കൊല്ലം: മണിയാർ ചെറുകിട വൈദ്യുത പദ്ധതി 30 വർഷത്തേക്ക് കാർബൊറാണ്ടം യൂണിവേഴ്സലിനു നൽകുന്നതിലെ നിയമക്കുരുക്ക് ഒഴിവാക്കാൻ വൈദ്യുതിനയത്തിലും തിരുത്ത്. 2013-ലെ വൈദ്യുതിനയം അനുസരിച്ച് കെ.എസ്.ഇ.ബി.യുടെ അണക്കെട്ടിലെ വെള്ളം കെ.എസ്.ഇ.ബി.ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഈ ഭാഗത്താണ് തിരുത്ത് വരുത്തുന്നത്. വെള്ളം കെ.എസ്.ഇ.ബി.ക്കോ സർക്കാർ തീരുമാനിക്കുന്ന ഏജൻസികൾക്കോ ഉപയോഗിക്കാമെന്നാണ് തിരുത്ത്.

To advertise here,

സർക്കാർ പുറത്തിറക്കിയിട്ടുള്ള പുതിയ വൈദ്യുതിനയത്തിന്റെ ഡ്രാഫ്റ്റിൽ ഇക്കാര്യം വ്യകതമാക്കിയിട്ടുണ്ട്. കാർബൊറാണ്ടം കമ്പനിക്ക് പദ്ധതി കൈമാറുന്നതിനെ കോടതിയിൽ ചോദ്യംചെയ്യുന്നത് തടയാനാണിതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. നാല്-അഞ്ച് വർഷങ്ങൾക്കുള്ളിൽ കരാർ അവസാനിക്കുന്ന മറ്റ് സ്വകാര്യ കമ്പനികളുടെ കരാർ പുതുക്കാനും ഈ തിരുത്ത് സഹായകമാകും.

കാർബൊറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡുമായി, കെ.എസ്.ഇ.ബി. ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്‌ഫർ (ബൂട്ട്) വ്യവസ്ഥ പ്രകാരം 30 വർഷത്തേക്ക് കരാറിൽ ഒപ്പിട്ടത് 1991 മേയ് 18-നാണ്. 2013-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വൈദ്യുതിനയം നലവിൽവന്നത്. അതുകൊണ്ടുതന്നെ 1991-ലെ കരാറിന് ഈ വ്യവസ്ഥ ബാധകമായില്ല. കെ.എസ്.ഇ.ബി.യുടെ ശബരിഗിരി (മൂഴിയാർ) ജലവൈദ്യുത പദ്ധതിയിലെ വെള്ളമാണ് മണിയാർ ചെറുകിട പദ്ധതിയിൽ ഉപയോഗിക്കുന്നത്. നിലവിലെ വൈദ്യുതിനയമനുസരിച്ച് കാർബൊറാണ്ടം കമ്പനിയുമായുള്ള കരാർ പുതുക്കാനാകില്ല.

കാർബൊറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ് 1994-ൽ ഉത്പാദനം തുടങ്ങി. 2024 ഡിസംബറിൽ കരാർ കാലാവധി പൂർത്തിയാക്കി. കാലാവധി കഴിഞ്ഞാൽ ജനറേറ്റർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളടക്കം സംസ്ഥാനത്തിനു കൈമാറണമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്നു കാണിച്ച് കെ.എസ്.ഇ.ബി. ഊർജവകുപ്പിന് കത്ത് നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. സ്വകാര്യ കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും കരാർ പുതുക്കിയിട്ടില്ല.