തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലംമാറ്റം. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സി.ആർ. ബിജു എന്നിവരെയാണ് സ്ഥലംമാറ്റിയത്. പേലീസ് സേനയിലെ അറിയപ്പെടുന്ന ഇടത് അനുകൂല നേതാക്കളാണ് ഇരുവരും.
കഴിഞ്ഞ പത്ത് വർഷമായി സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്മാരാണ് ഇരുവരും. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ആർ. പ്രശാന്ത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒ ആയിട്ടാണ് അദ്ദേഹത്തെ നിലവിൽ സ്ഥലംമാറ്റിയിരിക്കുന്നത്.
കൊച്ചിയിൽ സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ബിജു. കൊച്ചി സിറ്റി പോലീസിലേക്കാണ് അദ്ദേഹത്തെ താൽകാലികമായി മാറ്റിയിരിക്കുന്നത്. ബിജുവിനെ ഏത് പോലീസ് സ്‌റ്റേഷനിലേക്കാണ് സ്ഥലം മാറ്റേണ്ടതെന്ന് സിറ്റി പോലീസ് കമ്മീഷണറാണ് തീരുമാനിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസങ്ങളിൽതന്നെ ഉണ്ടാകും.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംസ്ഥാന പോലീസ് മേധാവി പ്രശാന്തിന്റെയും ബിജുവിന്റെയും സ്ഥലംമാറ്റം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 10 വർഷമായി ഇരുവരും പോലീസ് യൂണിഫോം ഇട്ടിട്ടില്ല, അതുകൊണ്ടാണ് ലോ ആൻഡ് ഓർഡറിലേക്ക് മാറ്റിയിരിക്കുന്നത് എന്നാണ് പോലീസിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ സൂചിപ്പിക്കുന്നത്.
അതേസമയം, ജനറൽ ട്രാൻസ്ഫറിന് പകരം പ്രത്യേകം ഉത്തരവിലൂടെ സംസ്ഥാന പോലീസ് മേധാവി ഇത്തരത്തിൽ ഒരു സ്ഥലംമാറ്റ നടപടി എടുത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ട് എന്നാണ് പോലീസ് അസോസിയേഷൻ ആരോപിക്കുന്നത്. നേരത്തേ ഭരണത്തിലുണ്ടായിരുന്ന സർക്കാരിന് അനുകൂലമായി നിന്ന നേതാക്കൾക്കുനേരെ ഇത്തരത്തിലുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.
വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി തൊട്ടടുത്ത ദിവസങ്ങളിൽതന്നെ അത്തരം നടപടികളിലേക്ക് കടന്നിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: State Police Association President R. Prashanth and Secretary C.R. Biju transferred. Transition from Special Branch to Law and Order duties after 10 years. Action taken immediately following the 2026 UDF government formation. Police Association alleges political motivation behind the sudden reshuffle.
Published: 19 May 2026, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented