തിരുവനന്തപുരം: സത്യപ്രതിജ്ഞകഴിഞ്ഞ് രണ്ടുദിവസമായിട്ടും മന്ത്രിമാർക്കുള്ള വകുപ്പുകൾ ഏതെന്ന് വ്യക്തമാക്കി വിജ്ഞാപനമിറങ്ങിയില്ല. സർക്കാരിന്റെ രണ്ടാം മന്ത്രിസഭായോഗം ബുധനാഴ്ച ചേരുകയാണ്. ഇതിലേക്ക് വകുപ്പില്ലാമന്ത്രിമാരായാണ് മുഖ്യമന്ത്രിയടക്കം എത്തുന്നത്.

To advertise here,

വകുപ്പുവിഭജനത്തിന്റെ തർക്കങ്ങൾ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും അണയാതെ നിൽക്കുന്നതാണ് പ്രശ്‌നം. ഇതോടെ, മന്ത്രിമാർ മണ്ഡലങ്ങളിലും ജില്ലകളിലും മറ്റുമായുള്ള സ്വീകരണങ്ങളിലേക്ക് ഒതുങ്ങി. മന്ത്രി ആരാകുമെന്നറിയാത്ത ഉദ്യോഗസ്ഥർ നെട്ടോട്ടത്തിലുമാണ്. ഫയലുകളൊന്നും മന്ത്രിമാർക്ക് അയക്കാൻ കഴിയുന്നില്ല.

പുറത്തുവന്ന സൂചനകൾ അനുസരിച്ച് വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ മന്ത്രിമാരുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും, വകുപ്പുറപ്പാക്കാത്തതിനാൽ മന്ത്രിമാർക്ക് ഒന്നും പറയാനാകാത്ത സ്ഥിതിയാണ്. ഷിബു ബേബി ജോണിന് വനം വകുപ്പായിരിക്കുമെന്ന് വാർത്തവന്നതോടെ ആ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിനെ കാണാനെത്തിയിരുന്നു. എന്നാൽ, കാര്യമായ ഇടപെടൽ വകുപ്പിൽ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ആഭ്യന്തര-വിജിലൻസ് വകുപ്പിന്റെ മന്ത്രി രമേശ് ചെന്നിത്തലയായിരിക്കുമെന്ന ഉറപ്പ് എല്ലാവർക്കുമുണ്ട്. അതിനാൽ ഭരണനടപടികൾ തുടങ്ങാൻ അദ്ദേഹത്തിനായി. മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നടപടിയായി.

ധനവകുപ്പിന്റെ കാര്യത്തിലും തർക്കമില്ല. മുഖ്യമന്ത്രിയുടെ ചുമതലയിലാണത്. അതിനാൽ, ധവളപത്രം ഇറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചൊവ്വാഴ്ച തിരക്കിട്ട യോഗങ്ങളാണ് നടന്നത്.

ഇന്ദിരാഗാരന്റിയുടെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. സി.പി. ജോണിനായിരിക്കും ഗതാഗതവകുപ്പെന്നാണ് പുറത്തുവന്ന വാർത്തകൾ. വിജ്ഞാപനമിറങ്ങാത്തതിനാൽ അദ്ദേഹത്തിന് അതിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല. വകുപ്പുകളെല്ലാം നിശ്ചയിച്ചുകഴിഞ്ഞെന്നും ഗവർണർ സ്ഥലത്തില്ലാത്തിനാലാണ് ഔദ്യോഗിക വിജ്ഞാപനം ഇറക്കാനാകാത്തതെന്നുമാണ് സർക്കാരിൽനിന്നുള്ള വിശദീകരണം.

പൊതുമരാമത്ത്: മുൻതൂക്കം ബഷീറിന്

മലപ്പുറം പൊതുമരാമത്ത് വകുപ്പ് ലീഗിന് ഉറപ്പിച്ചെങ്കിലും ആർക്ക് ചുമതല നൽകണമെന്ന് അന്തിമമായി തീരുമാനിക്കാനായിട്ടില്ല. പി.കെ. ബഷീറും വി.എ. അബ്ദുൽ ഗഫൂറുമാണ് രംഗത്തുള്ളത്. ആദ്യമായി നിയമസഭാംഗമായ ഗഫൂറി ന് സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന ചോദ്യമുയരുന്നു ണ്ട്. സീനിയോറിറ്റി മുൻനിർത്തിയാണ് നാലാംതവണ എം.എൽ.എ.യായ പി.കെ. ബഷീറിന്റെ നീക്കങ്ങൾ. അവസാനഘട്ട ചർച്ചയിൽ ബഷീറിനാണ് മുൻതൂക്കം. ന്യൂനപക്ഷ ക്ഷേമമടക്കം ഗഫൂറിന് നൽകിയേക്കും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐ.ടി., എൻ. ഷംസുദ്ദീന് വിദ്യാഭ്യാസം, കെ.എം. ഷാജിക്ക് തദ്ദേശ സ്വയംഭരണം എന്ന രീതിയിൽ ധാരണയായി.