
കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ, മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കുകൾ സംബന്ധിച്ച പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സർക്കാർ ധവളപത്രം പുറത്തുവിടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറിയും കേരളയാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ പൂർണവിവരങ്ങൾ, സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും കണക്കുകൾ എന്നിവയുടെ ജില്ലകളും സമുദായവും ജാതികളും തിരിച്ചുള്ള കണക്കുകൾ പുറത്തുവിടണം.
വെള്ളാപ്പള്ളി നടേശൻ വെള്ളിയാഴ്‌ച മുസ്‌ലിം ലീഗിനെതിരേ നടത്തിയ പരാമർശങ്ങളോട് ഖലീൽ തങ്ങൾ പ്രതികരിച്ചില്ല. മുസ്‌ലിം ജമാഅത്ത് രാഷ്‌ട്രീയസംഘടനയല്ല. അദ്ദേഹത്തിന്റെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടത് രാഷ്‌ട്രീയപാർട്ടികളും സർക്കാരുമാണ്. സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും ഉണ്ടാകരുതെന്നാണ് മുസ്‌ലിം ജമാഅത്ത് ആഗ്രഹിക്കുന്നത്. വിഭാഗീയതയുണ്ടാക്കുന്നവർ ആരായാലും സമൂഹത്തിൽ ഒറ്റപ്പെടുകയാണു ചെയ്യുക. അത്തരം നിലപാടുകൾ അവസാനിപ്പിക്കണം- അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നേട്ടങ്ങൾ ഇല്ലാതാക്കും
കേരളത്തിൽ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്ന ഒരു ഏജൻസിയെ മലപ്പുറത്ത് സ്‌കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ലെന്ന പ്രസ്താവന സമൂഹത്തിൽ ധ്രുവീകരണത്തിലേക്കു നീങ്ങാനുള്ള സാധ്യതയൊരുക്കുമെന്ന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പ്രസ്താവനയിൽ പറഞ്ഞു.
സ്‌കൂളുകൾ തുടങ്ങാൻ വ്യവസ്ഥാപിതമായ സംവിധാനങ്ങളും അതിനാവശ്യമായ നിയതമായ പ്രക്രിയകളും നിലവിലുള്ള ഒരിടത്തുവെച്ചാണ് തെറ്റിദ്ധാരണാജനകമായ ഇത്തരം പ്രസ്താവനകൾ തുടരെത്തുടരെ നടത്തുന്നത്. ഇതിങ്ങനെ തുടരാൻ അനുവദിക്കുന്നത് കേരളം സ്വന്തമാക്കിയ പല നേട്ടങ്ങളെയും തിരിച്ചുപിടിക്കാൻ കഴിയാത്തവിധം ഇല്ലാതാക്കും -പ്രസ്താവനയിൽ പറയുന്നു.
Content Highlights: Kerala Muslim Jama`at calls for a government white paper on educational institutions, citing Vellappally Natesan`s statements. Demand for community-wise data.
Published: 03 Jan 2026, 08:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented