില്‍ വ്യവസ്ഥചെയ്തു.

To advertise here,

സിന്‍ഡിക്കേറ്റില്‍ 15 അംഗം മതിയെന്നാണ് ശ്യാം ബി. മേനോന്‍ കമ്മിഷന്റെ ശുപാര്‍ശ. സെനറ്റിന്റെ വലുപ്പംകുറച്ച് 'ബോര്‍ഡ് ഓഫ് റീജന്റ്സ്' ആയി പുനഃസംഘടിപ്പിക്കാനും ശുപാര്‍ശചെയ്തിരുന്നു. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കി സെനറ്റും സിന്‍ഡിക്കേറ്റും അക്കാദമികസമിതികളാക്കി പരിവര്‍ത്തിപ്പിക്കാനാണ് ഈ ശുപാര്‍ശ.

നിലവില്‍ പല സിന്‍ഡിക്കേറ്റിലും 25 അംഗംവരെയുണ്ട്. ഇനി 18 അംഗ സിന്‍ഡിക്കേറ്റ് മതിയെന്നാണ് പുതിയഭേദഗതി. അധ്യാപക-വിദ്യാര്‍ഥി പ്രതിനിധികളുടെ എണ്ണം കുറയ്ക്കില്ല. ഇതരവിഭാഗങ്ങളുടെ എണ്ണം കുറച്ച്, അക്കാദമികപ്രാതിനിധ്യം ഉറപ്പാക്കും. സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യുന്നവരുടെ എണ്ണവും കുറയും. സര്‍വകലാശാലാ ഭരണത്തില്‍ ദൈനംദിന ഇടപെടലിനുപകരം, നയപരമായ സമിതിയായി സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും.

കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചുള്ള സെനറ്റ് ഉടച്ചുവാര്‍ക്കല്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീടതു വേണ്ടെന്നുവെച്ചു. സെനറ്റിലേക്ക് പത്തിലേറെപ്പേരെ നാമനിര്‍ദേശംചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. സെനറ്റ് ഘടന മാറ്റിയാല്‍ ഈ വ്യവസ്ഥയില്‍ മാറ്റംവരുത്തേണ്ടിവരും. അത്തരമൊരു നടപടി ഗവര്‍ണറെ പ്രകോപിപ്പിക്കാനും രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ പിന്മാറ്റം.

മറ്റു ഭേദഗതികള്‍

  • ഈസ് ഓഫ് ഡൂയിങ് എജുക്കേഷന്‍ ഉറപ്പാക്കി അക്കാദമികസ്വാതന്ത്ര്യം
  • വിദ്യാര്‍ഥികള്‍ക്ക് കോളേജും സര്‍വകലാശാലകളും മാറാം
  • ക്രെഡിറ്റ് കൈമാറ്റവും അക്കാദമികസേവനങ്ങളും അവകാശമാക്കും
  • ക്ലാസെടുക്കല്‍ മാത്രമല്ല, അനുഭവാധിഷ്ഠിത അധ്യയനവും മെന്ററിങ്ങും അധ്യാപകരുടെ ഉത്തരവാദിത്ത്വം
  • അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പൗരാവകാശപത്രിക